
കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ ഷാഫി പറമ്പിൽ എം.പിയും ഡി.സി.സി സെക്രട്ടറിയും തമ്മിൽ പിടി വലി. ഉന്തിനും തള്ളലിനുമിടെ വേദിയിലുണ്ടായിരുന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വീണു. സംഭവം സോഷ്യൽ മീഡിയയിൽ സി.പി.എം പ്രവർത്തകർ ആഘോഷമാക്കി..
ഇന്നലെ രാവിലെ 11 മണിയോടെ കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.തൊട്ടിൽ പാലത്ത് നിന്നും തുറന്ന വാഹനത്തിൽ വി.ഡി സതീശനെത്തിയത് ഒന്നര മണിക്കൂർ വൈകിയാണ്. ഒപ്പയുണ്ടായിരുന്നത് ഷാഫി പറമ്പിൽ എം.പി, പാറക്കൽ അബ്ദുള്ള തുടങ്ങിയ നേതാക്കളായിരുന്നു. സമയം വൈകിയതിനാൽ മുതിർന്ന നേതാവ് എം.കെ രാഘവനെ പ്രസംഗിക്കാൻ സ്വാഗത സംഘം ചെയർമാനും ഡി.സി.സി സെക്രട്ടറിയുമായ അഡ്വ.പ്രമോദ് കക്കട്ടിൽ ക്ഷണിച്ചു. രാഘവൻ്റെ പ്രസംഗത്തിന് ശേഷം ഷാഫിയെ ക്ഷണിച്ചെങ്കിലും സമയക്കുറവ് കാരണം പ്രസംഗിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു. അണികൾ ഷാഫി സംസാരിക്കണമെന്നാവശ്യപ്പെട്ടപ്പോൾ പ്രമോദ് വീണ്ടും മൈക്കിന് മുന്നിലെത്തി ഷാഫിയുടെ പേര് വിളിക്കാനുള്ള ശ്രമത്തിനിടെ ഷാഫി പ്രമോദിനെ പിന്നിൽ നിന്നും തടയാൻ ശ്രമിച്ചു. അപ്പോഴാണ് ഉന്തും തള്ളുമായത്. മുൻനിരയിലിരിക്കുകയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഇരുവരേയും തടയാൻ ശ്രമിച്ചു. പക്ഷെ തിക്കിനും തിരക്കിനുമിടയിൽ മുല്ലപ്പള്ളി സീറ്റിലേക്ക് തന്നെ വീണു പോയി. തുടർന്ന് ഷാഫി രണ്ടു വാക്കിൽ പ്രസംഗം അവസാനിപ്പിച്ചിറങ്ങുകയായിരുന്നു. എന്നാൽ, പുതുയുഗ യാത്രയുടെ ജനപങ്കാളിത്തം കണ്ട് വിളറി പൂണ്ട ചില ദൃശ്യമാധ്യമങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പ്രമോദ് കക്കട്ടിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |