
പാലക്കാട്: കേരളത്തിലെ അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മെട്രോമാൻ ഇ. ശ്രീധരൻ. കെ-റെയിൽ പദ്ധതി പ്രയോഗികമല്ലെന്ന് ആവർത്തിച്ച ശ്രീധരൻ, താൻ മുന്നോട്ടുവച്ച ബദൽ പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രി മനഃപ്പൂർവ്വം കാലതാമസം വരുത്തുകയാണെന്നും ആരോപിച്ചു. പലക്കാട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരിഹാസങ്ങൾക്കും കെ-റെയിൽ ഒഴിവാക്കിയതിൽ തനിക്ക് പങ്കുണ്ടെന്നുള്ളതിനെക്കുറിച്ചുള്ള സംശയങ്ങൾക്കുമാണ് അദ്ദേഹം മറുപടി നൽകിയത്. മുൻപ് മുഖ്യമന്ത്രി പുകഴ്ത്തിയ ബദൽ പദ്ധതിയെ ഇപ്പോൾ തള്ളിപ്പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
'കെ-റെയിൽ എന്തായാലും നടപ്പിലാകാൻ പോകുന്നില്ലെന്ന് ചർച്ചയിൽ ഞാൻ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞതാണ്. പുതിയ പദ്ധതിക്കായി കേന്ദ്രത്തിന് കത്തയക്കാമെന്ന് അദ്ദേഹം അന്ന് സമ്മതിച്ചതുമാണ്. എന്നാൽ പത്തുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല. സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പദ്ധതിയുടെ കരട് തയ്യാറാക്കി നൽകാമെന്ന് അറിയിച്ചിട്ടും സർക്കാർ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നിട്ടും കത്തയക്കാൻ സർക്കാർ മടിക്കുന്നു.' ഇ. ശ്രീധരൻ വ്യക്തമാക്കി.
'സംസ്ഥാന സർക്കാർ അനാവശ്യമായി നടപടികൾ വൈകിപ്പിക്കുന്നതിനാലാണ് കേന്ദ്ര റെയിൽവെ മന്ത്രിയെ നേരിട്ട് കണ്ടത്. ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ കേരളത്തിന് ഹൈസ്പീഡ് റെയിൽവെ എന്നന്നേക്കുമായി നഷ്ടമാകും. അതിവേഗ പാത ഒരു രാഷ്ട്രീയ പാർട്ടിയുടേയും സ്വകാര്യ അജണ്ടയല്ല, അത് ജനങ്ങളുടെ ആവശ്യമാണ്. പരിസ്ഥിതിക്കും ജനങ്ങൾക്കും ദ്രോഹമില്ലാത്ത പദ്ധതിയാണ് വേണ്ടത്. നിലവിൽ ചർച്ചയാകുന്ന സെമി ഹൈസ്പീഡ് പദ്ധതിയായ ആർആർടിഎസ് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്'. അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുകയാണ് അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാനുമതി ലഭിക്കുമെന്ന പൂർണ പ്രതീക്ഷയിലാണ് മെട്രോമാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |