SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

മകരവിളക്ക് ദിവസം ശബരിമലയിൽ അതിക്രമിച്ച് കയറി ഷൂട്ടിംഗ്; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Increase Font Size Decrease Font Size Print Page
anuraj-manohar

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു. കൊച്ചിയിലെ വീട്ടിൽ എത്തിയാണ് മൊഴിയെടുത്തത്. ഷൂട്ടിംഗ് നടന്നത് പമ്പ ഹിൽ ടോപ്പിലാണെന്നാണ് അനുരാജ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇന്ന് വൈകിട്ടോടെ ദേവസ്വം വിജിലൻസ് എസ് പി അന്വേഷണ റിപ്പോർട്ട് ദേവസ്വം അദ്ധ്യക്ഷന് നൽകും.

വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് ഇന്നലെ അനുരാജ് മനോഹറിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തത്. റാന്നി ഡിവിഷൻ മേഖലയിലെ പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാൽ, സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി തേടിയിട്ട് ലഭിക്കാത്തതിനാൽ പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നാണ് സംവിധായകന്റെ വാദം.

'സന്നിധാനത്ത് മാദ്ധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വച്ചു കണ്ടു. അദ്ദേഹമാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെ' എന്നായിരുന്നു അനുരാജ് മനോഹറിന്റെ പ്രതികരണം.

മകരവിളക്കിന് മുൻപായി സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തുന്നതിന് അനുമതി തേടി ദേവസ്വം പ്രസിഡന്റ് കെ ജയകുമാറിനെ അനുരാജ് മനോഹർ സമീപിച്ചിരുന്നു. എന്നാൽ സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അനുമതി നിഷേധിച്ചു. മകരവിളക്ക് ദിവസം ചിത്രീകരണം നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അംഗീകൃത മാദ്ധ്യമപ്രവർത്തകർക്ക് മാത്രമേ ആ ഭാഗത്തേക്ക്‌ പ്രവേശനം നൽകാൻ സാധിക്കുവെന്ന് ചൂണ്ടിക്കാട്ടി പൊലീസും അനുമതി നിഷേധിച്ചു. ഇതെല്ലാം മറികടന്ന് സിനിമാ ചിത്രീകരണം നടത്തിയെന്നാണ് കേസ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ദേവസ്വം വിജിലൻസിന് ദേവസ്വം പ്രസിഡന്റ് നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് സംവിധായകനെതിരെ വനംവകുപ്പ് കേസെടുത്തത്.

TAGS: ANURAJ MANOHAR, SABARIMALA, SHOOTING, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY