SignIn
Kerala Kaumudi Online
Wednesday, 18 February 2026 1.49 PM IST

ലോകകപ്പ് ക്രിക്കറ്റിലെ രാഷ്ട്രീയക്കളികൾ

Increase Font Size Decrease Font Size Print Page

t20

കഴിഞ്ഞദിവസം കൊടിയേറിയ ഐ.സി.സി ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ സ്വയം പിന്മാറിയത് ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവും ആശ്വാസവും പകർന്നിരിക്കുകയാണ്. കളിക്കളങ്ങളെ രാഷ്ട്രീയ പോരാട്ടവേദിയാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്കു മുന്നിൽ വഴങ്ങാതിരുന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വിജയം കൂടിയാണിത്.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പ് തുടങ്ങുന്നതിനു മുന്നേ വിവാദങ്ങൾ തുടങ്ങിയിരുന്നു. ബംഗ്ളാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ ബംഗ്ളാദേശി താരം മുസ്താഫിസുർ റഹ്മാനെ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. തങ്ങളുടെ താരങ്ങൾക്ക് ഇന്ത്യയിൽ സുരക്ഷയില്ലെന്നും ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്നും ബംഗ്ളാദേശ് സർക്കാരാണ് കടുംപിടിത്തം പിടിച്ചത്. ബംഗ്ളാ ക്രിക്കറ്റ് ബോർഡിലെ മിക്ക അംഗങ്ങൾക്കും കളിക്കാർക്കും ഇതിനോട് യോജിപ്പില്ലായിരുന്നെങ്കിലും സർക്കാരിന് വഴങ്ങേണ്ടിവന്നു.

ബംഗ്ളാദേശുമായി പലകുറി ചർച്ചകൾ നടത്തിയെങ്കിലും അവരുടെ രാഷ്ട്രീയനേതൃത്വം വഴങ്ങാതെ വന്നതോടെ ലോകകപ്പിൽനിന്ന് ബംഗ്ളാദേശിനെ ഒഴിവാക്കുകയെന്ന കടുത്ത തീരുമാനത്തിലേക്ക് സംഘാടകരായ ഐ.സി.സി എത്തിച്ചേർന്നു. ബംഗ്ളാദേശിനു പകരം സ്കോട്ട്‌ലാൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതിന്റെ വാലിൽ പിടിച്ച് പാകിസ്ഥാൻ പ്രശ്നമുണ്ടാക്കിത്തുടങ്ങി. ഇന്ത്യയുമായുള്ള ‌ഈർഷ്യ പുറത്തെടുക്കാൻ അവസരം കാത്തിരുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്,​ ബംഗ്ളാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈമാസം 15-ന് കൊളംബോയിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യയുമായുള്ള മത്സരത്തിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ചു. പാക് ബോർഡിന്റെ തലവനും പാക് മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയാണ് ഈ തന്ത്രത്തിന് ചൂട്ടുപിടിച്ചത്. ബഹിഷ്കരണ തീരുമാനം പാക് പ്രധാനമന്ത്രിയെക്കൊണ്ട് പ്രഖ്യാപിക്കുകവഴി രാജ്യത്തിന്റെ തീരുമാനമാണെന്നും തങ്ങൾക്ക് അനുസരിച്ചേ മതിയാകൂ എന്നും വരുത്തിച്ച് ഐ.സി.സിയുടെ ശിക്ഷയിൽനിന്ന് ഒഴിവാകാനുള്ള അതിബുദ്ധിയും നഖ്‌വി പുറത്തെടുത്തു. കഴിഞ്ഞ ഏഷ്യാകപ്പ് ട്രോഫി വിജയികളായ ഇന്ത്യയ്ക്ക് ഇനിയും കൈമാറാതെ പിടിച്ചുവച്ചിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുംകൂടിയാണ് നഖ്‌വി.

ലോകകപ്പിനു തന്നെ കളങ്കമായി മാറുമായിരുന്ന പാകിസ്ഥാന്റെ തീരുമാനം പിൻവലിപ്പിച്ചത് ജയ് ‌ഷാ നയിക്കുന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വിജയമാണ്. ചർച്ചകൾക്കായി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയെ പാകിസ്ഥാനിലേക്ക് നേരിട്ടയച്ച ഐ.സി.സി ബഹിഷ്കരണത്തിന്റെ ഭവിഷ്യത്തുകൾ ബോദ്ധ്യപ്പെടുത്തി. ശ്രീലങ്കൻ ബോർഡിന്റെ ഇടപെടലും നിർണായകമായി. മത്സരം നടക്കുന്നത് കൊളംബോയിലായതിനാൽ വരുമാനനഷ്ടം തങ്ങൾക്കു കൂടിയാണെന്നും അത് ചെയ്യരുതെന്നും ലങ്കൻ ബോർഡ് ആവശ്യപ്പെട്ടു. 2009ൽ തങ്ങളുടെ ടീമിനുനേരെ പാക് ഭീകരാക്രമണം ഉണ്ടായിട്ടുകൂടി പാകിസ്ഥാനിലേക്ക് പിന്നീട് ടീമിനെ അയച്ചത് ചൂണ്ടിക്കാട്ടിയ ലങ്കൻ ബോർഡ്,​ ആ സഹകരണം തിരിച്ചുമുണ്ടാകണമെന്ന് ഓർമ്മിപ്പിച്ചു. തങ്ങളെ ചാരിയുള്ള ബഹിഷ്കരണം വേണ്ടെന്ന് ബംഗ്ളാദേശ് ബോർഡും പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിലൊക്കെയുപരി,​ മത്സരം ബഹിഷ്കരിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കുമെന്ന് ഐ.സി.സി പാകിസ്ഥാനെ ബോദ്ധ്യപ്പെടുത്തി. ഏകദേശം 1470 കോടി രൂപയുടെ നഷ്ടമായിരുന്നു പാകിസ്ഥാനെ കാത്തിരുന്നത്. നിയമനടപടികളുമായി ലോകകപ്പിന്റെ ടെലിവിഷൻ സംപ്രേഷണ അവകാശം നേടിയ ചാനൽ നീങ്ങിയാൽ പിന്നീട് പാകിസ്ഥാന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് തന്നെ തുലാസിലാകുമായിരുന്നു. ഈ സാഹചര്യങ്ങൾ മനസിലാക്കിയാണ് പാകിസ്ഥാൻ യൂ ടേൺ എടുത്തത്.അതേസമയം ഐ.സി.സിയെ സമ്മർദ്ദത്തിലാക്കാനുളള പാകിസ്ഥാന്റെ തന്ത്രമായും ബഹിഷ്കരണഭീഷണി വിലയിരുത്തപ്പെടുന്നുണ്ട്. ഐ.സി.സിയുടെ വരുമാന വിഹിതത്തിലെ വർദ്ധനയുൾപ്പടെ പല ഡിമാൻഡുകളും പാകിസ്ഥാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഏതായാലും രാഷ്ട്രീയ മുതലെടുപ്പുകൾക്ക് ലോകകപ്പ് പോലുള്ള കായിക മാമാങ്കങ്ങൾ വേദിയാകുന്നത് അഭിലഷണീയമല്ല. ഭാവിയിൽ ടൂർണമെന്റുകൾ നടത്തുമ്പോൾ ഐ.സി.സി ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.