SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.36 PM IST

ബോംബേറ് കേസിലെ പ്രതിക്ക് പരോൾ, സഭയിൽ ബഹളം, വാക്കേറ്റം, പ്രതിപക്ഷ ബഹിഷ്കരണം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പയ്യന്നൂരിൽ പൊലീസിനെ സ്റ്റീൽബോംബെറിഞ്ഞതിന് 20വർഷം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഒരുമാസം കഴിയുംമുൻപ് പരോൾ നൽകിയതിനെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെത്തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളവും ബഹിഷ്കരണവും. അടിയന്തരപ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.കെ.രമയുടെ നോട്ടീസ് സ്പീക്കർ എ.എൻ.ഷംസീർ തള്ളിയത്.

സർക്കാരിന് താത്പര്യമില്ലാത്തതും സി.പി.എം പ്രതിരോധത്തിലാവുന്നതുമായ വിഷയങ്ങളിൽ സ്പീക്കർ ചർച്ച അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും നിയമവും ചട്ടവും അനുസരിച്ചുള്ളതാണ് പരോളെന്നും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം.ബി.രാജേഷ് മറുപടിനൽകി.

ഇതോടെ, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ''ഇന്നെന്താ ചർച്ചയില്ലേ, മടിയിൽ കനം, സഭയിൽ ഭയം'' എന്നെഴുതിയ ബാനറുയർത്തി സ്പീക്കറുടെ കാഴ്ച തടസപ്പെടുത്തി. പ്രിന്റ് ചെയ്ത പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭയിലെത്തിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്ന് കുറ്റപ്പെടുത്തിയ സ്പീക്കർ, സഭയിൽ ബഹളമുണ്ടാക്കുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞതോടെ ബഹളം കടുത്തു. ടി.വി.ഇബ്രാഹിമും സജീവ്ജോസഫും മാത്യുകുഴൽനാടനും സ്പീക്കറുടെ വേദിയിലെ കൈവരിയിൽ പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിച്ചു. ബഹളത്തിനിടയിലും സ്പീക്കർ സഭാനടപടികളുമായി മുന്നോട്ടുപോയി.

കേന്ദ്രബഡ്ജറ്റിൽ കേരളത്തോട് ക്രൂരമായ അവഗണന കാട്ടിയ ബി.ജെ.പിയെ സഹായിക്കാൻ പ്രതിപക്ഷം ചർച്ച വഴിതിരിച്ചുവിടുകയാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. ഇതിനിടെ അൻവർസാദത്ത് സ്പീക്കറുടെ വേദിയുടെ പടവുകൾ കയറി മുകളിലേക്കെത്താൻ ശ്രമിച്ചു.

വിരട്ടാൻ നോക്കേണ്ട:

മന്ത്രി ശിവൻകുട്ടി

സബ്മിഷന് മറുപടി നൽകുകയായിരുന്ന മന്ത്രി വി.ശിവൻകുട്ടി ഇങ്ങോട്ട് വിരട്ടാൻ നോക്കേണ്ടെന്നും ‌‌ഞങ്ങൾ ഓടുപൊളിച്ച് വന്നതല്ലെന്നും പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങൾ മന്ത്രിക്കുനേരെ മുദ്രാവാക്യം വിളിച്ചു. 'നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു' എന്ന് പ്രതിപക്ഷത്തെ നോക്കിയാണ് വിളിക്കേണ്ടതെന്നും സ്പീക്കറെയും മന്ത്രിയെയും പ്രതിപക്ഷം വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. സ്വർണക്കള്ളന്മാർ ആരാണെന്നും സോണിയാഗാന്ധിയുടെ അടുത്ത് പോയതാരാണെന്നും ശിവൻകുട്ടി ചോദിച്ചതോടെ ബഹളം കടുത്തു.

ഇതിനിടെ, 'ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പുറത്തുപോവുകയെന്ന' മുദ്രാവാക്യം കെ.ടി.ജലീൽ വിളിച്ചതോടെ 'ഭയമാണ്, ഭയമാണ്, ഭയമാണ് പ്രശ്നമെന്ന്' കവിതയുടെ താളത്തിൽ പ്രതിപക്ഷം മറുപടിനൽകി. മുഖ്യമന്ത്രി എവിടെ എന്നും ചോദിച്ചു. ബഹളത്തിനിടയിലും ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ നടപടികൾ വേഗത്തിൽ സ്പീക്കർ പൂർത്തിയാക്കിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

TAGS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.