SignIn
Kerala Kaumudi Online
Thursday, 19 February 2026 5.05 AM IST

കേരളത്തിനായി പ്രത്യേകിച്ച് ഒന്നുമില്ല; 'ധാതുവിൽ നോട്ടമിട്ടത് നമ്മുടെ  കയ്യിലുള്ളത്  അപ്പുറത്തേയ്ക്ക്  കൊണ്ടുപോകാനുള്ള  ഉദ്ദേശമാകാം'

Increase Font Size Decrease Font Size Print Page
p-rajeev

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിന് കടുത്ത നിരാശ. ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളെ ഉൾപ്പെടുത്തിയെങ്കിലും കേരളത്തിലെ നഗരങ്ങളെ ഒഴിവാക്കി. കേരളത്തിനായി എയിംസ്, മെട്രോ തുടങ്ങിയവയും ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചില്ല. കേരളത്തിനായി പ്രത്യേക പാക്കേജുകൾ ഒന്നുമില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനായി പ്രത്യേകം പദ്ധതികളോ നീക്കിയിരിപ്പോ ഒന്നും ബഡ്‌‌ജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ വ്യവസായ മന്ത്രി പി രാജീവ് വിമർശിച്ചു. 'കേരളത്തോട് അവഗണന തുടരുകയാണ്. കേന്ദ്രത്തിന്റെ അതിവേഗ ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തുകയും അതിന്റെ സ്‌പെഷ്യൽ ഓഫീസറായി ഇ ശ്രീധരനെ ഉൾപ്പെടുത്തുകയും ചെയ്താൽ കേരള സർക്കാർ പൂർണമായും അതിനൊപ്പം നിൽക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിവേഗ റെയിൽപാതയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ലെന്ന് മാത്രമല്ല ഇത്തരമൊരു പദ്ധതിയുമായി ആദ്യം മുന്നോട്ടുവന്ന സംസ്ഥാനമെന്ന നിലയിൽ പരിഗണിച്ചുകൊണ്ട് ഒരു നിലപാടും സ്വീകരിച്ചില്ല. ഇത് കടുത്ത വിവേചനമാണ്.

എയിംസിനായി സ്ഥലം കണ്ടെത്തി നൽകാൻ പറഞ്ഞപ്പോൾ കിനാലൂരിൽ സ്ഥലം കണ്ടെത്തി ആരോഗ്യവകുപ്പിന് കൈമാറി. എന്നിട്ടും കേരളത്തിന് എയിംസ് നൽകിയില്ല. മാത്രമല്ല, നികുതി വിഹിതത്തിൽ കേരളത്തിന് അർഹമായ പങ്കാളിത്തം കിട്ടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ധാതു ഇ‌ടനാഴിയിൽ മാത്രമാണ് കേരളത്തെ ഉൾപ്പെടുത്തിയത്. അത് നേരത്തെ കേരളം പ്രഖ്യാപിച്ച പദ്ധതിയാണ്. നമ്മുടെ കയ്യിലുള്ള ധാതു അപ്പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ള ഉദ്ദേശമാണോയെന്ന് അറിയില്ല. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ധാതുക്കൾ എടുക്കാനാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ കടുത്ത അവഗണനയാണ് കേരളത്തോട് കാട്ടിയത്'- പി രാജീവ് പറഞ്ഞു.

കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയൽ എർത്ത് മെെനിംഗിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴി പ്രഖ്യാപിച്ചുവെന്നതാണ് കേരളത്തിനായി ആകെയുള്ള പ്രധാന പ്രഖ്യാപനം. ഖനനം, സംസ്കരണം എന്നിവയടക്കം വർദ്ധിപ്പിക്കാനാണ് പദ്ധതി. കടലാമ പരിചരണത്തിന് കേരളത്തിലും കർണാടകത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. കേരളത്തിന്റെ പേര് പരാമർശിച്ചില്ലെങ്കിലും നാളികേര ഉത്പാദന വർദ്ധനവിന് ബഡ്‌ജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 2030ഓടെ കശുഅണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങൾ കൊണ്ടുവരും. യോഗ, വെൽനെസ് സ്‌കീമുകൾക്കായി ഒന്നരലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കും. ആയുർവേദത്തിനായുള്ള പദ്ധതിയിലും കേരളത്തിന് പരിഗണന ലഭിച്ചേക്കാം. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള പദ്ധതികളിലും കേരളത്തിന് പ്രത്യേക പരിഗണനയില്ലെങ്കിലും പ്രതീക്ഷയർപ്പിക്കാം.

TAGS: P RAJEEV, UNION BUDGET 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY