
കോന്നി: വഞ്ചിനാട് എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ചെമ്മാനി എസ്റ്റേറ്റിലെ റോഡിൽ ഇന്നലെ രാത്രി പത്തോടെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കൾ വീണ്ടും കടുവയെ കണ്ടു. സമീപത്തെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കുമ്പഴത്തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളി ബുധനാഴ്ച രാത്രി കടുവയുടെ മുന്നിൽ അകപ്പെട്ടിരുന്നു.
ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് വ്യാഴാഴ്ച രാത്രി ബൈക്കിൽ യാത്ര ചെയ്ത യുവാക്കൾ കടുവയെ കണ്ടത്. കോന്നി-തണ്ണിത്തോട് റോഡിലെ കൊന്നപ്പാറ ചെങ്ങറ മുക്കിൽ നിന്ന് അട്ടച്ചാക്കൽ കുമ്പളംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകട പടിയിലെത്തുന്ന ചെമ്മാനി എസ്റ്റേറ്റിൽ കൂടിയുള്ള പഞ്ചായത്ത് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ റബർ പാൽ സംഭരിക്കുന്ന ഷെഡിന് സമീപത്ത് കടുവയെ കണ്ടതായാണ് യുവാക്കൾ പറയുന്നത്.
ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിലെ കുറുമ്പെറ്റി ഡിവിഷനിൽ ബുധനാഴ്ചയാണ് ടാപ്പിംഗ് തൊഴിലാളിയായ മോനച്ചൻ കടുവയെ കണ്ടത്. എട്ട് റബർ മരങ്ങൾ ടാപ്പ് ചെയ്ത ശേഷം ഒൻപതാമത്തെ മരത്തിന്റെ ടാപ്പിംഗിനായി നീങ്ങിയ സമയത്താണ് കരിയില അനങ്ങുന്ന ശബ്ദം കേട്ടത്. ഹെഡ്‌ലൈറ്റ് അടിച്ചുനോക്കിയപ്പോൾ ചുവന്ന കണ്ണുകൾ തിളങ്ങി. ലൈറ്റ് നല്ലതുപോലെ അടിച്ചപ്പോൾ തല ഉയർത്തി. കടുവയെ ശരിക്കും കണ്ടു. പിന്നെ ജീവനും കൊണ്ട് ഓടി.
സുഹൃത്തുക്കളായ മറ്റ് ടാപ്പിംഗ് തൊഴിലാളികളെയും വിവരം അറിയിച്ചു. എല്ലാവരും കൂടി ഓടി രക്ഷപ്പെട്ടു. ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വലപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കണ്ടത് ബൈക്ക് യാത്രക്കാർ
വേനൽക്കാലമായതിനാൽ കാൽപാദം കണ്ടെത്താനായില്ല
മോനച്ചൻ പറഞ്ഞ ലക്ഷണങ്ങൾ അനുസരിച്ച് കടുവയാണെന്ന് വനപാലകർ
ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഹാരിസൺ മലയാളം കമ്പനി രാത്രി ഡ്യൂട്ടിക്ക് രണ്ട് വാച്ചർമാരെ നിയോഗിച്ചെങ്കിലും കടുവയെ പേടിച്ച് ഇവർ എത്തിയില്ല
തോട്ടം തൊഴിലാളികൾ ഭീതിയിൽ
മലയോര വാസികളും ആശങ്കയിൽ
കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിൽ വിടാനും ഭയപ്പെടുന്നു
കൂട് സ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് വനപാലകർ
പുലർച്ചെ രണ്ടിനും മൂന്നിനും ടാപ്പിംഗിന് പോകരുത്. വെളിച്ചം വീണ ശേഷമേ ടാപ്പിംഗിന് പോകാവൂ.
വനപാലകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |