
കൊല്ലം: അപകടത്തിൽപ്പെട്ട ഇരുചക്ര വാഹനം വിട്ടുകിട്ടാനും എഫ്.ഐ.ആറിന്റെ പകർപ്പ് ലഭിക്കാനും രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ റിട്ട.എസ്.ഐക്ക് 7വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ.
ചാത്തന്നൂർ സ്റ്റേഷനിൽ എസ്.ഐയായിരുന്ന ചാത്തന്നൂർ മീനാട് കമലാസദനത്തിൽ ആർ. മോഹനനെയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ് മോഹിത് ശിക്ഷിച്ചത്. 2015ലായിരുന്നു സംഭവം. ഇരുചക്ര വാഹനം വിട്ടുകിട്ടാൻ കൈക്കൂലി ആവശ്യപ്പെട്ടതു സംബന്ധിച്ച് ബൈക്ക് ഉടമ വിജിലൻസിന് പരാതി നൽകി. തുടർന്ന് പരാതിക്കാരൻ രണ്ടായിരം രൂപ കൈക്കൂലി നൽകിയപ്പോൾ വിജിലൻസ് സംഘം കൈയോടെ പിടികൂടിയെന്നാണ് കേസ്. കൈക്കൂലി വാങ്ങിയതിന് 3 വർഷം സാധാരണ തടവും 10,000 രൂപയും കൃത്യവിലോപം കാട്ടിയതിന് 4 വർഷം തടവും10,000 രൂപയുമാണ് ശിക്ഷ. രണ്ട് തടവ് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ പറയുന്നു.
കൊല്ലം വിജിലൻസ് യൂണിറ്റിലെ അന്നത്തെ ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിള്ള എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസിൽ തുടർന്നെത്തിയ ഡിവൈ.എസ്.പി അശോക് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജുരാജൻ ഹാജരായി. വിധി പ്രഖ്യാപനത്തിന് ശേഷം ആർ. മോഹനനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |