
ശാസ്‌താവ് എന്നാൽ മലയാളികളടക്കം പലർക്കും അത് ധർമ്മശാസ്‌താവിന്റെ അവതാരമായി കാണുന്ന അയ്യപ്പനാണ്. എന്നാൽ ഹൈന്ദവ വിശ്വാസമനുസരിച്ച് എട്ട് ശാസ്‌താക്കളുണ്ട്. ധർമ്മത്തെ രക്ഷിക്കുന്നയാളും അറിവിനെ പകർന്നുതരുന്നയാളുമാണ് ശാസ്‌താവ് എന്നാണ് വിശ്വാസം. ആദിമഹാ ശാസ്‌താവ്, ധർമ്മശാസ്‌താവ്, ജ്ഞാനശാസ്‌താവ്, കല്യാണവരദ ശാസ്‌താവ്, സമ്മോഹന ശാസ്‌താവ്, സന്താനപ്രാപ്‌തി ശാസ്‌താവ്, വേദശാസ്‌താവ്, വീരശാസ്‌താവ് എന്നിങ്ങനെയാണ് അവ. ഇതിൽ കേരളത്തിന്റെ പ്രധാന ഉത്സവമായ തൃശൂർ പൂരത്തിൽ ശാസ്‌താവ് പങ്കെടുക്കുന്നുണ്ട്. കണിമംഗലം ശാസ്‌താക്ഷേത്രത്തിലെ എഴുന്നള്ളത്താണ് പൂരനാളിൽ ആദ്യം എത്തുന്ന ഘടകപൂരം. വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്‌താവ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലെത്തും. ഇതോടെയാണ് 36 മണിക്കൂർ നീളുന്ന തൃശൂർപൂരത്തിന് തുടക്കമാകുന്നത്. നെയ്‌തലക്കാവ് ഭഗവതിയാണ് ശാസ്‌താവിനെ സ്വീകരിക്കാൻ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട തുറക്കുന്നത്.
ദേവഗുരുവായ ബൃഹസ്‌പതിയാണ് കണിമംഗലം ശാസ്‌താവ്. പരശുരാമനാണ് കണിമംഗലം ശാസ്‌താ ക്ഷേത്രത്തിൽ പ്രതിഷ്‌ഠ നടത്തിയത്. പിന്നീട് ബ്രാഹ്‌മണകുടുംബങ്ങൾ ക്ഷേത്രകാര്യങ്ങൾ നോക്കി. ഇവരുടെ കുടുംബം അന്യംനിന്നുപോയപ്പോൾ മാളിയേക്കൽ കർത്താക്കന്മാർ ഭരണം ഏറ്റു. തൃശൂർ പൂരനാളിൽ തെക്കേ ഗോപുരനട വഴിയാണ് ശാസ്‌താവ് ക്ഷേത്രത്തിലേക്ക് കടക്കുന്നത്. വടക്കുംനാഥന്റെയും ഗുരുവായതിനാൽ ക്ഷേത്രത്തിൽ കണിമംഗലം ശാസ്‌താവ് പ്രദക്ഷിണം വയ്‌ക്കില്ല നേർക്കുനേർ വരികയുമില്ല. പൂരം ഒരുക്കങ്ങൾ കൃത്യമാണോ എന്ന് നോക്കാൻ തെക്കേ ഗോപുര നടവഴി കയറി പടിഞ്ഞാറേ ഗോപുരനട വഴി ഇറങ്ങും. എല്ലാ ദേവകൾക്കും തെക്കേ ഗോപുരം വഴി കയറി ശാസ്‌താവ് ദർശനം നൽകും. പടിഞ്ഞാറ് തിരിഞ്ഞ് മേളം അവസാനിപ്പിക്കും.
സാധാരണ ശാസ്‌താവിന്റെ പ്രതിഷ്‌ഠയിൽ വജ്രാസനത്തിൽ ഇരിക്കുന്നതാണ് കാണുന്നതെങ്കിൽ ഇവിടെ ചമ്രംപടിഞ്ഞിരിക്കുന്നതാണ്. തൃശൂർ ടൗണിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ക്ഷേത്രം. മൂന്ന് നിലയാണ് ക്ഷേത്രഗോപുരം. ചെമ്പ് മേഞ്ഞ മേൽക്കൂരയുള്ള സുന്ദരമായ ശ്രീകോവിലാണ് ഇവിടെയുള്ളത്. വിഗ്രഹത്തിൽ വലംകൈയിൽ താമരയുണ്ട്. ഇടത് കൈ കാൽമുട്ടിൽ വച്ചനിലയിലാണ്. ശ്രീകോവിലിന് തെക്കുവശത്ത് ഗണപതി പ്രതിഷ്‌ഠയുണ്ട്. രാവിലെ ആറ് മുതൽ എട്ട് വരെയും വൈകിട്ട് അഞ്ചര മുതൽ ഏഴ് വരെയും മാത്രമാണ് ക്ഷേത്രം തുറന്നിരിക്കുക. ശർക്കര പായസവും ചന്ദനം ചാർത്തും പുഷ്‌പാഞ്ജലിയുമാണ് വഴിപാടുകൾ. തൃശൂർ പൂരസമയത്തെ എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ പ്രധാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |