SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.25 PM IST

ആഗോള അയ്യപ്പസംഗമം: കണക്കിൽ പൊരുത്തക്കേട്, വിശദീകരണം തേടി ഹൈക്കോടതി

Increase Font Size Decrease Font Size Print Page
ayyappasangamam

കൊച്ചി: പമ്പാ തീരത്ത് ആഗോള അയ്യപ്പസംഗമം നടത്തിയതിലെ വരവുചെലവ് കണക്കുകളിൽ കണ്ടെത്തിയ പൊരുത്തക്കേടുകളിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിന്നും വിശദീകരണം തേടി. അയ്യപ്പസംഗമം വഴി ബോർഡിന് 3.40 കോടിയുടെ കടം വന്നതായി സ്വതന്ത്ര ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. ഇതിലടക്കം ഈ മാസം 27നകം വിശദീകരണം നൽകാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.

2025 സെപ്തംബർ 25നായിരുന്നു അയ്യപ്പസംഗമം. ഇതിനായി പൊതുഫണ്ട് വിനിയോഗിക്കില്ലെന്നാണ് ബോർഡ് വ്യക്തമാക്കിയിരുന്നത്. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ബോർഡിന് വേണ്ടി വിജയൻ ആൻഡ് അസോസിയേറ്റ്സ് എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാണ് ഓഡിറ്രിംഗ് നടത്തിയത്.

അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റിട്ട്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന് ടെൻഡറില്ലാതെ കരാർ ചെയ്തത് ശബരിമല സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തുക രേഖപ്പെടുത്തിയില്ല

1. വേദിയുടെ അളവെടുപ്പിലും വി.ഐ.പികളുടെ ഭക്ഷണച്ചെലവിലും പൊരുത്തക്കേടെന്നും റിപ്പോർട്ടിലുണ്ട്. അതിഥികൾക്ക് നൽകാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞൾ, കുങ്കുമം, ആടിയശിഷ്ടം നെയ്യ്, ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല

2. ഉപകരാർ കൊടുത്തതിന്റെ ബില്ലുകൾ ഓഡിറ്റിംഗിന് കിട്ടിയിട്ടില്ല. കലാപരിപാടികൾക്ക് എട്ടു ലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടുലക്ഷത്തിന്റെ വൗച്ചറുകൾ മാത്രമാണുള്ളത്. ജി.എസ്.ടി, ഇൻപുട്ട് ടാക്സ് ഇനങ്ങളിലും പൊരുത്തക്കേട്.

ആകെ ചെലവ്

എട്ടു കോടി

അയ്യപ്പസംഗമത്തിനുള്ള തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് സർക്കാരും ബോർഡും പറഞ്ഞിരുന്നത്. എന്നാൽ, പ്രതീക്ഷിച്ച സ്പോൺസർഷിപ്പ് കിട്ടാതെ ബോർഡിന് 3.40 കോടി കടബാദ്ധ്യതയുണ്ടായെന്ന് ഓഡിറ്റിൽ കണ്ടെത്തി. അഞ്ചു കോടിയാണ് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, എട്ടു കോടി ചെലവായി. ബോർഡിന്റെ ഫണ്ടിൽ നിന്ന് മുൻകൂറായെടുത്ത രണ്ടു കോടിയും തിരിച്ചടയ്ക്കാനായില്ല.

TAGS: AYYAPPA SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY