
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ജീവനൊടുക്കിയതിൽ കൊച്ചിയിൽ കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ ഫ്ളാറ്റ് ഇടപാടുകളിലേക്കും അന്വേഷണം. കൊച്ചിയിലെ 156 ഫ്ളാറ്റുകൾ വളരെ വില കുറച്ചുകാട്ടി വിറ്റെന്ന സംശയമാണ് ആദായ നികുതി റെയ്ഡിലേക്ക് നയിച്ചതെന്നു കരുതുന്നു.
വിലകുറച്ച് കാണിക്കൽ, പണമായി നേരിട്ട് വാങ്ങൽ, നികുതി വെട്ടിപ്പ് തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന. ഒരു കോടിയോളം രൂപ വില വരുന്ന ഫ്ളാറ്റുകൾക്ക് 40-50 ലക്ഷം രൂപയാണ് രേഖകളിലുള്ളത്.
ഈ ഫ്ളാറ്റ് ഇടപാടുകളെ തുടർന്നാണ് ആദായ നികുതി വകുപ്പ് റോയിക്കും കോൺഫിഡന്റിനും പിന്നാലെ കൂടിയത്. ഇതിന്റെ ഭാഗമായിരുന്നു നവംബർ, ഡിസംബർ മാസങ്ങളിലെ ബംഗളൂരുവിലെ പരിശോധനകൾ. വിദേശത്ത് കമ്പനി നടത്തിയ നിക്ഷേപങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും അവർ തേടിയിരുന്നു. ഡിജിറ്റൽ രേഖകൾ, ബാങ്ക് വിവരങ്ങൾ, വിൽപ്പനക്കരാറുകൾ തുടങ്ങിയവ കസ്റ്റഡിയിലെടുത്തിരുന്നു. അനധികൃത പണമിടപാടുകൾ കണ്ടെത്തിയാൽ ഇ.ഡിയും അന്വേഷണം നടത്താനിടയുണ്ടായിരുന്നു.
ബാങ്ക് വായ്പകളൊന്നുമില്ലാതെ ദുബായിൽ വമ്പൻ നിക്ഷേപങ്ങൾ നടത്തിയതിലും ഏജൻസികൾക്ക് സംശയങ്ങളുണ്ട്. റെയ്ഡുകൾക്കെതിരെ എട്ട് കമ്പനികൾക്ക് വേണ്ടി റോയ് ഹൈക്കോടതിയിൽ ഡിസംബർ 16ന് ഹർജി നൽകിയെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് പിൻവലിച്ചതിലും ദുരൂഹതയുണ്ട്. ഇതിനെക്കുറിച്ച് മനസിലാക്കാൻ അന്വേഷണസംഘം കോൺഫിഡന്റ് ഗ്രൂപ്പിന്റെ അഭിഭാഷകരിൽ നിന്ന് വിവരങ്ങൾ തേടിയേക്കും.
ആത്മഹത്യാ കുറിപ്പിൽ
നേതാവിന്റെ പേരും
മരണത്തിന് തൊട്ടുമുമ്പ് ആരെയൊക്കെ റോയ് വിളിച്ചിരുന്നു എന്നറിയാൻ ഫോൺ കാൾ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ഡയറിലെ ഒമ്പതു പേജുകളിലായി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരുണ്ടെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. റോയിക്ക് കടുത്ത മാനസിക വിഷമതകൾ ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പുള്ള ദിനങ്ങളിൽ ജയനഗറിലെ ഒരു ഡോക്ടറെയും റോയി സന്ദർശിച്ചിരുന്നത്രെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |