
വളരെ സിമ്പിളായ മനുഷ്യനാണ് എസ്.പി. വെങ്കിടേഷ്. എപ്പോഴും ഒരു ചിരി മുഖത്തു കാണും. ഇന്നേവരെ ആരോടും അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. കുട്ടികളെപ്പോലെയാണ് എപ്പോഴും ചിരിക്കുക. അതേ മുഖവുമാണ്. ആ കുട്ടിത്തമുണ്ട് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകൾക്കും. പടങ്ങൾ റീ റെക്കോഡ് ചെയ്യുകയെന്നത് വലിയൊരു കലയാണ്. കണ്ടക്ട് ചെയ്യാനും നോട്സ് എഴുതാനും ഒരുപോലെ പ്രാഗത്ഭ്യമുള്ളയാൾ അന്ന് അപൂർവമായിരുന്നു. ഇന്നും.
അന്ന് പടങ്ങൾ സ്‌ക്രീനിൽ ഓടിക്കോണ്ടിരിക്കുമ്പോൾത്തന്നെ നോട്സ് എഴുതി പിന്നീട് റെക്കോഡ് ചെയ്യണം. സംഗീതത്തെക്കുറിച്ച് അത്രയേറെ ജ്ഞാനമുള്ള ജോൺസൺ മാസ്റ്ററെ പോലുള്ളവർക്കേ അത്തരം കഴിവുകളുണ്ടായിരുന്നുള്ളൂ.
എസ്.പി. വെങ്കിടേഷിന്റെ വലിയൊരു പ്രത്യേകത വികാരനിർഭരമായ രംഗങ്ങൾക്ക് അത്രമാത്രം മനോഹരമായ സംഗീതം ചെയ്യാനുള്ള കഴിവാണ്. മിന്നാരത്തിന്റേയും കിലുക്കത്തിന്റെയുമൊക്കെ റീ റെക്കോഡിംഗ് ഞാനിന്നും ഓർക്കുന്നു. അത് കണ്ടുകൊണ്ട് പശ്ചാത്തലസംഗീതം ചെയ്യണം. അത്ര സമയമേയുള്ളൂ.
എന്റെ ഒരുപാട് ഹിന്ദി ചിത്രങ്ങളുടെയും ഭാഗമായിരുന്നു അദ്ദേഹം. 'ഗർദീഷ് ' എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതമൊരുക്കിയത് അദ്ദേഹമായിരുന്നു. ആ സിനിമയുടെ പ്രിവ്യൂ കാണാൻ എ.ആർ. റഹ്മാൻ വന്നിരുന്നു. പിറ്റേ ദിവസം എന്നെ റഹ്മാൻ വിളിച്ചുചോദിച്ചു ആരാണ് പശ്ചാത്തല സംഗീതം ചെയ്തത്. ഓർക്കസ്‌ട്രേഷൻ അറേഞ്ച് ചെയ്ത രീതി അദ്ഭുതപ്പെടുത്തിയെന്ന് പറഞ്ഞു റഹ്മാൻ.
പ്രതിഭാധനനായൊരു ഗിത്താറിസ്റ്റ് കൂടിയാണ് അദ്ദേഹം. എല്ലാ പാട്ടുകളും അതുകൊണ്ടുതന്നെ ഗിത്താറിലാണ് കംപോസ് ചെയ്യാറ്. അന്നത്തെക്കാലത്ത് അതൊരു കൗതുകമായിരുന്നു. കാരണം, മിക്ക സംഗീതസംവിധായകരും ഒന്നുകിൽ ഹാർമോണിയം, അല്ലെങ്കിൽ തബലയാണ് ഉപയോഗിച്ചിരുന്നത്.
മലയാളത്തിന് എന്നും ഓർക്കാവുന്ന ഒരുപാട് മെലഡികൾ അദ്ദേഹം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |