
അഞ്ചാം ലോക കേരള സഭ സമാപിച്ചു
തിരുവനന്തപുരം: സുരക്ഷിത കുടിയേറ്റമെന്നത് പ്രധാനമാണെന്നും ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തേണ്ടത് കേന്ദ്രസർക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങൾക്ക് മറുപടി നൽകയായിരുന്നു മുഖ്യമന്ത്രി.
സുരക്ഷിത പ്രവാസത്തിന് ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവർ അംഗങ്ങളായുള്ള ഹൈ പവർ കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .
നിലവിലെ എൻ.ആർ.ഐ പൊലീസ് സെല്ലിന് പകരം, പ്രവാസികൾക്ക് നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന പ്രവാസി പേലീസ് സ്റ്റേഷൻ നിലവിൽ വരും . വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അതത് രാജ്യങ്ങളിലെ നിയമങ്ങൾ, യൂണിവേഴ്സിറ്റികൾ സംബന്ധിച്ച വിവരങ്ങൾ കോഴ്സുകൾ, സ്‌കോളർഷിപ്പുകൾ ഇവയെല്ലാം വ്യക്തമാക്കുന്നതാണ് ലോക കേരള സഭയിൽ ഉദ്ഘാടനം ചെയ്ത നോർക്ക സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ ഭാഷാ പഠനത്തിനായുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിൽ ജാപ്പാനീസ് ഭാഷാ പഠനത്തിനും അവസരമൊരുക്കും. പ്രവാസികൾക്കായുളള സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയായ നോർക്ക കെയർ പദ്ധതി തിരികെയെത്തിയ പ്രവാസികളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തുന്നത് പരിഗണിക്കും. ലോക കേരള സഭയിലുയർന്ന നിർദ്ദേശങ്ങൾ പരിശോധിക്കാൻ 21 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷനായി. നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, വൈസ് ചെയർമാൻ എം. എ യൂസഫലി, നോർക്ക റൂട്ട്സ് ഡയറക്ടർമാരായ ഡോ. രവി പിള്ള, ഒ.വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോൻ, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടി. വി, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ. യൂസഫ്, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. 125 രാജ്യങ്ങളിൽ നിന്നും 28 സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം കേരളീയ പ്രവാസി പ്രതിനിധികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |