പനാജി: മനുഷ്യന്റെ ഏകാന്തതയും വൈകാരിക സമ്മർദ്ദങ്ങളും ഇത്രമാത്രം ചലച്ചിത്രമായി ആവിഷ്കരിച്ച വേറൊരു സംവിധായകൻ ഇംഗ്മർ ബർഗ്മാനെപ്പോലെ ഇനി വരുമെന്ന് തോന്നുന്നില്ല. സ്വീഡിഷ് സിനിമയിലെ വിശ്രുത ചലച്ചിത്രാചാര്യന് ജന്മശതാബ്ദി വർഷത്തിൽ ഗോവ സ്മൃതി പരമ്പരയിലൂടെ അഞ്ജലിയർപ്പിക്കുന്നു. ബർഗ്മാന്റെ ഏറ്റവും പ്രസിദ്ധമായ ഏഴു ചിത്രങ്ങളാണ് മേളയിൽ പ്രേക്ഷകന് വിരുന്നൊരുക്കിയിരിക്കുന്നത്. വൈൽഡ് സ്ട്രാബറീസ്,സെവൻത് സീൽ,പെഴ്സോണ,സാരബാൻഡ്,സമ്മർ വിത്ത് മോണിക്ക,ആട്ടം സൊണാറ്റ,ഫാനി ആൻഡ് അലക്സാണ്ടർ എന്നിവയാണ് ചിത്രങ്ങൾ .ഐനോക്സ് വളപ്പിനു സമീപം മക്വിനസ് പാലസ് -രണ്ടിലാണ് പ്രദർശനം.
നാടകത്തിലൂടെ സിനിമയിലേക്കു വന്ന ബർഗ്മാന്റെ സർഗാത്മകത ഓരോ ചിത്രം കഴിയുമ്പോഴും കൂടിക്കൂടി വന്നു. പ്രായം കുടുന്നതനുസരിച്ച് കൂടുതൽ മികച്ചിത്രങ്ങളെടുത്തു ബർഗ്മാൻ. നാലോ അഞ്ചോ ചിത്രങ്ങൾ കഴിയുമ്പോൾ ക്രിയേറ്റിവിറ്റിയുടെ ഗ്രാഫ് താഴുന്നവർക്കിടയിൽ വിസ്മയമായി ബർഗ്മാൻ ഇന്നും നിലകൊള്ളുന്നു. വിവാഹങ്ങളിൽ മുങ്ങിക്കുളിച്ചു. കുട്ടികളെ വളർത്താൻ കൂടി വേണ്ടിയാണ് സിനിമയെപ്പോഴും എടുത്തുകൊണ്ടിരുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. കുടുംബങ്ങളിലെ സംഘർഷങ്ങളും ഭാര്യ-ഭർതൃ ബന്ധങ്ങളിലെ പൊരുത്തക്കേടുകളും ബർഗ്മാനെപ്പോലെ മറ്റാരും ആവിഷ്കരിച്ചിട്ടില്ല. സ്ത്രീ മനസ്, ആശയവിനിമയത്തിനുള്ള വൈമുഖ്യം, ബന്ധങ്ങളിലെ വൈചിത്റ്യങ്ങൾ, ലൈംഗികതയുടെ ആസക്തികൾ ഇതെല്ലാം കാലാനുസൃതമായി തന്റെ ചിത്രങ്ങളിൽ സ്വാംശീകരിച്ചു. സ്വപ്നങ്ങളാണ് സിനിമയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിലേക്ക് ആഴ്ന്നിറങ്ങി. നന്മയും തിന്മയും ചേരുന്നതാണ് മനുഷ്യനെന്ന് ബർഗ്മാന്റെ കഥാപാത്രങ്ങൾ തെളിയിച്ചു.
മേളയിൽ മികച്ച ചിത്രങ്ങൾ
ജാഫർ പനാഹി,ലാ വോൺ ട്രയർ,തുടങ്ങി ഗൊദാർദ് മുതൽ കിംകി ഡുക് വരെയുള്ള പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങൾ ഇത്തവണത്തെ പ്രത്യേകതയാണ്. മലയാളികൾക്ക് പ്രിയങ്കരനായ കിം കി ഡുകിന്റെ ഏറ്റവും പുതിയ ചിത്രം ഹ്യൂമൻ, സ്പേയ്സ് ,ടൈം ആൻഡ് ഹ്യൂമൻ കാലിഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. മനുഷ്യർക്കിടയിലെ വിദ്വേഷമാണ് പ്രമേയം. രണ്ടാംലോക മഹായുദ്ധകാലത്ത് ഒരു കപ്പലിൽ യാത്ര ചെയ്യുന്ന ഒരു സംഘം പേരില്ലാത്ത യാത്രക്കാർക്കു നേരിടേണ്ടി വരുന്ന വിഭ്രാത്മക സാഹചര്യങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. ഡുക്കിന്റെ ചിത്രങ്ങളുടെ മുഖമുദ്രയായ ലൈംഗികതയും അക്രമവും ഈ ചിത്രത്തിലും സജീവമായി ആവിഷ്കരിച്ചിട്ടുണ്ട്.കാൻ,ബെർലിൻ തുടങ്ങി പ്രശസ്ത ചലച്ചിത്രമേളകളിൽ ബഹുമതി നേടിയ ചിത്രങ്ങളും ഗോവയിൽ കാണാം. മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്മവാർഷികം പ്രമാണിച്ച് പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ആസ്പേൺ പേപ്പേഴ്സ് പ്രദർശിപ്പിച്ചു
താരസമ്പന്നമായ ചടങ്ങിൽ 49-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തുടക്കമായി. കേന്ദ്രമന്ത്രി രാജ്യവർദ്ധൻ റാത്തോഡ് മേള ഉദ്ഘാടനം ചെയ്തു. ഗവർണർ മൃദുലസിൻഹ, അക്ഷയ് കുമാർ,കരൺജോഹർ ,രമേഷ്സിപ്പി, സുഭാഷ് ഘയ് തുടങ്ങിയവർ ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് ആസ്പേൺ പേപ്പേഴ്സ് എന്ന ഇംഗ്ളീഷ് ചിത്രം പ്രദർശിപ്പിച്ചു. ഇന്നാണ് ഷാജി.എൻ കരുണിന്റെ ഓളിന്റെ ആദ്യ പ്രദർശനം.
മേളയ്ക്ക് എണ്ണായിരം പ്രതിനിധികൾ രജിസ്റ്റർ ചെയ്തതിൽ നാലായിരം പേർ ഇതിനോടകം പണം അടച്ചതായി ഫെസ്റ്റിവൽ ഡയറക്ടർ അറിയിച്ചു. പ്രതിനിധികളെ വലയ്ക്കാൻ ഗോവയിൽ ഇന്നലെ നല്ല മഴയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |