
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കാലാവധി തീരാറായതോടെ കോർപ്പറേഷനുകളിലും ബോർഡുകളിലും അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പി.എസ്.സിയെ നോക്കുകുത്തിയാക്കി പാർട്ടി ബന്ധുക്കൾക്കായി നടത്തുന്ന ഈ നിയമനങ്ങൾ യുവജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ്. വൈദ്യുത മന്ത്രാലത്തിന് കീഴിലുള്ള അനർട്ടിൽ എല്ലാ താത്കാലിക ജീവനക്കാരെയും പദ്ധതി അവസാനിക്കുന്നതു വരെ നിലനിറുത്തണമെന്നാവശ്യപ്പെട്ട് മുൻ സി.എ.ഒ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കോടികളുടെ അഴിമതിയിൽ ആരോപണവിധേയനായി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട മുൻ സി.ഇ.ഒയുടെ ശുപാർശയാണ് സർക്കാർ പരിഗണിച്ചത്. അനർട്ടിലെ നിയമനങ്ങളിൽ സ്റ്റാറ്റസ് കോ നിലനിറുത്തണമെന്ന 2021ലെ ഹൈക്കോടതി വിധിയും കാറ്റിൽ പറത്തി. പത്തു വർഷത്തിനിടെ,ഭരണഘടനാവിരുദ്ധമായി രണ്ടു ലക്ഷത്തിലേറെ പിൻവാതിൽ നിയമനങ്ങളാണ് പിണറായി സർക്കാർ നടത്തിയത്. കേരളത്തിൽ വർഷം 33,000 ഒഴിവുകളാണ് താത്കാലികാടിസ്ഥാനത്തിലുള്ളത്. എന്നാൽ കണക്കു പ്രകാരം ഇതിൽ മൂന്നിലൊന്നേ എംപ്ളോയ്മെന്റ് എക്സ്‌ചേഞ്ചിലൂടെ നടന്നുള്ളൂ. ബാക്കി 22,000 ഒഴിവുകൾ സി.പി.എം,ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധുക്കൾക്ക് വീതം വച്ചത്. യോഗ്യരായ യുവജനങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്ന ഈ രീതി നിറുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |