SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

'ബഡ്‌ജറ്റിൽ ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവരോട് ഒരു ചോദ്യമേ ഉള്ളൂ, കിട്ടിയ പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല'?

Increase Font Size Decrease Font Size Print Page
rajeev-chandrasekhar

തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങളില്ലാത്തതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന് ഒന്നും നൽകിയിട്ടില്ലെന്ന് പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ ബഡ്‌ജറ്റുകളിൽ നൽകിയ പദ്ധതികൾ കേരളം നടപ്പാക്കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

'11 വർഷത്തെ ഭരണകാലയളവിൽ മോദി സർക്കാർ ഇന്ത്യയെ ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്നുയർത്തി. ഇന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. അതിന്റെ ഫലമാണ് നാമിന്ന് കാണുന്നത്. കേരളത്തിന് ഒന്നും കിട്ടിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്ന ഇടതുസർക്കാരിനോട് എനിക്കൊരു കാര്യമേ പറയാനുള്ളൂ. കഴിഞ്ഞ 10,11 ബഡ്‌ജറ്റുകളിൽ കേരളത്തിനായി കേന്ദ്രം ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനുമുൻപ് കേന്ദ്രസർക്കാർ നൽകിയ പല പദ്ധതികളും ഈ ഇടതുസർക്കാർ നടപ്പിലാക്കുന്നില്ല. കിട്ടുന്നില്ല എന്നുപറയുന്നവരോട് ഒരു ചോദ്യം മാത്രമേ ഉള്ളൂ. കിട്ടിയ പദ്ധതികൾ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല?

2017ൽ കേരളത്തിലും മധുരയിലും എയിംസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ട്, അന്നുമുതൽ ഇന്നുവരെ ആവശ്യമായ ഭൂമി സംസ്ഥാനം ഏറ്റെടുത്ത് നൽകിയിട്ടില്ല. പി എം ആയുഷ്‌മാൻ പദ്ധതി കേന്ദ്ര സർക്കാർ നൽകിയിട്ടും അത് കേരളത്തിൽ നടപ്പാക്കിയിട്ടില്ല. പി എം ആവാസ് യോജനയ്ക്കായി മുഴുവൻ തുകയും അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. അതുകൊണ്ട് കിട്ടുന്നില്ല എന്നല്ല പറയേണ്ടത്. കിട്ടിയ പദ്ധതികൾ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്നാണ് സംസ്ഥാന സർക്കാരിനോട് ചോദിക്കേണ്ടത്. നാടിന്റെ വികസനത്തിനായി പുതിയ പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ എൻഡിഎ സർക്കാർ ഇവിടെ വരണം. ഡബിൾ എഞ്ചിൻ സക്കാർ വരണം'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

TAGS: RAJEEV CHANDRASEKHAR, UNION BUDGET 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY