SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.09 PM IST

54,000 കോടിയുടെ ഡിജിറ്റൽ തട്ടിപ്പ്

Increase Font Size Decrease Font Size Print Page
s

സൈബർ തട്ടിപ്പിലൂടെ രാജ്യത്തെ ജനങ്ങൾക്ക് 2021 ഏപ്രിൽ മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ നഷ്ടമായിരിക്കുന്നത് 54,000 കോടി രൂപയാണ്. ഒരു പണിയും ചെയ്യാതെ ഫോണിലൂടെയും,​ സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെയും മറ്റുമാണ് അജ്ഞാത കേന്ദ്രങ്ങളിലിരുന്ന് തട്ടിപ്പുകാർ ഇത്രയും ഭീമമായ തുക വെട്ടിച്ചിരിക്കുന്നത്. ഈ കവർച്ച തീവെട്ടിക്കൊള്ളയാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇത് തടയുന്നതിൽ ബാങ്കുകൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും കോടതി എടുത്തുപറഞ്ഞു. ഡിജിറ്റൽ തട്ടിപ്പ് തടയാൻ കേന്ദ്രം ആർ.ബി.ഐ അടക്കമുള്ളവരുമായി കൂടിയാലോചിച്ച് മാർഗരേഖ കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചു.

തട്ടിപ്പുകാർക്ക് അക്കൗണ്ട് തുറക്കാനും ഇടപാടുകൾ നടത്താനും ബാങ്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുണ്ടോ എന്ന കോടതിയുടെ സംശയം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. ഇത് ബാങ്കിംഗ് സംവിധാനങ്ങളിൽ പൊതുജനങ്ങൾക്ക് ഇപ്പോഴുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ തട്ടിപ്പ് നേരിടാൻ സി.ബി.ഐ, റിസർവ് ബാങ്ക്, ഐ.ടി മന്ത്രാലയം എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്നാണ് വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ കോടതി പറഞ്ഞത്. വലിയ തുകകളുടെ ഇടപാടുകൾ അപ്രതീക്ഷിതമായി നടക്കുമ്പോൾ അക്കൗണ്ട് ഉടമയെ വിവരമറിയിക്കാനുള്ള ഒരു സംവിധാനം ബാങ്കുകൾ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം നടപ്പാക്കിയാൽത്തന്നെ ഇത്തരം വലിയ തട്ടിപ്പുകൾ ഒരു പരിധിവരെ തടയാനാവുന്നതാണ്.

ഇക്കാര്യത്തിൽ ലോക്കൽ പൊലീസിനുള്ള അജ്ഞതയും തട്ടിപ്പുകാർ മുതലെടുക്കുന്നുണ്ട്. ഒരു പെൻഷണർ അക്കൗണ്ടിൽ നിന്ന് പതിനായിരമോ ഇരുപതിനായിരമോ രൂപ പിൻവലിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പെട്ടെന്ന് അയാളുടെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷമോ 70 ലക്ഷമോ പിൻവലിക്കപ്പെട്ടാൽ ഉടൻ വിവരം നൽകാൻ ബാങ്കുകൾക്ക് സംവിധാനം വേണമെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സമഗ്രമായി പരിശോധിക്കുന്നതിനും സ്ഥാപനപരമായ വീഴ്ചകൾ പരിഹരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചെന്ന് സർക്കാർ തൽസ്ഥിതി റിപ്പോർട്ടിൽ കോടതിയെ അറിയിച്ചു. ഡൽഹിയിൽ 76 വയസുകാരിയായ വിധവ 1.64 കോടി രൂപയുടെ തട്ടിപ്പിന് ഇരയായ കേസ് സി.ബി.ഐ അന്വേഷണത്തിന് കൈമാറിയ വിവരവും റിപ്പോർട്ടിലുണ്ട്.

സി.ബി.ഐ മാത്രമല്ല, ഇന്റർപോളിന്റെ സഹായവും കൂടി ലഭിച്ചാൽ മാത്രമേ സ്വദേശത്തും വിദേശത്തുമായി പ്രവർത്തിക്കുന്ന തട്ടിപ്പിന്റെ ബുദ്ധികേന്ദ്രങ്ങളെ തകർക്കാനാവൂ. സൈബർ തട്ടിപ്പുകൾ മാത്രം അന്വേഷിക്കാൻ രാജ്യത്ത് ഒരു പ്രത്യേക ദേശീയ എജൻസി രൂപീകരിക്കുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കേണ്ടതാണ്. കാരണം,​ ഭാവിയിൽ പണത്തിന്റെ കൈമാറ്റം പൂർണമായും ഡിജിറ്റൽ മാർഗത്തിലേക്ക് തിരിയാനാണ് എല്ലാ സാദ്ധ്യതയും. അതിനാൽ തട്ടിപ്പുകാർ പുതിയ പദ്ധതികളും സാങ്കേതിക മാർഗങ്ങളും അതിനായി സ്വീകരിക്കും. ഇത്തരക്കാരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് വിഭാഗത്തിനേ കഴിയൂ. പല തട്ടിപ്പുകളും അന്യ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്നതിനാൽ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിന് പരിമിതികൾ ഉണ്ടാകും. അതിനാൽ ഒരു ദേശീയ ഏജൻസി തന്നെ ഇതിനായി പ്രത്യേകം രൂപീകരിക്കപ്പെടുന്നതാണ് ഉത്തമം.

TAGS: ONLINE FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY