SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.17 PM IST

വിവാഹവാഗ്ദാനങ്ങളും പീഡനക്കേസുകളും

Increase Font Size Decrease Font Size Print Page
s

ഒരിക്കൽ വിവാഹിതയായ സ്‌ത്രീയെ വിവാഹ വാഗ്ദാനം നൽകി മറ്റൊരാൾ പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി വർദ്ധിച്ചുവരുന്ന പീഡനക്കേസുകളുടെ ഗതിയും സ്വഭാവവും നിർണയിക്കുന്നതിന് സഹായകമാകും. ഇത്തരം പീഡന പരാതികൾ ബലാത്സംഗക്കുറ്റത്തിന്റെ ഗൗരവത്തെ നിസാരമാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഛത്തീസ്‌ഗഡിലെ അഭിഭാഷകനെതിരെ അഭിഭാഷക നൽകിയ ബലാത്സംഗക്കേസും ഇതുമായി ബന്ധപ്പെട്ട് ബിലാസ്‌പൂർ സെഷൻസ് കോടതിയിലെ തുടർ വിചാരണ നടപടികളും റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ള പീഡന പരാതികൾ പ്രതിയുടെ മേൽ മായാത്ത കളങ്കമാണ് പതിപ്പിക്കുന്നത്. ഈ മട്ടിലുള്ള പരാതികൾ പരിഗണിക്കുമ്പോൾ കീഴ്‌ക്കോടതികൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

മനുഷ്യജീവിതത്തിലെ ഏറ്റവും പവിത്രവും സുന്ദരവുമായ ചടങ്ങായി എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും വിവാഹത്തെ വാഴ്‌ത്തുന്നു. വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും അതിനു ശേഷമുള്ള സുഖദുഃഖങ്ങൾ ദമ്പതികൾ ഒരേപോലെ അനുഭവിക്കുന്നു. ദൈവം കൂട്ടിയിണക്കിയതിനെ വേർപെടുത്തുന്നത് പാപമാണെന്നും കരുതപ്പെടുന്നു. സർവ ഗുണങ്ങളും ചേർന്നവരായിരിക്കില്ല ജീവിതപങ്കാളികളാകുന്നത്. അവരുടെ കുടുംബ സാഹചര്യങ്ങളും രക്ഷിതാക്കളുടെ സ്വഭാവരീതികളും പങ്കാളികളെ സ്വാധീനിക്കും. ഏതു സൗഹൃദത്തിന്റെയും സ്നേഹബന്ധത്തിന്റെയും ആയുസ് പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണ്. അതിനു കോട്ടം തട്ടുമ്പോഴാണ് ബന്ധങ്ങളിൽ വിള്ളലുണ്ടാകുന്നതും ക്രമേണ തകർച്ചയിലേക്ക് നീങ്ങുന്നതും.

കോടാനുകോടി ജീവജാലങ്ങളിൽ ഏറ്റവും പുണ്യവും വിലമതിക്കാനാവാത്തതുമാണ് മനുഷ്യജന്മം. അതിന്റെ മഹത്വം മനസിലാക്കാതെ പരസ്പരം പോരടിക്കുന്നതും പങ്കാളിയെ ഏതുവിധേനയും തോല്പിക്കാൻ ശ്രമിക്കുന്നതും ഇക്കാലത്തു കൂടിക്കൂടിവരുന്നു. നിസാരപ്രശ്നങ്ങൾ പോലും വളച്ചൊടിച്ചും പർവതീകരിച്ചും നിയമക്കുരുക്കിലെത്തിക്കുന്നു. സ്വാർത്ഥലാഭത്തിനുവേണ്ടി അതിനുള്ള തെളിവുകളും വാദഗതികളും നിരത്തുന്നു. നീതിയുടെ വിജയത്തെക്കാൾ സ്വന്തം വിജയം മാത്രമേ അക്കൂട്ടർ പരിഗണിക്കുന്നുള്ളൂ അതിനാണ് സുപ്രീംകോടതി തടയിട്ടിരിക്കുന്നത്.

പരസ്പര സമ്മതത്തോടെ ശാരീരികബന്ധത്തിലേർപ്പെട്ടശേഷം ബന്ധം വഷളാകുമ്പോൾ ബലാത്സംഗക്കേസ് നൽകുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇത്തരം പരാതികൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ല. ബലാത്സംഗക്കുറ്റത്തെ വ്യക്തിവൈരാഗ്യം തീർക്കാൻ ഉപയോഗിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചിട്ടുണ്ട്.

ഛത്തീസ്‌ഗഡിലെ പരാതിക്കാരി വിവാഹിതയാണ്. നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടുമില്ല. ഒരു വിവാഹം നിലനിൽക്കെ രണ്ടാം വിവാഹത്തിൽ ഏർപ്പെടാനാകില്ല. കുറ്റകൃത്യം നടന്നെന്ന് പറയുന്ന കാലത്ത് പരാതിക്കാരിക്ക് നിയമപരമായി വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ മറ്റൊരാളുടെ വിവാഹവാഗ്ദാനം നിയമപരമായി നടപ്പാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താൻ വിവാഹിതയാണെന്നും വിവാഹമോചനത്തിന് കേസ് നടക്കുകയാണെന്നും പറയുന്ന അതേ ശ്വാസത്തിൽ വിവാഹവാഗ്ദാനം ലഭിച്ചതുകൊണ്ടാണ് ശാരീരികബന്ധത്തിന് തയ്യാറായതെന്നും പറയാൻ പരാതിക്കാരിയെ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ക്രിമിനൽ കേസ് നൽകുന്നത് നീതിന്യായ സംവിധാനത്തിന്റെ ദുരുപയോഗമാണ്. പരാതിക്കാരി സാധാരണ സ്‌ത്രീയല്ല, അഭിഭാഷകയാണ്. കേസ് കൊടുക്കുംമുമ്പ് വിവേകവും വിവേചനവും കാട്ടണമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.

വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണെന്ന് ഒരു ചടങ്ങിനിടെ പരിചയപ്പെട്ട അഭിഭാഷകനോട് പറഞ്ഞിരുന്നു. എന്നാൽ വിവാഹവാഗ്ദാനം നൽകി നിരന്തരം ശാരീരികബന്ധത്തിലേർപ്പെട്ടു. ഗർഭിണിയായപ്പോൾ ഒഴിഞ്ഞുമാറി ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നാണ് അഭിഭാഷകയുടെ പരാതി.

സമൂഹത്തിന്റെ നിലനില്പിനാധാരമായ വിവാഹബന്ധത്തിന്റെ അർത്ഥവും ദൃഢതയും ശരിയായി ഗ്രഹിക്കാൻ കഴിയാത്തവരാണ് നിയമയുദ്ധങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നത്. എതിരാളിയെന്ന് പ്രതിഷ്ഠിക്കുന്നവരെ തോൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങുമ്പോൾ അറിഞ്ഞോ അറിയാതെയോ താനും തോറ്റുപോകുന്നുവെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയാൻ വൈകിപ്പോകുന്നു.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY