ആലപ്പുഴ: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി എൻ.എസ്.എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയത് സംബന്ധിച്ചായിരുന്നു കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പരസ്യ പ്രചാരണം നടത്തുന്നത്. കരയോഗങ്ങളുടേയും വനിതാ സമാജങ്ങളുടേയും നേതൃത്വത്തിൽ പ്രചാരണം നടത്തി വരികയാണെന്ന് എൻ.എസ്.എസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ജാതി സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഒരു മുന്നണിക്ക് വേണ്ടി എൻ.എസ്.എസ് സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാൽ എൻഎസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. എൻ.എസ്.എസിനെതിരെ പരാതി കിട്ടിയാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതിസംഘടനകൾ ഏതെങ്കിലും ഒരു പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി എൻ.എസ്.എസ് പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇക്കാര്യത്തിലായിരുന്നു കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രതികരണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |