SignIn
Kerala Kaumudi Online
Wednesday, 04 February 2026 3.51 AM IST

ബിജെപി ജയത്തിന് പിന്നാലെ തലസ്ഥാനത്തെത്തിയ മോദിക്ക് മേയർ സമ്മാനിച്ചത് തിരുവനന്തപുരത്തുകാരിയുടെ സ്‌പെഷ്യൽ ഗിഫ്റ്റ്

Increase Font Size Decrease Font Size Print Page
neethu-m-vinayan

വിവിധ ഔദ്യോഗിക പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനവാരം തലസ്ഥാനത്തെത്തിയിരുന്നു. ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം മേയർ വി വി രാജേഷ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് തിരുവനന്തപുരത്തുകാരി നിർമിച്ച റെസിൻ ആർട്ട് ഫ്രെയിം ആണ്. തിരുവനന്തപുരത്തിന്റെ കാവലാളായ ശ്രീപത്മനാഭ സ്വാമിയുടെ ശില്പവും യഥാർത്ഥ പുഷ്‌പങ്ങളുമടങ്ങിയ ഈ ഫ്രെയിം തയ്യാറാക്കിയത് പൂജപ്പുര സ്വദേശിനിയായ നീതു എം വിനയൻ ആണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വന്തം ആർട്ട്‌വർക്ക് സമ്മാനമായി നൽകാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് സിവിൽ എഞ്ചിനീയർ കൂടിയായ ഈ 33കാരി.

ചെറുപ്പം മുതൽതന്നെ നീതുവിന് കലയോട് പ്രിയം തോന്നിത്തുടങ്ങിയിരുന്നു. പഠനത്തിനിടെ പോക്കറ്റ് മണിക്കായി ടെറാകോട്ട ആഭരണങ്ങളടക്കം നിർമിച്ച് സുഹൃത്തുക്കൾക്കിടയിലും മറ്റും വിൽപന നടത്തി. 250 രൂപയായിരുന്നു ആദ്യത്തെ വരുമാനം. തുടർന്ന് 2013ൽ സൈറ്റ് എ‌ഞ്ചിനീയർ ആയി ജോലിയിൽ പ്രവേശിച്ചു. ശേഷം അസിസ്റ്റന്റ് പ്രൊഫസർ, പ്രൊജക്‌ട് എഞ്ചിനീയർ. പ്രൊജക്‌‌ട് മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇതിനിടെ സ്വന്തമായി ബിസിനസ് ചെയ്യണം എന്നൊരു മോഹവും ഉടലെടുത്തു. വ്യത്യസ്തമായ പാത സ്വീകരിക്കണമെന്ന തീരുമാനത്തിൽ നിന്നാണ് നാട്ടിലധികം പ്രചാരത്തിലില്ലാതിരുന്ന റെസിൻ ആർട്ടിൽ എത്തിച്ചേർന്നത്. 2019ൽ വീഡിയോകളും മറ്റും കണ്ട് സ്വന്തമായി പഠിക്കുകയായിരുന്നു. പരീക്ഷണങ്ങൾ നടത്തി പരാജയപ്പെട്ട് പരാജയപ്പെട്ട് ഒടുവിൽ നീതു വിജയം കൈപ്പിടിയിലൊതുക്കി. 2020ൽ സ്വന്തം ബിസിനസ് യാഥാർത്ഥ്യമാക്കിക്കൊണ്ട് 'റെസിനോവേഷൻ' എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പേജ് ആരംഭിച്ചു. ആർട്ട് വർക്കിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നത് മുതൽ നിർമാണവും വിൽപനയും പ്രൊമോഷനുമെല്ലാം നീതു ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്.

neethu-m-vinayan

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഒരു സൗഹൃദ സംഭാഷണമാണ് പ്രധാനമന്ത്രിയിലേയ്ക്ക് എത്തിപ്പെടാൻ കാരണമായതെന്ന് നീതു പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ബിജെപി പ്രവർത്തകരുടെ കണ്ണുകൾ അവിടെയുണ്ടായിരുന്ന ടീപ്പോയിലുടക്കിയതാണ് വഴിത്തിരിവായത്. യഥാർത്ഥ പൂക്കളടങ്ങിയ നീലനിറത്തിലെ ടീ്പ്പോ അവർക്ക് കൗതുകമായി. നീതു സ്വന്തമായി നിർമിച്ചതാണെന്നറിഞ്ഞപ്പോൾ അത്ഭുതവും.

തങ്ങൾ ജയിക്കുകയാണെങ്കിൽ മോദി തിരുവനന്തപുരത്ത് വരുമെന്നും അദ്ദേഹത്തിന് ആർട്ട്‌വർക്ക് സമ്മാനിക്കാൻ അവരമുണ്ടാക്കി നൽകാമെന്നും പ്രവർത്തകർ വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പ് ഭാവി അറിയില്ലായിരുന്നുവെങ്കിലും മോദിക്കുള്ള സമ്മാനത്തിന്റെ പണിപ്പുരയിലേയ്ക്ക് അന്നുതന്നെ കടന്നുവെന്ന് നീതു പറഞ്ഞു. തലസ്ഥാനത്തേയ്ക്ക് വരുമെന്നതിനാൽ തിരുവനന്തപുരത്തെ പ്രതിഫലിപ്പിക്കുന്ന സമ്മാനമായിരിക്കണമെന്നും മനസിലുറപ്പിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമോയെന്ന് അറിയാത്തതിനാൽ ഇക്കാര്യം ആരോടും പങ്കുവച്ചതുമില്ല. കുറേയേറെ പ്ളാനിംഗുകൾക്ക് ശേഷമാണ് പത്മനാഭ സ്വാമിയുടെ ശില്പത്തിലേയ്ക്ക് എത്തിച്ചേരുന്നത്. മോദിക്ക് കൗതുകമുണർത്തുന്ന രീതിയിൽ യഥാ‌ർത്ഥ പൂക്കൾക്കൊണ്ട് പത്മനാഭ സ്വാമിയെ അലങ്കരിക്കാമെന്നും നിശ്ചയിച്ചു. 'വിടർന്ന് നിൽക്കുന്ന പൂക്കൾ പോലെയാകട്ടെ പത്മനാഭന്റെ മണ്ണ്' എന്നതായിരുന്നു നീതുവിന്റെ ആശയം. മൂന്നാഴ്‌ച കൊണ്ടാണ് ഫ്രെയിം പൂർത്തിയാക്കിയത്. അങ്ങനെ ബിജെപി ആദ്യമായി കോർപ്പറേഷൻ പിടിച്ചടക്കിയപ്പോൾ നീതുവിന്റെ മോഹവും പൂവണിയുകയായിരുന്നു.

neethu-m-vinayan

റെസിൻ ആർട്ടിലൂടെയുള്ള ലൈഫ് സ്റ്റൈൽ ആക്‌സസറീസ് സ്റ്റോർ ആണ് നീതുവിന്റെ ബിസിനസ്. 'മൗൾഡിംഗ് ഹാപ്പിനസ്' എന്നതാണ് ബിസിനസിന്റെ ടാഗ് ലൈൻ. വാൾ ഫ്രെയിംസ്, ജുവലറി, വരമാല പ്രിസർവേഷൻ, ഫർണിച്ചർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കുഞ്ഞുങ്ങളുടെ ആദ്യത്തെ പല്ല്, മുലപ്പാൽ, പൊക്കിൾക്കൊടിയുടെ കഷ്ണം, തലമുടി, പഴയ ഫോട്ടോ തുടങ്ങിയവ മെമ്മറി പ്രിസർവേഷനായും ചെയ്തുനൽകുന്നു.

ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രധാനമായും ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നത്. സർക്കാരിന്റേതുൾപ്പെടെ പ്രദർശന മേളകളിൽ സ്റ്റാളുകളും ഇടുന്നു. പെയ്‌ഡ് പ്രൊമോഷൻ ചെയ്യാറില്ലെന്ന് നീതു പങ്കുവച്ചു. ബിസിനസ് ആരംഭിച്ച സമയം ഏറെ പരിഹാസങ്ങൾ നേരിട്ടതായി നീതു പറഞ്ഞു. എവിടെയും എത്തില്ലെന്ന് പലരും വിധിച്ചു. എന്നാൽ തനിക്ക് വിജയിക്കാനാകുമെന്ന് നീതുവിന് ഉറപ്പുണ്ടായിരുന്നു. ഇന്ന് മാസം നല്ലൊരു വരുമാനം നേടുന്ന ബിസിനസ് ആയി റെസിനോവേഷൻ വളരുന്ന ഘട്ടത്തിലാണെന്നും നീതു കൂട്ടിച്ചേർത്തു. സ്ഥിരം കസ്റ്റമർമാരും പുതിയ കസ്റ്റമർമാരും ഉണ്ട്. 25,​000 രൂപ മുതൽ ഒരുലക്ഷം രൂപവരെ വരുമാനം ലഭിച്ചിട്ടുണ്ടെന്നും നീതു പറഞ്ഞു. ബിഗിനർ ഫ്രണ്ട്‌ലി വർക്ക് ഷോപ്പുകളും നീതു നടത്തുന്നുണ്ട്.

neethu-m-vinayan

റെസിൻ ആർട്ട് തുടങ്ങുന്ന സമയത്ത് സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ പ്രൊജക്‌ട് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു നീതു. പിന്നീട് ജോലി രാജിവച്ച് മുഴുവൻ സമയ റെസിൻ ആർട്ടിസ്റ്റായി പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ കെൽ എന്ന സ്ഥാപനത്തിൽ പ്രൊജക്‌ട് മാനേജറായി ജോലി നോക്കി. എന്നാൽ റെസിൻ വർക്ക് ചെയ്യാൻ സമയം ലഭിക്കാതെ വന്നപ്പോൾ ജോലി രാജിവച്ച് റെസിൻ ആർട്ടിലേയ്ക്ക് തന്നെ ഫോക്കസ് ചെയ്യുകയായിരുന്നു.

നീതുവിന് പൂർണ പിന്തുണയുമായി ഭർത്താവും മാതാപിതാക്കളും അനുജനും ഒപ്പമുണ്ട്. ഭർത്താവ് മിഥുൻ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്‌ടിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്നു. അനുജൻ നിതിൻ സൗണ്ട് എഞ്ചിനീയറാണ്. അച്ഛൻ വിനയകുമാറും അമ്മ മണിമേഖലയും തന്റെ ബിസിനസിൽ ഏറെ അഭിമാനംകൊള്ളുന്നുവെന്നും നീതു പറഞ്ഞു. സ്റ്റാഫിനെവച്ച് ബിസിനസ് വളർത്തുകയാണ് നീതുവിന്റെ സ്വപ്നം. റെസിൻ ആർട്ട് സമയമെടുത്ത് ഏറെ ക്ഷമയോടെ ചെയ്യേണ്ട ഒന്നാണെന്നും അതിനാൽ കസ്റ്റമർ ഇക്കാര്യം കൂടി പരിഗണിക്കണമെന്ന അഭ്യർത്ഥനയും നീതു നടത്തുന്നു.

TAGS: NEETHU M VINAYAN, BJP, PMMODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.