
ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം അധികൃതരും അടങ്ങിയ സംഘം നടത്തിയ സ്വർണക്കൊള്ള തിട്ടപ്പെടുത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി. അതേസമയം, ദേവസ്വം വിജിലൻസ് സ്വമേധയാ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2017ൽ സ്വർണക്കൊടിമരം പുതുക്കി സ്ഥാപിച്ചതിൽ സംസ്ഥാന വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെ എൽ.ഡി.എഫ് ഭരണത്തിലെ സ്വർണപ്പാളിക്കൊള്ളയും യു.ഡി.എഫ് ഭരണത്തിലെ സ്വർണക്കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പും നിയമസഭാ തിരഞ്ഞെടുപ്പിലെ അജൻഡയായി മാറും.
കൊടിമരത്തിനായി സ്വർണവും
പണവും അമിതമായി വാങ്ങി
കൊച്ചി: കൊടിമര പ്രതിഷ്ഠയുടെ പേരിൽ സ്വർണവും പണവും ദുരുപയോഗം ചെയ്തിരിക്കാമെന്നാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. കുറ്റകൃത്യം സ്ഥിരീകരിക്കാനുള്ള പ്രാഥമിക അന്വേഷണത്തിനായി സമർത്ഥരായ ഉദ്യോഗസ്ഥരുടെ ടീമിനെ നിയോഗിക്കാൻ ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
2016 മുതലുള്ള ദേവസ്വം റെക്കാഡുകളും മഹസറുകളും മറ്റ് തെളിവുകളും പിടിച്ചെടുത്ത് വിജിലൻസ് ഡയറക്ടർക്ക് കൈമാറണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.
വിഷയം 19ന് പരിഗണിക്കും. അന്ന് എസ്.ഐ.ടിയിലെ എസ്.പി എസ്.ശശിധരനും ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ വി.സുനിൽകുമാറും നേരിട്ട് ഹാജരാകണം.
എസ്റ്റിമേറ്റ് പ്രകാരം 3.21 കോടിരൂപ ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്സ് ഇൻഫ്രാസ്ട്രെക്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നൽകിയിരുന്നു. 9.161 കിലോ തങ്കം കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്ന് എസ്.ബി.ഐ കൊച്ചി വില്ലിംഗ്ടൺ ശാഖവഴി ദേവസ്വം ബോർഡ് വാങ്ങി.
പത്തനംതിട്ട ധനലക്ഷ്മി ബാങ്കിൽ ദേവസ്വം എക്സിക്യുട്ടിവ് ഓഫീസറുടെ പേരിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു.
എന്നാൽ പലരിൽ നിന്ന് സ്‌പോൺസർഷിപ്പെന്ന പേരിൽ പണവും സ്വർണവും ഉന്നതർ കൈപ്പറ്റി.ഇതിൽ ഒരു നടൻ നൽകിയ സ്വർണവും നിർമ്മാതാവ് നൽകിയ സ്വർണ ബിസ്കറ്റുകളും ഉൾപ്പെടും. സ്വർണം നൽകിയ 27 പേരുടെ മൊഴിയെടുക്കേണ്ടതുണ്ട്. സ്വർണം നൽകിയവർക്ക് അളവ് അടക്കം വിശദമാക്കുന്ന ഫോം 3എ രസീത് നൽകുന്നതിൽ വീഴ്ച വരുത്തി. വ്യക്തിഗത അളവും സൂക്ഷിച്ചില്ല. 2017ൽ പ്രയാർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ ദേവസ്വം ബോർഡാണ് കൊടിമര പുനർനിർമ്മാണം നടത്തിയത്.
സ്വർണപ്പാളി സാമ്പിൾ അത്യാധുനിക
ലാബിൽ പരിശോധിക്കാൻ അനുമതി
സ്വർണക്കൊള്ളയുടെ യഥാർത്ഥ ആഴം കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധന വേണമെന്ന എസ്.ഐ.ടിയുടെ ആവശ്യം ഹൈക്കോടതി അനുവദിക്കുകയായിരുന്നു. മുംബയ് ഭാഭ അറ്റോമിക് റിസർച്ച് സെന്റർ, ജംഷഡ്പൂർ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി, ഹൈദരാബാദ് ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി എന്നിവയിലൊന്നിൽ പരിശോധിക്കാനാണ് തീരുമാനം. 12ന് ശബരിമലയിൽ നിന്ന് സാമ്പിൾ ശേഖരിക്കാനും അനുമതി നൽകി. ശബരിമലയുടെ പരിശുദ്ധിയെപോലും ബാധിച്ച സ്വർണാപഹരണക്കേസിന്റെ വിചാരണയ്‌ക്ക് അതിസൂക്ഷ്മമായ ശാസ്ത്രീയ തെളിവുകൾ അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നടപടി. ഏത് ലാബിലാണ് പരിശോധിക്കുകയെന്ന് 19ന് അറിയിക്കാനും നിർദ്ദേശിച്ചു.
മൂന്ന് പരിശോധനകൾ
1. എക്‌സ് റേ ഫ്ളൂറസന്റ് സ്‌പെക്ട്രോസ്‌കോപ്പി (എക്‌സ്.ആർ.എഫ്)
2. ഇൻഡക്റ്റീവ്‌ലി കപ്പിൾഡ് പ്ലാസ്മ മാസ് സ്‌പെക്ട്രോമെട്രി (ഐ.സി.പി എം.എസ്)
3. ഒപ്റ്റിക്കൽ എമിഷൻ സ്‌പെക്ട്രോസ്‌കോപ്പി (ഒ.ഇ.എസ്)
എത്ര സ്വർണമാണ് പൊതിഞ്ഞിരുന്നതെന്നും ഇത് നീക്കി എത്ര സ്വർണമാണ് പൂശാൻ ഉപയോഗിച്ചതെന്നും വ്യക്തമാകും. ചെമ്പ്- സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോ എന്നും അറിയാനാകും.
സ്വർണക്കൊള്ളയിൽ
മൂന്നുപേർകൂടി ...
പേജ്........
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |