SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.35 PM IST

മതപഠന സ്കൂളുകൾക്ക് സർക്കാർ അംഗീകാരം നിർബന്ധം

Increase Font Size Decrease Font Size Print Page
hc

കൊച്ചി: മതപഠനം നടത്തുന്ന വിദ്യാലയങ്ങളാണെങ്കിലും സംസ്ഥാന സർക്കാരിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമം ഇക്കാര്യം നിഷ്കർഷിക്കുന്നുണ്ട്. തൃശൂർ പുന്നയൂർ വടക്കേക്കാട്ടുള്ള മഅ്ദിൻ നോളജ് ഗാർഡൻ പബ്ലിക് സ്കൂൾ അടച്ചുപൂട്ടാനുള്ള ഉത്തരവിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്.

സ്കൂളിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിംഗിന്റെ അക്രഡിറ്റേഷനുണ്ടെന്നാണ് മാനേജ്മെന്റ് വാദിച്ചത്. ഖുറാനും അനുബന്ധ വിഷയങ്ങളും പഠിപ്പിക്കുന്ന പ്രീസ്കൂളാണെന്നും ചൂണ്ടിക്കാട്ടി.മതിയായ സർക്കാർ അംഗീകാരമില്ലാതെ സ്ഥാപനം പ്രവർത്തിക്കുന്നത് അനുവദനീയമല്ലെന്ന് മുൻകാല ഉത്തരവുകളടക്കം ഉദ്ധരിച്ച് കോടതി പറഞ്ഞു.

വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് 2025-26 അദ്ധ്യയന വർഷം വരെ സ്കൂളിന് പ്രവർത്തനം തുടരാൻ അനുമതി നൽകിയ കോടതി, അതിനുള്ളിൽ ടി.സി നൽകുന്നതടക്കമുള്ള ബദൽ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു.സ്കൂളിന്റെ പ്രവർത്തനത്തിനെതിരെ പുന്നയൂർ സ്വദേശികളായ മൊയ്തുണ്ണിക്കുട്ടി, ബാപ്പു എന്നിവർ നൽകിയ ഹർജിയിലാണ് വിധി. സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് മാനേജ്‌മെന്റ് നൽകിയ ഹർജി കോടതി തള്ളി. തുടർ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ വിദ്യാഭ്യാസ അധികൃതർക്കും നിർദ്ദേശം നൽകി.

TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY