SignIn
Kerala Kaumudi Online
Thursday, 19 February 2026 3.59 AM IST

ഉറക്കം ഒഴിയേണ്ടത് ഏത് ദിവസം? ശിവരാത്രി വ്രതത്തിന്റെ പൂര്‍ണഫലം ലഭിക്കാൻ ഇവ ചെയ്യണം

Increase Font Size Decrease Font Size Print Page
lord-shiva

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാന വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. എന്നാൽ ഇന്നും പലർക്കും എങ്ങനെ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്ന് അറിയില്ല. പൂര്‍ണഫലം ലഭിക്കാന്‍ ശിവരാത്രി വ്രതം എടുക്കേണ്ടത് എങ്ങനെ, ഉറക്കം ഒഴിയേണ്ടത് ഏത് ദിവസം എന്നിവ നോക്കാം.

ഇത്തവണ ഫെബ്രുവരി 15നാണ് മഹാശിവരാത്രി വരുന്നത്. ചതുർദശി നാളിലാണ് ശിവരാത്രി. ഫെബ്രുവരി 15ന് രാവിലെ മുതല്‍ പിറ്റേദിവസം വ്യാഴാഴ്ച എട്ട് മണിവരെ ചതുര്‍ദശിയാണ്. ശിവരാത്രി വ്രതം ഫെബ്രുവരി 15നാണ് എടുക്കേണ്ടത്. പക്ഷേ തലേന്ന് മുതൽ അതിനുള്ള ഒരുക്കം ആവശ്യമാണ്. തലേദിവസമായ ഫെബ്രുവരി 14ന് മത്സ്യമാംസാദികൾ കഴിക്കരുത്. വൈകുന്നേരം കുളിച്ച് വിളക്ക് തെളിയിച്ച് മഹാദേവനെ മനസില്‍ ധ്യാനിക്കുക. പിറ്റേദിവസം രാവിലെ സൂര്യോദയത്തിന് മുമ്പ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് ശിവഭഗവാനെ പ്രാർത്ഥിക്കണം. ഓം നമഃശിവായ മന്ത്രവും ശിവസ്തുതികളും ചൊല്ലണം. രാവിലെ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ശിവരാത്രി ദിവസം പൂര്‍ണമായും ഉപവസിച്ച് വ്രതം അനുഷ്ഠിക്കുന്നവര്‍ ഉണ്ട്. അതല്ലാതെ ഒരിക്കലൂണ് എടുത്ത് വ്രതം എടുക്കുന്നവരുണ്ട്. തിരുവാതിരയ്ക്കും ശിവരാത്രിയ്ക്കുമാണ് വ്രതമെടുക്കുന്നവര്‍ ഉറക്കം ഒഴിയുന്നത്. ശിവരാത്രി നാളിലാണ് ഉറക്കം ഒഴിയേണ്ടത്. അല്ലാതെ തലേദിവസമല്ല. ഫെബ്രുവരി 15ന് രാത്രിയാണ് അത് വരുന്നത്.

ക്ഷേത്രത്തില്‍ പോയി ഉറക്കം ഒഴിയാൻ കഴിയാത്തവർക്ക് വീട്ടിൽ പരമശിവന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ നിലവിളക്ക് തെളിയിച്ച് ശിവസ്തുതികളോ ശിവ അഷ്ടോത്തരമോ സഹസ്രനാമമോ അല്ലെങ്കില്‍ ഓം നമഃശിവായ മന്ത്രമോ ജപിക്കാം. ശിവരാത്രി ദിവസം ഭസ്മം തൊടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്.

രാവിലെ വ്രതം തുടങ്ങുമ്പോള്‍ ഭസ്മം നനച്ച് തൊടുക. വൈകുന്നേരം നനക്കാതെയും തൊടുക. രാവിലെ 8.53 വരെ ചതുര്‍ദശിയാണ്. ആ സമയം വരെ ശിവരാത്രി വ്രതം നീളും. അതിനുശേഷം ക്ഷേത്രത്തിലെത്തി തീര്‍ത്ഥം സേവിച്ചോ വീട്ടില്‍ പുണ്യാഹം ഉണ്ടാക്കി സേവിച്ചോ വ്രതം അവസാനിപ്പിക്കാം.

TAGS: RITUALS, SHIVARATRI, VRATHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY