SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.21 PM IST

കലയാണെല്ലാം; ജാതിഭേദങ്ങൾക്കും സമ്പത്തിനുമപ്പുറം...

Increase Font Size Decrease Font Size Print Page
rlv-

ഉത്സവങ്ങളുടെ കാലമാണിത്. ഡിജിറ്റൽ ലോകത്ത് നിറഞ്ഞാടുന്ന ജെൻ സി, ആൽഫ തലമുറകളുടെ കാലം. മെഗാ മ്യൂസിക് ഇവന്റുകളാണ് ഉത്സവങ്ങളായ ഉത്സവങ്ങളെയെല്ലാം കളറാക്കുന്നത്. ഭക്തിരസവും ശാസ്ത്രീയതയും ഉൾച്ചേർന്ന നൃത്ത-സംഗീതാവതരണങ്ങൾക്ക് കാഴ്ചക്കാർ കുറയുന്നത് സ്വാഭാവികം. എന്നാൽ, ക്ളാസിക്കൽ സംഗീതവും നൃത്തവും ഭക്തിരസപ്രധാനമായ വരികളും കൂട്ടിക്കുഴച്ച് കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും വെളിച്ചവും കാതടപ്പിക്കുന്ന ആധുനികസംഗീതങ്ങളും ചേർത്താൽ ന്യൂജെൻ ഒഴുകിയെത്തുന്നുമുണ്ട്. അതിനർത്ഥം, ക്ളാസിക്കൽ സംഗീത,നൃത്താദികൾ കാലത്തെ അതിജീവിക്കുന്നുവെന്നുകൂടിയാണ്. പുതിയ അഭിരുചികൾക്ക് അനുസൃതമായി അവതരിപ്പിക്കപ്പെടുമ്പോൾ പുതിയ തലമുറയും സ്വീകരിക്കുന്നു. അതുകൊണ്ടു തന്നെ ശാസ്ത്രീയമായി നൃത്തവും സംഗീതവും പഠിക്കാനും പഠിപ്പിക്കാനുമുളള സാഹചര്യവും താൽപ്പര്യവുമെല്ലാം കലകളുടെ ആസ്ഥാനമായ കേരളത്തിൽ നിലനിൽക്കേണ്ടതുണ്ട്. നൃത്തം പഠിക്കാൻ ഏറെ പണച്ചെലവുണ്ടെന്ന് അറിയാത്തവരുണ്ടാകില്ല. ഒരു കൗമാരക്കാരനോ കൗമാരക്കാരിയോ നൃത്തവേദിയിലെത്തണമെങ്കിൽ മാതാപിതാക്കൾ എത്രയോ സഹനങ്ങൾ നേരിടണം. ഗ്രേസ് മാർക്കിനും അപ്പുറം കലയെ സ്നേഹിക്കുന്ന നിരവധി കുഞ്ഞുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. ജൻമനാൽ പ്രതിഭകളും തിലകങ്ങളുമായവർ. പക്ഷേ, അവരുടെ ജീവിതസാഹചര്യങ്ങൾ എത്രയോ സങ്കടകരമാണ്. അവർ വെളളിവെളിച്ചത്തിലില്ല. അവർക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കിട്ടിയാലും ജനങ്ങൾ അറിയണമെന്നില്ല. എ ഗ്രേഡില്ലാത്തവർ അപൂർവ്വമാണല്ലോ. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ എടുത്തുകളഞ്ഞപ്പോൾ കലാരംഗത്തെ പ്രതിഭകളേയും തിലകങ്ങളേയും അറിയാതെ പോകുന്നുവെന്ന് പ്രശസ്ത നൃത്താദ്ധ്യാപകരും വിധികർത്താക്കളും അഭിപ്രായപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലും എ ഗ്രേഡ് നേടിയ പ്രജ്വൽ സുനിലിനെ ഓർമ്മ വരുന്നു. വടക്കാഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയാണ് പ്രജ്വൽ. അച്ഛൻ സുനിൽ കൂലിപ്പണിക്കാരനും അമ്മ സന്ധ്യ വടക്കാഞ്ചേരിയിലെ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരിയുമാണ്. നൃത്തവേദിയിലേക്ക് ആ കൗമാരതാരം എത്തിപ്പെടാൻ എത്രയോ കടമ്പകൾ കടന്നിരിക്കും. നടിമാരായ കാവ്യ മാധവനും അനു സിതാരയും അടക്കം അമ്പതിനായിരത്തിലേറെ നർത്തകരുടെ ഗുരുവായ ആർ.എൽ.വി.ആനന്ദിന്റെ ശിഷ്യനാണ് പ്രജ്വൽ സുനിൽ. അസാമാന്യമായ ആ പ്രതിഭ കണ്ട് സൗജന്യമായാണ് പ്രജ്വലിനെ ആനന്ദ് മാസ്റ്റർ പഠിപ്പിച്ചത്.
രാജ്യാന്തര തലത്തിൽ കൊറിയോഗ്രാഫറായി ശ്രദ്ധേയനായ ആർ.എൽ.വി.ആനന്ദ്, വീണ്ടും കലോത്സവത്തിൽ സജീവമായതും പ്രജ്വലിനെ അരങ്ങിലെത്തിച്ചായിരുന്നു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്നും ഭരതനാട്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആനന്ദ്, 19ാം വയസിൽ നൃത്താദ്ധ്യാപകനായിരുന്നു. പ്രജ്വലിനെപ്പോലെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ നിന്നാണ് അദ്ദേഹവും വളർന്നുവന്നത്. സാമ്പത്തികപ്രയാസങ്ങൾ കാരണം പത്താം ക്‌ളാസ് വരെ നൃത്തം പഠിക്കാനായില്ല.

1998ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനം നേടിയ രഞ്ജിമ എൻ.മോഹനും ശിഷ്യയായിരുന്നു. ഗുരുവെന്ന നിലയിൽ ആദ്യത്തെ സംസ്ഥാനതല സമ്മാനമായിരുന്നു അത്.

വെളളിവെളിച്ചത്തിലില്ലാത്ത പ്രതിഭകൾ

'മീശമാധവൻ' സിനിമ പുറത്തിറങ്ങിയ ശേഷമാണ് കാവ്യാമാധവൻ ശിഷ്യയാകുന്നത്. ഇപ്പോഴും കാവ്യയെ പഠിപ്പിക്കുന്നുണ്ട്. രാമായണം, പാഞ്ചാലി വസ്ത്രാക്ഷേപം, ഗീതോപദേശം, വൈശാലി, മഹിഷാസുര മർദ്ദനം തുടങ്ങി നിരവധി നൃത്തങ്ങൾ ചിട്ടപ്പെടുത്തി. ആറ് രാജ്യങ്ങളിൽ നൃത്തപരിപാടികളുടെ കൊറിയോഗ്രാഫിയും 24 ഡാൻസ് ഡ്രാമകളും നിർവഹിച്ചു. അമേരിക്കയിൽ അവതരിപ്പിച്ച ഭാവയാമി എന്ന നൃത്തനാടകവും ശ്രദ്ധേയമായി. ആദ്യമായി മഹാഭാരതം കഥയെ അസ്പദമാക്കി അവതരിപ്പിച്ച സമ്പൂർണ നൃത്തനാടകവും അമേരിക്കയിലായിരുന്നു. നാട്യാചാര്യ രത്‌നം, ആചാര്യചൂഢാമണി, നോർത്ത് അമേരിക്കയിലെ കലാസാംസ്‌കാരിക സംഘടനയായ മിത്രാസിന്റെ ഇന്ത്യൻ ക്ലാസിക്കൽ നർത്തകനുള്ള പുരസ്‌കാരം തുടങ്ങിയ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ആനന്ദ് മാസ്റ്ററെപ്പോലെ, പ്രജ്വലിനെപ്പോലെ എത്രയോ പ്രതിഭകൾ പ്രശസ്തിയുടെ വെളളിവെളിച്ചത്തിൽ നിന്നകന്ന് കലയ്ക്കായി ജീവിതം സമർപ്പിക്കുന്നുണ്ടാകും?

