
തിരുവനന്തപുരം: ന്യൂഡൽഹിയിൽ നടന്ന 2026-ലെ റിപ്പബ്ലിക് ദിന ക്യാമ്പിന്റെ ഭാഗമായുള്ള അഖിലേന്ത്യാ ബെസ്റ്റ് കേഡറ്റ് മത്സരത്തിൽ മാർ ഇവാനിയോസ് കോളേജിലെ അഡ്രിൻ ക്ലാരിസ് വി. വെങ്കല മെഡൽ നേടി. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബി.എസ്.സി സൂവോളജി വിദ്യാർത്ഥിനിയും 1(കെ) എയർ സ്ക്വാഡ്രൺ എൻ.സി.സി കേഡറ്റുമാണ് അഡ്രിൻ. രാജ്യത്തെ 16 ഡയറക്ടറേറ്റുകളിൽ നിന്നുള്ള ആയിരക്കണക്കിന് എയർ വിംഗ് കേഡറ്റുകൾ പങ്കെടുത്ത മത്സരത്തിലാണ് അഡ്രിൻ അഭിമാന നേട്ടം കൈവരിച്ചത്.
നേതൃത്വം, അച്ചടക്കം, ശാരീരിക ക്ഷമത, ഡ്രിൽ, വ്യക്തിത്വം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു മൂല്യനിർണയം. 2024-ലെ അഖിലേന്ത്യാ വായു സൈനിക് ക്യാമ്പിലും അഡ്രിൻ ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചിരുന്നു. അഡ്രിനൊപ്പം മാർ ഇവാനിയോസ് കോളേജിലെ മറ്റ് അഞ്ച് കേഡറ്റുകൾ കൂടി കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനായി ക്യാമ്പിൽ പങ്കെടുത്തു. കേഡറ്റ് സർജന്റ് അനാമിക എസ്. കുമാർ, കേഡറ്റ് കോർപ്പറലുകളായ മിഥുൻ ക്രിസ്റ്റഫർ ഷാജി, ആവണി ആർ., എബിൻ എൽ. സതീഷ്, ഒന്നാം വർഷ വിദ്യാർത്ഥി ഫാരിസ് മുഹമ്മദ് ലത്തീഫ് എൻ. എസ്. എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രൈം മിനിസ്റ്റേഴ്‌സ് റാലിയിൽ അനാമികയും ഫാരിസും പങ്കെടുത്തപ്പോൾ, മിഥുൻ ബെസ്റ്റ് കേഡറ്റ് മത്സരത്തിലും എബിൻ ഏറോമോഡലിംഗ് ഇവന്റിലും ആവണി കൾച്ചറൽസ് ഇവൻ്റിലും കോളേജിനെ പ്രതിനിധീകരിച്ചു. ഈ വിജയം കോളേജിനും കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനും വലിയ അഭിമാനമാണെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |