
തിരുവനന്തപുരം: ശശി തരൂർ എംപി സിപിഎമ്മിലേക്ക് പോകുമെന്ന വാർത്ത തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഒരു നേതാവ് സിപിഎം എന്ന മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യ ബോധമുള്ള ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് ചില അസംതൃപ്തികൾ ഉണ്ടായിരിക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
'ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂർ ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശയാണ്. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് ചില അസംതൃപ്തികൾ ഉണ്ടായിരിക്കാം. പ്രത്യേകിച്ച്, മഹാപഞ്ചായത്ത് സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാത്തതിൽ തരൂരിന് വിഷമമുണ്ടെന്ന് മനസിലാക്കുന്നു. എന്നാൽ ഇത് രാഹുൽ ഗാന്ധിയുടെ തെറ്റല്ല. രാഹുലിന് നൽകിയ ലിസ്റ്റ് അദ്ദേഹം വായിക്കുക മാത്രമാണ് ചെയ്തത്. തരൂരിനെ മനഃപ്പൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല.
ഈ വിഷയത്തിലെ ഗൗരവം ഉൾകൊണ്ടുതന്നെ രാഹുൽ ഗാന്ധി നേരിട്ട് ശശി തരൂരുമായി സംസാരിച്ച് അദ്ദേഹത്തിന്റെ പ്രയാസങ്ങൾ നീക്കുമെന്നാണ് കരുതുന്നത്. തരൂർ ഒരു പൂർണസമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ട് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം. ഡൽഹിയിൽ നടന്ന ചർച്ചകളിൽ നിന്നും എന്നെപ്പോലെയുള്ള നേതാക്കളെ ഒഴിവാക്കിയിട്ടും ഞാൻ പരാതി പറയാത്തത് പാർട്ടി ഇപ്പോൾ ഒരു യുദ്ധമുഖത്ത് നിൽക്കുന്നതുകൊണ്ടാണ്.
തിരഞ്ഞെടുപ്പ് സമയമായതിനാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതില്ല. പാർട്ടി ഒറ്റക്കെട്ടായി നീങ്ങി വിജയിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടിയുടെ വിജയത്തിന് ശശി തരൂരിന്റെ സേവനം അത്യാവശ്യമാണ്. ശശി തരൂർ കോൺഗ്രസിനൊപ്പം തന്നെ ഉറച്ചുനിൽക്കും. പാർട്ടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കും'- മുരളീധരൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |