SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

കൂടുന്നു, കുറയുന്നു; സ്വര്‍ണ വിലയില്‍ വിപണിക്ക് തിരിച്ചടി, അന്തംവിട്ട് ഉപഭോക്താക്കള്‍

Increase Font Size Decrease Font Size Print Page
gold

വിലയിലെ ചാഞ്ചാട്ടം വിപണിക്ക് തിരിച്ചടി


കൊച്ചി: സ്വര്‍ണ വിപണിയിലെ അതിരൂക്ഷമായ വില ചാഞ്ചാട്ടത്തില്‍ ഉപഭോക്താക്കള്‍ വലയുന്നു. വ്യാഴാഴ്ച 7,920 രൂപ വര്‍ദ്ധിച്ച പവന്‍ വില ഇന്നലെ 6,280 രൂപയുടെ ഇടിവാണ് നേരിട്ടത്. ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ഡോളറിന്റെ മൂല്യത്തകര്‍ച്ചയും അടക്കമുള്ള കാരണങ്ങളാല്‍ വില ആടിയുലയുമ്പോള്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ തീരുമാനം നീട്ടിവെക്കുകയാണ്. വിലയിലെ ചാഞ്ചാട്ടത്താല്‍ വില്‍പ്പന കുത്തനെ കുറയുകയാണെന്ന് ജുവലറി ഉടമകള്‍ പറയുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയില്‍ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഔണ്‍സിന് 5,560 ഡോളര്‍ വരെ ഉയര്‍ന്ന് റെക്കാഡിട്ട രാജ്യാന്തര സ്വര്‍ണ വില ഇന്നലെ 5,000 ഡോളറിലേക്കാണ് മൂക്കുകുത്തിയത്. ഇതോടെയാണ് കേരളത്തിലും വില കുത്തനെ ഇടിഞ്ഞത്.


സ്വര്‍ണ വിലയിലെ ട്രംപ് ഫാക്ടര്‍


ഡോണാള്‍ഡ് ട്രംപിന്റെ ധന നയമാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം രൂക്ഷമാക്കുന്നത്. പകരത്തീരുവ മുതല്‍ നാറ്റോയുമായുള്ള അമേരിക്കയുടെ അഭിപ്രായ വ്യത്യാസങ്ങളും ഫെഡ് ചെയര്‍മാന്‍ നിയമനവും വരെ സ്വര്‍ണ വിപണിയെ ബാധിച്ചു. ഇതോടൊപ്പം ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമെന്ന വാര്‍ത്തകളും സ്വര്‍ണത്തിലേക്ക് പണമൊഴുക്ക് വര്‍ദ്ധിപ്പിച്ചു. ഡോളറിലും അമേരിക്കന്‍ ട്രഷറി നിക്ഷേപങ്ങളിലും വിശ്വാസം കുറഞ്ഞതോടെ ലോകത്തിലെ വിവിധ കേന്ദ്ര ബാങ്കുകളും വന്‍കിട ഫണ്ടുകളും ബദല്‍ നാണയമെന്ന നിലയില്‍ സ്വര്‍ണ ശേഖരം ഉയര്‍ത്തുകയാണ്.


വില ഉയര്‍ത്തുന്ന ഘടകങ്ങള്‍


1. ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍

2. വിവിധ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നു

3. ഡോളറും അമേരിക്കന്‍ ട്രഷറി ബോണ്ടുകളും ദുര്‍ബലമാകുന്നു

4. അമേരിക്കയില്‍ പലിശ കുറയുമെന്ന പ്രതീക്ഷയില്‍ നിക്ഷേപ ഒഴുക്ക്


കെവിന്‍ മാര്‍ഷില്‍ തകര്‍ന്ന് വിപണി


അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിന്റെ ചെയറായി കെവിന്‍ വാര്‍ഷിനെ ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതാണ് വിലയില്‍ ഇന്നലെ കനത്ത തകര്‍ച്ച സൃഷ്ടിച്ചത്. ജെറോം പവലിന് പകരക്കാരനായി എത്തുന്ന കെവിന്‍ വാര്‍ഷ് ഉയര്‍ന്ന പലിശ നിലനിറുത്തണമെന്ന നിലപാടുള്ളയാളാണ്. അമേരിക്കയില്‍ പലിശ കുറയുമെന്ന പ്രതീക്ഷയിലാണ് ഊഹക്കച്ചവടക്കാര്‍ ഇതുവരെ വില കുത്തനെ ഉയര്‍ത്തിയത്.

TAGS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY