
തിരുവനന്തപുരം: മൂന്ന് മാസത്തിനുള്ളിൽ തൊഴിൽ - നൈപുണ്യ മേഖലയിൽ ബൃഹത്ത് പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി മേഖലയെ അഞ്ചായി വിഭജിക്കും. പദ്ധതിയുടെ ഭാഗമായി യുവജനതയ്ക്ക് നൈപുണ്യ പരിശീലനം നേടുന്നതിന് 'കണക്ട് ടു വർക്ക്" പദ്ധതിയിലൂടെ മാസം 1,000 രൂപ സ്റ്റൈപ്പൻഡ് അനുവദിക്കുന്നുണ്ട്. 'പഠനത്തോടൊപ്പം തൊഴിൽ" സംസ്കാരം വളർത്തുന്നതിനുള്ള 'കർമ്മചാരി" പദ്ധതി ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.
വിദേശ തൊഴിലന്വേഷകർക്കായി ജർമ്മനിയിലെ ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിംഗിലൂടെ മാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡിന് അവസരമൊരുക്കും. ഇതിനായി ഫെബ്രുവരിയിൽ ഇന്ത്യ-ജർമ്മൻ ട്രെയിനിംഗ് ഫെയർ സംഘടിപ്പിക്കും. ജർമ്മനിയിലെ ഹെസൻ സംസ്ഥാനവുമായുള്ള ധാരണാപത്രം മാർച്ചിൽ ഒപ്പിടും.
കൊട്ടാരക്കരയിൽ ഡ്രോൺ ഇന്നോവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കും. ഇതിന്റെ ട്രാൻസിറ്റ് ക്യാമ്പ് ഫെബ്രുവരിയിൽ എഴുകോൺ പോളിടെക്നിക്കിൽ ആരംഭിക്കും. 482 കോടി രൂപയ്‌ക്ക് സംസ്ഥാനത്തെ ഐ.ടി.ഐകൾ നവീകരിക്കും. വർക്കല, പെരിങ്ങോം, കുറ്റിക്കോൽ, മണിയൂർ ഐ.ടി.ഐകളുടെ പുതിയ കെട്ടിടങ്ങൾ ഫെബ്രുവരിയിൽ തുറന്നുകൊടുക്കും. തിരുവനന്തപുരം ചാലയിൽ 45 കോടി രൂപയുടെ സ്‌കിൽ കോംപ്ലക്‌സിന്റെ നിർമ്മാണോദ്ഘാടനം മാർച്ചിൽ നടക്കും. കണ്ണൂരിലും തൃശൂരിലും മോഡൽ കരിയർ സെന്ററുകൾ സജ്ജമായി. കോഴിക്കോട് മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഈമാസം അവസാനം തുടങ്ങും.
തൊഴിലാളികൾക്ക് അഞ്ച് ലക്ഷം ഇൻഷ്വറൻസ്
തൊഴിലാളികൾക്കായി അഞ്ച് ലക്ഷം രൂപയുടെ അപകടമരണ ഇൻഷ്വറൻസ് പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും. 150 രൂപയാണ് തൊഴിലാളി വിഹിതം. ഫാക്ടറി തൊഴിലാളികൾക്ക് 12 ഭാഷകളിൽ പരാതി നൽകാവുന്ന മൊബൈൽ ആപ്പ് ഫെബ്രുവരിയിൽ പുറത്തിറക്കും. മോട്ടോർ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും. ശബരിമല സ്വർണക്കടത്ത് കേസിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |