SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.35 PM IST

സൈനിക സേവനത്തിനിടെ മാറാരോഗം ബാധിച്ചവർക്കും പെൻഷന് അർഹത

Increase Font Size Decrease Font Size Print Page
p

കൊച്ചി: സൈനിക സേവനത്തിനിടെ രോഗബാധിതരായി സ്വയം വിരമിച്ചവർക്കും ഡിസെബിലിറ്റി പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. ബ്രോങ്കൈൽ ആസ്ത്‌മ പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവർക്ക് ഈ ആനുകൂല്യം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി.

ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ ഹവിൽദാറായിരുന്ന ബി. മണിക്കുട്ടൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.1986-ൽ പൂർണ കായികക്ഷമതയോടെ സൈന്യത്തിൽ ചേർന്ന ഹർജിക്കാരന് 1994-ൽ ജമ്മു കാശ്മീരിലെ സേവനത്തിനിടെയാണ് ബ്രോങ്കൈൽ ആസ്ത്‌മ പിടി പെട്ടത്. ആരോഗ്യനില മോശമായതോടെ സ്വയം വിരമിച്ചു.

സ്വയം വിരമിച്ചവർക്ക് ഡിസെബിലിറ്റി പെൻഷന് അർഹതയില്ലെന്ന് ആംഡ് ഫോഴ്സ് ട്രൈബ്യൂണൽ നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ബ്രോങ്കൈൽ ആസ്ത്‌മ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുമെന്നും സൈനിക സേവനത്തിനിടെയാണ് ഇത് ബാധിച്ചതെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജോലിയിൽ പ്രവേശിക്കുമ്പോൾ ആരോഗ്യവാനായിരുന്ന ഒരാൾക്ക് പിന്നീട് രോഗം ബാധിച്ചാൽ അത് സേവന കാലത്തെ സാഹചര്യങ്ങൾ മൂലമാണെന്ന് കരുതേണ്ടി വരും. അതിനാൽ1996ൽ മെഡിക്കൽ ബോർഡ് നിശ്ചയിച്ച 20 ശതമാനം വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാരന് ഡിസെബിലിറ്റി പെൻഷൻ നൽകാൻ കോടതി ഉത്തരവിട്ടു. കുടിശിക മൂന്ന് മാസത്തിനുള്ളിൽ നൽകണം. സ്വയം വിരമിച്ചവർക്കും ഡിസെബിലിറ്റി പെൻഷന് അർഹതയുണ്ടെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ 2017ലെ ഉത്തരവും കോടതി പരിഗണിച്ചു.

TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY