SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.33 PM IST

ഉയർന്ന റേഞ്ച് ലഭിക്കും, ചാർജ് നഷ്‌ടവും ഒഴിവാക്കാം, ഇവി ഡ്രൈവ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Increase Font Size Decrease Font Size Print Page
ev-charging

പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുമ്പോൾ ബദൽ മാർഗമെന്ന നിലയിലാണ് ആദ്യമാദ്യം പലരും ഇവി വാഹനങ്ങൾ വാങ്ങിയത്. എന്നാൽ ദീർഘദൂര യാത്രകൾക്ക് ഇവയ്‌ക്ക് മതിയായ ചാർജിംഗ് സ്റ്റേഷനുകളില്ലാത്തത് വലിയ വിഷമമായിരുന്നു. പറയുന്നത്ര റേഞ്ച് ഓട്ടത്തിൽ ലഭിക്കാത്ത പരാതികളും ഉയർന്നിരുന്നു. എന്നാൽ ഈ പ്രശ്‌നങ്ങളൊക്കെ മെല്ലെ പരിഹരിക്കപ്പെടുന്നുണ്ട് ഇന്ന്‌. ഇവികൾ പൊതുവിൽ ഇന്നുവരെ നമ്മൾ പാലിച്ചുപോന്ന ഡ്രൈവിംഗ് ശൈലിയെ തന്നെ മാറ്റുന്നവയാണെന്നാണ്‌ പല ഉപയോക്താക്കളും വ്യക്തമാക്കുന്നത്.

റോഡിലെ പൊതുവായ അഗ്രസീവ് ഡ്രൈവിംഗ് ശൈലിയെ തന്നെ മാറ്റുന്നതാണ് ഇവിയുടെ ഉപയോഗം. ഇവി കാറുകളുടെ പൊതുവായ പ്രത്യേകത അവ നിശബ്‌ദമാണ് എന്നതാണ്. എഞ്ചിൻ നോയിസ് തീരെ ഇല്ലാത്തതിനാൽ അത്‌ വാഹനം ഓടിക്കുന്നവരെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും സ്‌പീഡോമീറ്ററിലുള്ളതിലും കുറവ് വേഗത്തിലാണോ വാഹനം നീങ്ങുന്നതെന്ന് സംശയം ആദ്യമാദ്യം തോന്നാം. ക്രമേണ റോഡിന്റെ ഘടനയെ കുറിച്ചും എത്ര വേഗമാണ് വാഹനത്തിനുള്ളതെന്നും മനസിലാക്കാൻ സാധിക്കും.

ഒപ്പമുള്ളവരുമായി സംസാരിച്ചുപോകുമ്പോൾ വ്യക്തമായി കേൾക്കാൻ സാധിക്കുമെന്ന ഗുണമുണ്ട്. മാത്രമല്ല യാത്രാക്ഷീണത്തിലും അതുവഴി കുറവുവരുത്തും. വേഗത കുറവുള്ളതുപോലെ ഡ്രൈവ് ചെയ്യുമ്പോൾ തോന്നാം. ഇവികളിലെ ഇൻസ്റ്റന്റ് ടോർക്കും എളുപ്പമാർന്ന ആക്‌സിലറേഷനുമാണ് അതിന് കാരണം. വളരെവേഗം വാഹനം നിയന്ത്രണത്തിലാകും.

പെട്രോൾ, ഡീസൽ, സിഎൻജി വാഹനങ്ങളുടെ എഞ്ചിൻ നോയിസ് കൊണ്ടാണ് എത്രത്തോളം സ്‌പീഡിലാണ് പോകുന്നതെന്ന് ഡ്രൈവർ മനസിലാക്കുന്നത്. ഓവർടേക്കിംഗ് ചെയ്യുമ്പോൾ ഏറെ ഊർജവും കണക്കുകൂട്ടലും വേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഇവികളിൽ കുറവാണ്. എഞ്ചിൻ നോയിസും വാഹനത്തിന്റെ വൈബ്രേഷനും നോക്കിയല്ല സ്‌പീഡോമീറ്റർ കണ്ടാകും നിങ്ങൾ എത്ര വേഗതയിലാണ് വാഹനം ഓടിക്കുന്നതെന്ന് മനസിലാക്കുക. വാഹനങ്ങളെ മറികടക്കുമ്പോഴാകട്ടെ പെട്ടെന്നുള്ള ടോർക്കും പവറും ഓവർടേക്കിംഗ് വളരെ സ്‌മൂത്തായി ചെയ്യാൻ ഇവികൾ വഴി കഴിയുന്നു.

ev

ഇവി ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജ് നിൽക്കുമോ റേഞ്ച് എത്ര ലഭിക്കും എന്നതൊക്കെ മറ്റൊരു ആശങ്കയാണ്. 100 ശതമാനം ബാറ്ററി ചാർജും 400 കിലോമീറ്റർ റേഞ്ചും വാഹനം നൽകുമെന്ന് കരുതി വാഹനമെടുത്ത് നിരാശപ്പെടാതിരിക്കാൻ ചില മാർഗങ്ങളുണ്ട്. ആക്‌സിലറേഷൻ കൊടുക്കുമ്പോഴും ബ്രേക്ക് ചെയ്ത് ഡീസലറേഷൻ ചെയ്യുമ്പോഴും കാറിന്റെ റേഞ്ച് എത്ര വ്യത്യസ്‌തപ്പെടുന്നു എന്ന് ഡ്രൈവർ അറിയണം. എംജി വിൻഡ്‌സർ പോലെ സ്കേറ്റ്‌ബോർഡ് പ്ളാറ്റ്ഫോമിലെ കാറിന് ഇടയ്‌ക്കിടെ വേഗത കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കുക. യാത്രയിലുടനീളം സ്ഥിരതയാർന്ന വേഗത ശീലിക്കുക.

പെട്ടെന്നുള്ള ആക്‌സിലറേഷനും അതുപോലെ തന്നെ ബ്രേക്കിംഗും കാറിന്റെ ബാറ്ററി ഉപഭോഗത്തെ നേരിട്ട് സ്വാധീനിക്കും. ഇക്കോ, ഇക്കോ പ്ളസ്, നോർമൽ, സ്‌പോർ‌ട്‌സ് എന്നിങ്ങനെ മോഡുകൾ വിൻഡ്‌സറിലുണ്ട്. ഇവ കൃത്യമായി അതാത് പരിതസ്ഥിതിയിൽ ഉപയോഗിക്കുന്നത് റേഞ്ച് നിലനിർത്താൻ സഹായിക്കും. ഇങ്ങനെ കൃത്യമായി പ്ളാൻ ചെയ്‌താൽ റേഞ്ചിനെ ചൊല്ലി ആശങ്ക ഒഴിവാക്കാം. മിക്ക ഇവികളിലും പാഡിൽ ഷിഫ്‌റ്ററുകളുണ്ടാകും. ഇവ കൃത്യമായി ഉപയോഗിച്ചാൽ വിവിധതരം റോഡുകളിൽ മികവാർന്ന ഡ്രൈവിംഗിന് സഹായകരമാകും.

ഇവി വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ആവേശത്തെക്കാളും തിടുക്കത്തെക്കാളും ‌സ്‌മൂത്തായ ഡ്രൈവിംഗിനാണ് പ്രാധാന്യം നൽകേണ്ടത്. പെട്ടെന്ന് ചവിട്ടുന്ന ബ്രേക്കിംഗ് രീതി പോലുള്ള ശീലം അകറ്റണം. ഡ്രൈവിംഗ് എന്നാൽ ക്ഷമയും കൃത്യമായ പ്ളാനിംഗുമാണ് ഇവിയെ സംബന്ധിച്ച് വേണ്ടത്.

TAGS: EV DRIVING, CHARGE, RANGE ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY