
ന്യൂഡൽഹി: രാജ്യം പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനമായി ആലപ്പുഴ സ്വദേശിനി എംഎസ് ദേവകിയമ്മയ്ക്ക് പത്മശ്രീ. പരിസ്ഥിതി സംരക്ഷണ രംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിക്കും. ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന ഗ്രാമത്തിൽ സ്വന്തമായി ഒരു വനം തന്നെ വച്ചുപിടിപ്പിച്ച ദേവകിയമ്മ, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തിന് കാട്ടിക്കൊടുത്ത വ്യക്തിത്വമാണ്.
ഒരു വാഹനാപകടത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന കാലത്താണ് ദേവകിയമ്മ തന്റെ വീട്ടുപരിസരത്ത് ചെടികൾ നട്ടുപിടിപ്പിച്ചു തുടങ്ങിയത്. പിൽക്കാലത്ത് ഇത് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ വനമാക്കി മാറ്റുന്ന പ്രവർത്തനമായി മാറി. കൃഷി പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ദേവകിയമ്മ, വനത്തിനും ജീവജാലങ്ങൾക്കും അവയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് ജീവിതത്തിൽ നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട 'മുതുകുളം വനം' ഇന്ന് നിരവധി അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പത്മ പുരസ്‌കാര നിർണയത്തിൽ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് ദേവകിയമ്മയുടെ ഈ നേട്ടം. പ്രശസ്തിയുടെ ലോകത്തിന് പുറത്ത് നിന്ന് നിശബ്ദ സേവനം നടത്തുന്നവരെ ആദരിക്കാനായി ഏർപ്പെടുത്തിയ 'അൺസംഗ് ഹീറോസ്' എന്ന വിഭാഗത്തിലാണ് ദേവകിയമ്മ ഉൾപ്പെട്ടത്. ഇത്തവണ പ്രഖ്യാപിച്ച പട്ടികയിലെ ആദ്യ 45 പേരിൽ ദേവകിയമ്മയും ഇടംപിടിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ 'വനമിത്ര'പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ദേവകിയമ്മയെ തേടിയെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |