SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.09 PM IST

'വെറ്രിലക്കൊല്ലി'യുടെ വിശപ്പു മാറ്റണം

Increase Font Size Decrease Font Size Print Page
s

ഗിരിവർഗം എന്നത് വനമേഖലയിലെ വെറുമൊരു ജനവിഭാഗമല്ല; സംസ്കാരത്തിന്റെയും ഭാഷയുടെയും അപൂർവമായ ഔഷധ വിജ്ഞാനത്തിന്റെയും വനവിഭവങ്ങളുടെയും പ്രാചീന കലാരൂപങ്ങളുടെയും മഹത്തായൊരു ജൈവഖനിയാണ് അത്. അതുകൊണ്ടാണ് ഗിരിവർഗക്കാരുടെ സംരക്ഷണത്തിനും വികസനത്തിനുമായി ലോകാരോഗ്യ സംഘടന മുതൽ കേന്ദ്ര,​ സംസ്ഥാന സർക്കാരുകളും,​ പൈതൃക സംരക്ഷണ രംഗത്തെ കാക്കത്തൊള്ളായിരം സംഘടനകളും വരെയുള്ളവർ ഓരോ വർഷവും സഹസ്രകോടികളുടെ പദ്ധതികൾ ആവിഷ്കരിക്കുന്നതും,​ ഗിരിവർഗ മേഖലകളിലേക്ക് കണക്കറ്റ പണമൊഴുക്കുന്നതും! നിർഭാഗ്യകരമെന്നു പറയട്ടെ,​ ഒഴുകിയ പണത്തിന്റെ ചെറിയൊരു ശതമാനം പോലും ഇവരുടെ ക്ഷേമത്തിനോ സംരക്ഷണത്തിനോ വേണ്ടി ചെലവഴിക്കപ്പെട്ടില്ലെന്നു മാത്രമല്ല,​ അത് മൊത്തമായി ഇടനിലക്കാരും രാഷ്ട്രീയക്കാരും കരാറുകാരും ചേർന്ന് കൊള്ളയടിച്ചതിന്റെ നാണക്കേടേ നമ്മുടെ പശ്ചിമഘട്ട മലനിരകൾക്ക് പറയാനുണ്ടാവൂ.

മലപ്പുറത്തെ ഗിരിവർഗ മേഖലയിൽ നിന്ന്,​ 'പട്ടിണിയിൽ വലഞ്ഞ് നിലമ്പൂരിലെ ആദിവാസികൾ" എന്ന ശീർഷകത്തിൽ ഷാബിൽ ബഷീർ തയ്യാറാക്കിയ ശ്രദ്ധേയമായൊരു റിപ്പോർട്ട് 'കേരളകൗമുദി" ഫ്രെബ്രുവരി അ‍‍ഞ്ചിന് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. നിലമ്പൂർ ഉൾവനത്തിൽ,​ വെറ്റിലക്കൊടി ഊരിലെ കാട്ടുനായ്ക്ക,​ മുതുവാൻ വിഭാഗത്തിൽപ്പെട്ട 28 കുടുംബങ്ങളിലായുള്ള 90 പേരുടെ ജീവിതദുരിതത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ റിപ്പോർട്ട്. ഇവിടെ,​ ഒരു കുടുംബത്തിന് പ്രതിമാസം 30 കിലോ അരി റേഷനായി നല്കുന്നുണ്ടെങ്കിലും,​ വിശപ്പടക്കാൻ മറ്റൊന്നും ഇല്ലാത്തതിനാൽ മൂന്നുനേരവും ചോറ് മാത്രം കഴിക്കുന്ന ഇവർക്ക് ആ അരി രണ്ടാഴ്ചയ്ക്കു പോലും തികയില്ല. മരത്തിൽ നിന്നുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സുന്ദരൻ എന്ന ആദിവാസിയെ മുൻനിറുത്തി തയ്യാറാക്കിയ 'കേരളകൗമുദി" റിപ്പോർട്ടിനെ തുടർന്ന് വെറ്റിലക്കൊടി ഊരിൽ ഗിരിവർഗക്കാർ നേരിടുന്ന ദുരിതത്തിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉറപ്പു നല്കിയിട്ടുണ്ട്.

'കേരളകൗമുദി" റിപ്പോർട്ട് വായിച്ച,​ തിരുവനന്തപുരം പാറശാലയിലെ പ്രമുഖ വ്യവസായിയും പോൾരാജ് ആൻഡ് സൺസ് ഉടമയുമായ എ. പോൾരാജ്,​ വിദഗ്ദ്ധ ചികിത്സ ആവശ്യമായ സുന്ദരന് ഒരുലക്ഷം രൂപ അടിയന്തരമായി നല്കുമെന്നാണ് അറിയിച്ചത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സുന്ദരന് ധനസഹായം നേരിട്ട് നല്കാനാണ് കമ്പനി തീരുമാനം. അതിദാരിദ്ര്യമുക്തമെന്ന് നമ്മൾ അഭിമാനിക്കുന്ന കേരളത്തിലാണ് ഗിരിവർഗ വിഭാഗം ഇപ്പോഴും അനുഭവിക്കുന്ന വിശപ്പിന്റെ കഥയെന്നതാണ് വിചിത്രം. ഈയിടെ വെറ്റിലക്കൊല്ലി ഊരിൽ ഡോക്ടർമാരുടെ സംഘടന നടത്തിയ മെഡിക്കൽ ക്യാമ്പിലെത്തിയ 40-ൽ 30 പേർക്കും പോഷകാഹാരക്കുറവ് മൂലമുള്ള വിളർച്ച കണ്ടെത്തിയിരുന്നു. വനത്തിനുള്ളിൽ,​ അഞ്ചുകിലോമീറ്റർ ദൂരം ദുർഘടപാതകളിലൂടെ നടന്നുമാത്രം ചെന്നെത്താനാവുന്ന ഇടമാണ് വെറ്റിലക്കൊല്ലി ഊര്. വികസനത്തിന്റെ പേരിൽ മേനിനടിക്കുന്ന നാട്ടിൽ,​ ഉൾവനത്തിലെ ഈ മനുഷ്യജീവിത ദുരിതം എത്രപേർ അറിയുന്നു!

ജീവിതത്തിന്റെ പൊതുധാരയിൽ നിന്ന് അകന്ന്,​ നമ്മുടെ കൺവെട്ടത്തു നിന്നുപോലും അകന്ന്,​ കാടിന്റെ മക്കളായിത്തന്നെ ജീവിതം ജീവിച്ചുതീർക്കുന്ന ഗിരിവർഗക്കാർ നിശബ്ദമായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടത്. അതിനായി പൊതുവിതരണം,​ ആരോഗ്യം,​ വനം,​ റവന്യു വകുപ്പുകൾ സംയുക്തമായി സമഗ്ര പദ്ധതി തയ്യാറാക്കി അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ട്. നിലമ്പൂർ വെറ്റിലക്കൊടി ഊരിലെ ഗിരിവർഗ കുടുംബങ്ങൾക്ക് ആവശ്യമായത്ര ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കുകയാണ് ആദ്യം വേണ്ടത്. നട്ടെല്ലിന് പരിക്കേറ്റ സുന്ദരന് വിദഗ്ദ്ധ ചികിത്സ ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കൊല്ലം സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി ഒ.ആർ. കേളു നല്കിയ ഉറപ്പ് പാലിക്കപ്പെടാൻ ഒരു ചുവപ്പുനാടയും തടസമായിക്കൂടാ. അതിനൊപ്പം,​ സംസ്ഥാനത്ത് വിവിധ ജില്ലകളിലായുള്ള നാലേമുക്കാൽ ലക്ഷത്തിലധികം വരുന്ന ഗിരിവർഗക്കാർ നേരിടുന്ന ജീവിതദുരിതങ്ങൾക്ക് ശാശ്വത പരിഹാരം സാദ്ധ്യമാക്കുകയും വേണം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY