
2024 ഒക്ടോബറിലാണ് സഖാവ് വെള്ളത്തൂവൽ സ്റ്റീഫനെ അവസാനമായി കണ്ടത്. മുൻ നക്സലൈറ്റ് ടി.എൻ. ജോയിയുടെ അനുസ്മരണച്ചടങ്ങിൽ. സായുധ വിപ്ലവകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസമനുഭവിച്ച പലരും എത്തിയിരുന്നു. രോഗബാധിതനെങ്കിലും സ്റ്റീഫന് അന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അന്ന് അനുഭവങ്ങൾ പങ്കുവച്ചത് ഓർമ്മിക്കുന്നു. ഞാൻ ഇപ്പോൾ എഴുത്തും വായനയുമായി പൊൻകുന്നത്തെ വസതിയിലാണ്. യാത്രകൾ കുറവാണ്. അതിനാൽ സഖാവ് സ്റ്റീഫനെ അവസാനമായി കാണാനും കഴിയുന്നില്ല.
ചാരുമജുംദാർ സ്ഥാപിച്ച സി.പി.എം എം.എൽ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഞങ്ങൾ. എന്നാൽ ഒരിക്കലും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചിട്ടില്ല. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലുമായിരുന്നു സ്റ്റീഫന്റെ വലിയ വിപ്ലവ പ്രവർത്തനങ്ങൾ. അന്ന് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഞാൻ ബംഗാളിൽ എൻജിനിയറായി ജോലിചെയ്യുകയായിരുന്നു. മജുംദാറുടെ രക്തസാക്ഷിത്വത്തിന് ശേഷം 1973ലാണ് എന്നെ കേരളത്തിലേക്ക് നിയോഗിക്കുന്നത്. അതിനു മുമ്പേ, തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലടക്കം പ്രതിയായി സ്റ്റീഫൻ ജയിലിലായിരുന്നു. അക്കാലത്ത് ഒരുപാട് നക്സൽ നേതാക്കൾ തടവറയിലായി. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സഖാവിനെ കാണാൻ അവസരമുണ്ടായത്. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ചിന്താഗതികൾ മാറിയിരുന്നു. പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നപ്പോളും ഞങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. അടിസ്ഥാനപരമായ മാറ്റത്തിന് സ്റ്റീഫൻ ഒരിക്കലും തയ്യാറാകാതിരുന്നതാണ് കാരണം. വിയോജിപ്പുകൾക്കിടയിലും ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായിരുന്നു. ഇതിൽ കുറ്റങ്ങളും കുറവുകളുമുണ്ടായിരിക്കാം. എന്നാൽ പങ്കെടുത്തവരെല്ലാം വിപ്ലവകാരികൾ എന്ന വിശേഷണത്തിന് അർഹരാണ്.
ജനങ്ങളില്ലാതെ വിപ്ലവമുണ്ടാകില്ല. വിപ്ലവത്തിന്റെ പാതയിൽ നിന്ന് വ്യതിചലിച്ചാൽ കമ്മ്യൂണിസമില്ല. നിലവിലെ പ്രസ്ഥാനങ്ങൾ ഇത് ഓർമ്മിക്കേണ്ടതാണ്. സ്വകാര്യ സമ്പത്തിനു പിന്നാലെ പോകാതെ മാർക്സും ഏംഗൽസും കാട്ടിയ മാർഗത്തിൽ പുതുതലമുറയെ നിർമ്മിക്കുകയാണ് വേണ്ടത്. അതിനുള്ള ഉത്തേജനമാണ് എം.എൽ പ്രസ്ഥാനത്തിന്റേയും വെള്ളത്തൂവൽ സ്റ്റീഫൻ അടക്കമുള്ള വിപ്ലവകാരികളുടേയും പ്രവർത്തനങ്ങൾ. അഭിവാദ്യങ്ങൾ.
(ലേഖകൻ സി.പി.ഐ എം.എൽ റെഡ് ഫ്ലാഗ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
