SignIn
Kerala Kaumudi Online
Monday, 16 February 2026 1.29 AM IST

കേരളകൗമുദി സാമൂഹ്യ മാറ്റങ്ങളുടെ ചാലക ശക്തി: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക മാറ്റങ്ങളുടെ ചാലകശക്തിയായി പ്രവർത്തിച്ചത് കേരള കൗമുദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മാസ്‌കോട്ട് ഹോട്ടലിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജാതീയ ഉച്ചനീചത്വങ്ങളും അയിത്തവും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ടവന്റെയും പുറന്തള്ളപ്പെട്ടവന്റെയും ശബ്ദമായിരുന്നു കേരളകൗമുദി. കേരളം കെട്ടിപ്പടുക്കാൻ നിർണായക പങ്ക് വഹിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു. 1911 ഫെബ്രുവരി 11ന് ആദ്യ പത്രാധിപരായിരുന്ന സി.വി കുഞ്ഞുരാമൻ പത്രത്തിന് പേര് നൽകിയത് 'കേരളകൗമുദി' എന്നായിരുന്നു. ദീർഘ വീക്ഷണത്തോടെ അന്വർത്ഥമായ പേരാണ് നൽകിയത്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിരന്തരം തൂലിക ചലിപ്പിച്ച അദ്ദേഹം ഗുരുദർശനം ജനകീയമാക്കാനും പ്രയത്നിച്ചു.

പിന്നീട് വന്ന പത്രാധിപർ കെ. സുകുമാരന്റെ മുഖപ്രസംഗങ്ങൾ അനീതിക്കെതിരെയുള്ള തുറന്നു പറച്ചിലുകളായിരുന്നു. കേരളകൗമുദിയിലെ രാഷ്ട്രീയ വിശകലനങ്ങൾ എപ്പോഴും നിഷ്പക്ഷവും തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവയുമാണ്. രേഖകൾ സഹിതം നൽകിയിട്ടുള്ള എക്സ്‌ക്ലൂസീവ് വാർത്തകൾ പലപ്പോഴും സർക്കാരുകളെ പ്രതിരോധത്തിലാക്കി.

രാഷ്ട്രീയ രഹസ്യ നീക്കങ്ങളും അഴിമതികളും പുറംലോകം അറിയുന്നതിന് മുൻപ് കേരളകൗമുദിയിലൂടെ പുറത്തു വന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ കേരളകൗമുദിക്ക് പ്രത്യേക സ്ഥാനമുണ്ട്. നിയമസഭയിലെ രാഷ്ട്രീയ വിശകലനങ്ങളിൽ വസ്തുതാപരമായ പുതിയ ശൈലി പരിചയപ്പെടുത്തി. വാർത്തകളിലെ സത്യസന്ധത, വികസനോൻമുഖത, വസ്തുതാനിഷ്ഠമായ എക്സ്‌ക്ലൂസീവ് റിപ്പോർട്ടിംഗ് എന്നിവ ഈ മാറിയ കാലത്തും തുടരാൻ കേരള കൗമുദിക്ക് കഴിയുന്നു.

അതേസമയം, നവകേരള നിർമ്മിതിയെന്ന ദൗത്യത്തിന് തുണയാകാൻ ഭൂരിപക്ഷം മാദ്ധ്യമങ്ങൾക്കും കഴിയുന്നില്ല. കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള പ്രത്യേക അജൻ‌ഡയാണ് ചിലർക്ക്. വർത്തമാനകാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്വമുള്ള മാദ്ധ്യമ പ്രവർത്തനം തുടരാൻ ചീഫ് എഡിറ്റർ ദീപു രവിയുടെ നേതൃത്വത്തിൽ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് സ്വാഗതം ആശംസിച്ചു. മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവർ ആശംസയർപ്പിച്ചു.

ഭീമ മാനേജിംഗ് ഡയറക്ടർ എം.എസ്. സുഹാസ്, കേരള ബാങ്ക് സി.ഇ.ഒ ജോർട്ടി എം. ചാക്കോ, അമരാലയ മാനേജിംഗ് ഡയറക്ടർ ഡോ. ശക്തി ബാബു, ആനാട് ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അനിൽകുമാർ, ദി റോയൽ മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് ഹെഡ് അശ്വതി, കസവ്മാളിക മാനേജിംഗ് ഡയറക്ടർ ബി. സുരേന്ദ്രദാസ്, സിദ്ധ ആശുപത്രി ഡയറക്ടർ ഡോ. വിവേക്, നേമം വിക്ടറി വി.എച്ച്.എസ്.എസ് മാനേജർ കെ.വി ശ്രീകല, ഹോട്ടൽ ചിരാഗ് മാനേജിംഗ് ഡയറക്ടർ ഷാജി തോമസ് എന്നിവരെ ചടങ്ങിൽ മന്ത്രിമാരായ പി. രാജീവും വി. ശിവൻകുട്ടിയും ആദരിച്ചു. കേരളകൗമുദി ചീഫ് മാനേജർ എസ്. വിമൽകുമാർ നന്ദി പറഞ്ഞു.

TAGS: KAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.