SignIn
Kerala Kaumudi Online
Saturday, 25 April 2026 5.00 AM IST

ജനപ്രിയനായ ഹരീന്ദ്രൻ, രാഷ്‌ട്രീയ വളർച്ചയിൽ ബിജെപി; ത്രികോണ മത്സരത്തിൽ പാറശാല ഇക്കുറി ആർക്കൊപ്പം?

Increase Font Size Decrease Font Size Print Page
candidates

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നിയമസഭാ മണ്ഡലമാണ് പാറശാല. തിരുവനന്തപുരം ലോക‌്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ പാറശാല മണ്ഡലത്തിൽ കൊല്ലയിൽ, കുന്നത്തുകാൽ, പാറശാല, പെരുങ്കടവിള, വെള്ളറട, അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, ഒറ്റശേഖരമംഗലം എന്നീ ഒമ്പത് പ‌ഞ്ചായത്തുകൾ ഉൾപ്പെടുന്നു. കന്യാകുമാരി ജില്ലയുമായി വിശാലമായ അതിർത്തി പങ്കിടുന്ന മണ്ഡലം എന്ന പ്രത്യേകതയും പാറശാലയ്‌ക്കുണ്ട്.

സ്ഥാനാർത്ഥികൾ

2026 നിയമസഭാ തിര‌ഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎ സി കെ ഹരീന്ദ്രനെ തന്നെയാണ് എൽഡിഎഫ് വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് യുഡിഎഫ് സ്ഥാനാർത്ഥി. അഡ്വ. ഗിരീഷ് നെയ്യാറാണ് ബിജെപി സ്ഥാനാർത്ഥി. ടി തങ്കച്ചൻ (ബിഎസ്‌പി), ദീപുമോൻ (എഎപി), ക്രിസ്റ്റഫർ ഷാജു വൈ ആർ (സ്വതന്ത്രൻ), റോബിൻസൺ (സ്വതന്ത്രൻ), സിമിയോൺ എൽ പി (സ്വതന്ത്രൻ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

ചരിത്രം

  • 1957ലും 1960ലും കോൺഗ്രസിലെ കുഞ്ഞുകൃഷ്‌ണൻ നാടാരായിരുന്നു പാറശാലയുടെ ജനപ്രതിനിധി.
  • 1967ൽ കോൺഗ്രസിലെ തന്നെ ഗമാലിയേൽ ഇവിടെ വിജയിച്ചു.
  • 1970ൽ എം സത്യനേശൻ സിപിഎമ്മിനായി പാറശാല പിടിച്ചെടുത്തു.
  • 1977ൽ സത്യനേശനെ പരാജയപ്പെടുത്തി കുഞ്ഞുകൃഷ്‌ണൻ നാടാർ വീണ്ടും പാറശാലയെ കോൺഗ്രസിന്റേതാക്കി.
  • 1980ലും 1982ലും സുന്ദരേശൻ നാടാർ കോൺഗ്രസിനായി മണ്ഡലം നിലനിർത്തി.
  • 1987ൽ എം സത്യനേശൻ പാറശാലയെ ചുവപ്പണിയിച്ചു.
  • 1991ൽ യുവനേതാവായ എംആർ രഘുചന്ദ്രബാലിനെ ഇറക്കി യുഡിഎഫ് പാറശാല തിരിച്ചുപിടിച്ചു.
  • 1996ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ സുന്ദരൻ നാടാർ സ്വതന്ത്രനായി രംഗത്തെത്തി. ഇരുമുന്നണികളെയും പരാജയപ്പെടുത്തി 4727 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി.
  • 2001ൽ കോൺഗ്രസിൽ തിരിച്ചെത്തിയ സുന്ദരൻ നാടാർ 11550 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി.
  • 2006ൽ എൽഡിഎഫിന്റെ സെൽവരാജ് 4407 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സുന്ദരൻ നാടാരെ തോൽപ്പിച്ചു.
  • തുടർന്ന് ഭൂമിശാസ്ത്രപരമായി പാറശാല മണ്ഡലത്തിന് രൂപമാറ്റം വന്നു. സെൽവരാജ് നെയ്യാറ്റിൻകരയിലേക്കു പോയി.
  • 2011ൽ കോൺഗ്രസിലെ എ ടി ജോർജ് 505 വോട്ടിന് എൽഡിഎഫിന്റെ ആനാവൂ‌ർ നാഗപ്പനെ തോൽപ്പിച്ചു. അന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന അഡ്വ. എസ് സുരേഷ് 10310 വോട്ട് നേടി.
  • 2016ൽ സിപിഎമ്മിന്റെ സി കെ ഹരീന്ദ്രൻ പാറശാലയിൽ 18,566 വോട്ടിന് സിറ്റിംഗ് എംഎൽഎ ആയിരുന്ന എ ടി ജോർജിനെ പരാജയപ്പെടുത്തി. ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ട് മൂന്നുമടങ്ങ് വർദ്ധിപ്പിച്ച് ബിജെപി സ്ഥാനാർത്ഥി കരമന ജയൻ 33,028 വോട്ട് നേടി.
  • കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി കെ. ഹരീന്ദ്രൻ 25,828 വോട്ടിനാണ് യുഡിഎഫിന്റെ അൻസജിത റസലിനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി കരമന ജയന് 2016നേക്കാൾ വോട്ട് കുറഞ്ഞ് 29,850 എന്ന നിലയിലുമെത്തി.
  • 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫാണ് പാറശാലയിൽ ലീഡ് നേടിയത്. യുഡിഎഫ് 59,026 വോട്ട് നേടിയപ്പോൾ എൽഡിഎഫ് 46,654 വോട്ടും നേടി. 45,957 വോട്ട് നേടി ബിജെപി കരുത്തുകാട്ടി.

ഭരണചക്രം തിരിക്കുന്ന മണ്ഡലം

കേരളം ആര് ഭരിക്കുമെന്ന് പാറശാലയിലെ വോട്ടർമാർക്ക് മുൻകൂട്ടി അറിയാമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഈ മണ്ഡലത്തിലെ മുൻകാല ഫലങ്ങൾ വന്നിട്ടുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചപ്പോൾ കേരളത്തിൽ അധികാരത്തിലെത്തിയത് അതേ പാർട്ടിയാണ്. പാറശാല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുന്ന കാലങ്ങളിൽ സംസ്ഥാനം ഭരിച്ചിരുന്നത് കോൺഗ്രസാണ്. കഴിഞ്ഞ രണ്ട് തവണ സി കെ ഹരീന്ദ്രൻ വിജയിച്ചപ്പോൾ ചരിത്രപരമായി എൽഡിഎഫ് തുടർഭരണം നേടുകയും ചെയ്‌തു.

വോട്ടർമാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ

സി കെ ഹരീന്ദ്രൻ എംഎൽഎ ആയതോടെ മികച്ച റോഡുകൾ, കുടിവെള്ള പദ്ധതികൾ, വീടുകൾ എല്ലാം ജനങ്ങളിലേക്കെത്തിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്നും ദുരിതമനുഭവിക്കുന്നവർ ഏറെയാണ്. ഇന്നും ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം കുടിവെള്ളം ലഭിക്കുന്ന സ്ഥലങ്ങൾ ഏറെയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നിരവധിയുണ്ടെങ്കിലും ഇവിടെയെല്ലാം കിടത്തിചികിത്സ കുറവാണ്. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ഏറെയുള്ള മണ്ഡലത്തിൽ ഇതൊരു പോരായ്‌മയാണ്. ഇതെല്ലാം ഈ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

2026 ആർക്കൊപ്പം?

ആരുടെയും കുത്തകയല്ലാത്ത പാറശാല മണ്ഡലത്തിലെ ഫലം പ്രവചനാതീതമാണ്. നേരത്തേ ഇടത്, വലത് മുന്നണികൾ തമ്മിലുള്ള പോരാട്ടമായിരുന്നു ഇവിടെയെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാഷ്‌ട്രീയ വളർച്ച നേടിയ ബിജെപി പാറശാലയിൽ ത്രികോണമത്സരവേദിയാക്കിയിട്ടുണ്ട്. നിലവിലെ എംഎൽഎയും ഇടത് സ്ഥാനാർത്ഥിയുമായ സി കെ ഹരീന്ദ്രൻ ജനപ്രിയനാണ്. പാർട്ടി വോട്ടുകളും ജനഹിതവുമനുസരിച്ച് ഇക്കുറിയും സി കെ ഹരീന്ദ്രനാണ് സാദ്ധ്യത കൂടുതൽ. വോട്ടർമാരുടെ പ്രതികരണവും അത്തരത്തിലാണ്. പതിവിലും വിപരീതമായി ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ വോട്ടർമാരുടെ എണ്ണവും കൂടുതലാണ്.

TAGS: KERALA ASSEMBLY ELECTION, PARASSALA ASSEMBLY CONSTITUTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.