പ്രായം വെറും നമ്പരല്ലേ

കുട്ടനെല്ലൂർ ഹിൽ ഗാർഡൻസ് റസിഡൻസ് അസോസിയേഷനിലെ റിട്ടയേർഡ് ബാങ്കുദ്യോഗസ്ഥ അറുപത്തെട്ടുകാരി പോളിൻ, വീട്ടമ്മമാരായ സുനിത ദിലീപ്, ലൈല...ഇവരൊന്നും ഇന്നേ വരെ ചിലങ്കയണിഞ്ഞിട്ടില്ല. അനീറ്റ, ഷൈനി, സീമ, മേരീസ്, ദീപ, ഷീല, ജോഫി...ഇവർ പത്തുപേരും അറുപത് കഴിഞ്ഞവർ. വീട്ടമ്മമാർ. പുതുവർഷത്തിനും ഓണത്തിനും ക്രിസ്മസിനുമെല്ലാം വേദിയിൽ കയറി വെറുതെ ചുവടുവയ്ക്കും. അങ്ങനെയിരിക്കെയാണ് ശാസ്ത്രീയമായി നൃത്തം പഠിക്കാനിറങ്ങിയത്. മൂന്ന് വർഷം കഠിനപരിശീലനം. ഒടുവിൽ കഴിഞ്ഞദിവസം ഭരതനാട്യത്തിൽ അരങ്ങേറ്റം. കന്നിക്കാരുടെ നൃത്തം മിന്നിച്ചപ്പോൾ പ്രായം തോറ്റു.

നൃത്തം പഠിക്കാനുള്ള മോഹത്തിന് മുന്നിൽ മതവും പ്രായവും ശാരീരിക അവശതകളുമൊന്നും തടസമായില്ല. ഹിൽ ഗാർഡൻസിൽ താമസിക്കുന്ന നൃത്താദ്ധ്യാപിക ആർ.എൽ.വി.സൗമ്യയാേട് തിരുവാതിരക്കളി പഠിപ്പിക്കാനായിരുന്നു ഇവർ ആദ്യം ആവശ്യപ്പെടുന്നത്. തുടർന്ന് ഭരതനാട്യം പഠിച്ചാലെന്താ എന്നായി. മുട്ടുവേദനയും തോൾവേദനയും നടുവേദനയുമെല്ലാം മറന്ന് അവർ കളിച്ചു. നൃത്തം പരിശീലിച്ചപ്പോൾ പല ശരീരവേദനകളും മാറിയെന്ന് ഈ അമ്മമാർ പറയുന്നു.

ഭരതനാട്യം ആഴത്തിൽ പഠിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. മോഹിനിയാട്ടത്തിനും റെഡി. അരങ്ങേറ്റത്തിന് ഉദ്ഘാടകരായത് അവരുടെ ഭർത്താക്കന്മാരായിരുന്നു. മക്കളും പേരക്കുട്ടികളും റസിഡൻസ് അസോസിയേഷനിലുള്ളവരും പ്രോത്സാഹനവുമായി നിരന്നതോടെ സദസും നിറഞ്ഞു. നൃത്താദ്ധ്യാപിക സൗമ്യ നൽകിയ പിന്തുണയിലാണ് അരങ്ങേറ്റം വരെയെത്തിയതെന്ന് ഈ അമ്മമാർ പറയുന്നു. സൗമ്യയും ആർ.എൽ.വി.ആനന്ദിന്റെ ശിഷ്യയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെയായിരുന്നു ഇവർ മൂന്നുവർഷമായി പരിശീലനം തുടർന്നത്. കുറച്ചുനാൾ വിശ്രമത്തിന് ശേഷം വീണ്ടും പരിശീലനം തുടരും. അതെ,

കലയാണെല്ലാം. ജാതിഭേദങ്ങൾക്കും പ്രായത്തിനും പണത്തിനുമപ്പുറം...

TAGS: ART, ART NEWS, ARTIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY