SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

തകർന്നിട്ട് ഏഴാണ്ട്: പാറശ്ശേരി തടയണ പുനർനിർമ്മിക്കാൻ നടപടിയായില്ല

Increase Font Size Decrease Font Size Print Page

കാളികാവ് : അടക്കാക്കുണ്ട് പാറശ്ശേരി കുറുക്കനങ്ങാടി തടയണ തകർന്നിട്ടും പുനർനിർമ്മാണത്തിനു നടപടിയില്ല.ഏഴു വർഷമായി തുടരുന്ന നാടിന്റെ കുടിനീർ പ്രശ്നം ഇക്കൊല്ലം രൂക്ഷമാകും.

തകർന്ന ഭാഗം നവീകരിച്ചാൽ നാടിന്റെ കുടിവെള്ള പ്രശ്നവും ബ്ലോക്ക് വ്യവസായ പാർക്കിലേക്കുള്ള ജലലഭ്യതയും പരിഹരിക്കാനാകും.

ഒരു ഗ്രാമത്തിന്റെ ജലസ്രോതസ്സായിരുന്ന തടയണ തകർന്നിട്ട് ഏഴാണ്ട് പിന്നിട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല.

2018ലെ മലവെള്ളപ്പാച്ചിലിലാണ് അരിമണൽ പുഴയ്ക്കു കുറുകെ നിർമ്മിച്ച കരിങ്കൽ തടയണ ഒരു ഭാഗം ഇരുപത് മീറ്ററോളം തകർന്നത്.

ഇതോടെ നൂറിലേറെ കുടുംബങ്ങളുടെ കുടിവെള്ളമാണ് മുട്ടിയത്.അര നൂറ്റാണ്ട് മുമ്പ് ജല സേചനത്തിനും കുടിവെള്ളത്തിനുമായാണ് തടയണ നിർമ്മിച്ചത്. തടയണ തകർന്ന ഭാഗത്തിലൂടെ പുഴ തിരിഞ്ഞൊഴുകിയത് കനത്ത ഭൂനഷ്ടത്തിനും കാരണമായി. വൻതോതിൽ കൃഷിഭൂമി ഇടിഞ്ഞ് നശിച്ചു.

നേരത്തെ ചെങ്കോട് അടയ്ക്കാക്കുണ്ട് ഭാഗങ്ങളിലെ കൃഷിയാവശ്യത്തിനായി ഈ ചിറയിൽ നിന്നാണ് തോട് നിർമ്മിച്ച് വെള്ളം കൊണ്ടുപോയിരുന്നത്. പിന്നീട് കൃഷിയാവശ്യം ഇല്ലാതായെങ്കിലും നാടിന്റെ കുടിനീർ പ്രശ്നം പരിഹരിച്ചിരുന്നത് ഈ തടയണയായിരുന്നു.

ഇപ്പോൾ തടയണയിൽ അല്പം പോലും വെള്ളം കെട്ടി നിറുത്താൻ പറ്റാത്തതിനാൽ മദ്ധ്യവേനലിനു മുമ്പ് പ്രദേശത്തെ കിണറുകൾ മുഴുവനും വറ്റി വരളും.കുടിവെള്ളത്തിനായി നാട്ടുകാർ കടുത്ത പ്രയാസം നേരിടുകയും ചെയ്യും.

പുതിയ പദ്ധതിയല്ല പരിഹാരം

തടയണ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്

നാട്ടുകാർ പലതവണ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

അതിനിടെ , ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നിർമ്മിക്കുന്ന വ്യവസായ പാർക്കിനു വേണ്ടി 50 ലക്ഷം രൂപ ചെലവിൽ മറ്റൊരു തടയണ 200 മീറ്റർ താഴെ നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്. ഇതിനെതിരെനാട്ടുകാർ രംഗത്തുണ്ട്.

തകർന്ന തടയണ കുറഞ്ഞ ചെലവിൽ പുനർനിർമ്മിച്ചാൽ നാടിന്റെ കുടിനീർ പ്രശ്നത്തിനും വ്യവസായ പാർക്കിലെ ജല ലഭ്യതക്കും പരിഹാരമാകും.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY