SignIn
Kerala Kaumudi Online
Wednesday, 18 February 2026 1.25 PM IST

ആറ് കൊല്ലം പാഴാക്കിയ ദേശീയപാത പദ്ധതി

Increase Font Size Decrease Font Size Print Page
s

ഒരു ദേശീയ പാത വികസനത്തിനു വേണ്ടി ആറ് കൊല്ലം പാഴാക്കിയതിന് അധികൃതർ എന്തു ന്യായീകരണം പറയും. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ഒന്നായ ഗതാഗതത്തിന് വലിയ പ്രാധന്യം നൽകുന്ന കാലഘട്ടത്തിൽ ദേശീയ പാത 183 എയുടെ വികസനത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരാണ്. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ നിന്ന് തുടങ്ങി പത്തനംതിട്ട ജില്ല കടന്ന് ഇടുക്കിയിൽ അവസാനിക്കുന്ന ദേശീയ പാതയുടെ വികസനത്തിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആയിരത്തി അറുന്നൂറ് കോടി ചെലവ് കണക്കാക്കിയ ദേശീയ പാത വികസനത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് അതു റദ്ദാക്കി പുതിയ പദ്ധതി രേഖ തയ്യാറാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ആറ് വർഷം മുൻപ് പ്രഖ്യാപിച്ചതാണ് നിലവിലെ ദേശീയ പാത വീതി കൂട്ടിയും ബൈപ്പാസുകൾ നിർമ്മിച്ചും വികസിപ്പിക്കുന്നതിനുള്ള പദ്ധതി. പുതിയതായി സ്ഥലം ഏറ്റെടുത്തു മാത്രമേ റോഡ് വികസിപ്പിക്കാൻ കഴിയൂ. ഇതിനായിട്ടാണ് മുംബൈ ആസ്ഥാനമായ സ്വകാര്യ കൺസൾട്ടൻസി സ്ഥാപനം വിശദ പദ്ധതി രേഖ തയ്യാറാക്കിയത്. വികസനത്തിന് ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ സർവെ നമ്പരുകൾ പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ റോഡ് വികസനം അട്ടിമറിച്ചതിന് പിന്നിൽ വലിയ ശക്തികളുടെ ഗൂഢാലോചന സംശയിക്കുന്നുണ്ട്. പ്രധാന സ്ഥലങ്ങളിൽ ഭൂമി വിട്ടുകൊടുക്കേണ്ടവർ വിസമ്മതിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയത്. മത, സാമുദായിക ശക്തികളുടെ പിൻബലത്തിൽ ഒരു പാർലമെന്റ് അംഗത്തിൽ സ്വാധീനം ചെലുത്തിയതോടെ റോഡ് വികസനം മുടങ്ങി. സ്വന്തം വോട്ടു ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്ന് സ്ഥലം ഉടമകളുടെ പക്ഷം ചേർന്ന ജനപ്രതിധി പാതയുടെ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കത്തു നൽകി. ഇതോടെ, പദ്ധതിക്ക് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സർവെ നമ്പരുകൾ പ്രസിദ്ധീകരിക്കാൻ കഴിയാതെ പോയി. സ്ഥലം ഏറ്റെടുക്കൽ പ്രതിസന്ധിയിലായതോടെയാണ് പുതിയ പദ്ധതി രേഖ തയ്യാറാക്കാൻ കേന്ദ്രമന്ത്രി നിർദേശം നൽകിയത്.

സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ചില ഭാഗങ്ങളിൽ എതിർപ്പുയർന്നതിനെ തുടർന്ന് റോഡിന്റെ വീതി കുറച്ചിരുന്നു. എന്നിട്ടും എതിർപ്പ് തുടർന്നതിനാൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനായില്ല. റോഡിന്റെ വീതി കുറക്കേണ്ടി വന്നതോടെ ബൈപ്പാസുകളുടെയും വീത കുറച്ചു. മുപ്പത് മീറ്ററിൽ നാലുവരി പാതയായി ബൈപ്പാസ് നിർമ്മിക്കണമെന്നായിരുന്നു പദ്ധതി നിർദ്ദേശം. എം.പിയുടെ ആവശ്യപ്രകാരം പതിനെട്ടു മീറ്ററിൽ രണ്ടു വരിയായി കുറച്ചു.

@ ഇനി ചെലവ് ഉയരും

ആറുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് അന്ന് ആയിരത്തി അറുനൂറ് കോടിയാണ് ചെലവ് കണക്കാക്കിയത്. ഇനി പുതിയ പദ്ധതി രേഖ തയ്യാറാക്കി നിർമ്മാണ പ്രവർത്തിനങ്ങളിലേക്ക് കടക്കുമ്പോൾ ചെലവ് വൻ തോതിൽ വർദ്ധിക്കും. പുതിയ പദ്ധതി രേഖ സമർപ്പിച്ച ശേഷം നിർമ്മാണ ചെലവ് തുകയിൽ വർദ്ധന വരുത്തുമെന്നാണ് അറിയുന്നത്.

ആറു കൊല്ലത്തിനുള്ളിൽ നിർമ്മാണ സാമഗ്രികളുടെ വില കൂടി. ജോലിക്കൂലിയും കൂടി. ഇവ കണക്കൂകൂട്ടിയാകും പുതിയ തുക നിശ്ചയിക്കുക. തർക്കവും അനാസ്ഥയും മൂലം ഭീമമായ തുകയാണ് ആധികച്ചെലവ് വരിക.

നിലവിലെ പദ്ധതി രേഖയിൽ ഏഴ് ബൈപ്പാസുകളാണ് നിർദ്ദേശിച്ചിരുന്നത്. ഗതാഗത ആവശ്യകത, റോഡ് സുരക്ഷ, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ബൈപ്പാസുകൾക്കായുള്ള വ്യവസ്ഥകൾ പുതിയ പദ്ധതി രേഖയിൽ പരിഷ്കരിക്കും. നൂറ്റി പതിനാറ് കിലോമീറ്ററാണ് റോഡിന്റെ ദൂരം. പതിനാറ് മീറ്ററിൽ രണ്ടു വരി പാതയായിട്ടാണ് റോഡ് വികസനം വിഭാവനം ചെയ്തിരിക്കുന്നത്.

ദേശീയ പാതകളുടെ വികസനത്തിന് രാഷ്ട്രീയ മുഖം നോക്കാതെ അംഗീകാരം നൽകുന്നയാളാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനം സമർപ്പിച്ച എല്ലാ പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി റോഡ് വികസനത്തിന് സൗഹൃദപ്പാലം തീർത്തയാളാണ് ഗഡ്കരി. സംസ്ഥാനത്തോട് കേന്ദ്രം ഇങ്ങനെ അനുഭാവം കാട്ടുമ്പോൾ സ്ഥാപിത താൽപ്പര്യങ്ങൾക്കു വഴങ്ങി വികസനത്തിന് തുരങ്കം വയ്ക്കുന്നവർക്ക് പാർലമെന്റ് അംഗം തന്നെ കൂട്ടു നിന്നാൽ ദേശീപാതയുടെ ഗതിയെന്താകുമെന്ന് ആശങ്കയുണ്ട്. പുതിയ വിശദ പദ്ധതി രേഖ പ്രകാരം അലൈൻമെന്റിൽ മാറ്റം വരുത്തുന്നതോടെ ദേശീയ പാത വികസനത്തിന്റെ ലക്ഷ്യം കൈവരിക്കാനുകുമോ എന്നു സംശയം ഉയരുന്നുണ്ട്.

റെയിൽ വികസനത്തിൽ പുതിയ പദ്ധതികൾ വരുമ്പോൾ ദേശീയപാത വികസനത്തിൽ ബാഹ്യ ശക്തികളുടെ സമ്മർദ്ദം കാരണം സംസ്ഥാനം പിന്നിലാകുന്നു. വിലയ വെല്ലുവിളികളെ അതിജീവിച്ചാണ് പനലൂർ മുതൽ മൂവാറ്റുപുഴ വരെ ദേശീയപാത വികസിപ്പിച്ചത്. അവിടെയും സ്ഥലം ഏറ്റെടുപ്പിൽ പ്രതിസന്ധി നേരിട്ടിരുന്നു. ഇപ്പോൾ സംസ്ഥാനത്തെ അത്യാധുനിക റോഡുകളിൽ ഒന്നാണിത്. ദേശീയ പാത 183എയും ഇതേ നിലയിൽ വികസിപ്പിച്ചാൽ അന്തർ സംസ്ഥാന ഗതാഗതത്തിനും ചരക്കു നീക്കത്തിനും പ്രയോജനപ്പെടും.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.