
ന്യൂയോർക്ക്: അമ്പരപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ചില വാർത്തകൾ കേട്ടാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ആലോചിച്ച് അന്ധാളിച്ച് പോകുന്നവരാണ് നമ്മളിൽ പലരും. അമേരിക്കയിലെ അർക്കൻസാസിൽ നിന്ന് അത്തരമൊരു വാർത്തായാണ് പുറത്തുവരുന്നത്. സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ മാതാപിതാക്കളാകേണ്ടി വന്ന രണ്ട് കൗമാരക്കാരുടെ ജീവിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 15കാരിയായ ബെല്ലയും 13കാരനായ ഹണ്ടറുമാണ് കഥയിലെ നായകർ.
ടിഎൽസി ചാനലിലെ 'അൺഎക്സ്പെക്റ്റഡ്' എന്ന റിയാലിറ്റി ഷോയുടെ പ്രൊമോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബെല്ലയ്ക്ക് 14ഉം ഹണ്ടറിന് 12 വയസുമുള്ളപ്പോഴാണ് കഴിഞ്ഞ മാർച്ചിൽ ഇവർക്ക് ആൺകുഞ്ഞ് ജനിച്ചത്. ഒരു കുട്ടി മറ്റൊരു കുട്ടിക്ക് ജന്മം നൽകുന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിച്ചത്.

വിവരം അറിഞ്ഞപ്പോൾ രണ്ട് കുടുംബങ്ങളും മാനസികമായി തകർന്നു. ബെല്ലയുടെ മാതാപിതാക്കൾ ആദ്യം ദേഷ്യപ്പെട്ടെങ്കിലും പിന്നീട് മകളെയും കൊച്ചുമകനെയും പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഹണ്ടറുടെ കുടുംബം ഗർഭച്ഛിദ്രം നടത്തണമെന്ന് നിർബന്ധിച്ചതായിട്ടാണ് ബെല്ല വെളിപ്പെടുത്തിയത്. പക്ഷേ, സമ്മർദ്ദത്തിന് വഴങ്ങാതെ കുഞ്ഞിന് ജന്മം നൽകാൻ തന്നെ ബെല്ല തീരുമാനിക്കുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സജീവയായ ബെല്ല, തന്റെ പുതിയ ജീവിതത്തെക്കുറിച്ചും വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. തന്റെ അനുഭവം ആർക്കും ഉണ്ടാകരുതെന്നും ബെല്ല മറ്റ് പെൺകുട്ടികളോട് ഉപദേശിച്ചു.
'ബോധപൂർവ്വം അമ്മയാകാൻ ആഗ്രഹിച്ചിരുന്നില്ല. ഇതൊരു വലിയ തെറ്റാണ്. ചെറിയ പ്രായത്തിൽ കുഞ്ഞിനെ വളർത്തുക അങ്ങേയറ്റം പ്രയാസകരമാണ്. കൗമാര പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്റെ കഷ്ടപ്പാടുകൾ തുറന്നുപറയുക മാത്രമാണ് ചെയ്യുന്നത്' ബെല്ല വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |