
ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ്, സിനിമയിൽ പുകഞ്ഞുകൊണ്ടിരുന്ന ആ സംഭവം പുറത്തുവന്നത്. കരാർ പ്രകാരമുള്ള പ്രൊമോഷന് പ്രധാന നടൻ എത്താതിരുന്നതിനാൽ 'നടന്ന സംഭവം" എന്ന സിനിമയുടെ നിർമ്മാതാവിന് ചാനലുകളിൽ നിന്ന് കിട്ടേണ്ട 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ആരോപിച്ചത്. പേരു പറയാൻ മടിയില്ലെന്നും, ബിജു മേനോനാണ് ആ നടനെന്നും വെളിപ്പെടുത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതുവശത്തെ കള്ളൻ" എന്ന സിനിമയുടെ പ്രൊമോഷനും ബിജു എത്തിയില്ലെന്നും വാർത്താസമ്മേളനത്തിൽ മാത്രമാണ് പങ്കെടുത്തതെന്നും ഉണ്ണികൃഷ്ണൻ തുറന്നടിക്കുകയും ചെയ്തു. സിനിമയുടെ പ്രൊമോഷനിൽ നിന്ന് ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം തുടങ്ങിയ യുവ നടന്മാർ അകാരണമായി വിട്ടുനിന്നുവെന്ന് മുമ്പ് ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്രയും സീനിയറായ നടനെതിരെ വിമർശനം ഇതാദ്യമാണ്. ബിജു മേനോൻ ഇതിൽ മൗനം പാലിച്ചെങ്കിലും, എതിർത്തും അനുകൂലിച്ചും പല പ്രതികരണങ്ങളുണ്ടായി. നടനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും അണിയറ നീക്കങ്ങൾ നടക്കുകയാണ്.
വാക്കുമാറ്റം?
'നടന്ന സംഭവം" സിനിമയുടെ പ്രൊമോഷനായി 10 ദിവസം നീക്കിവയ്ക്കുമെന്നാണ് ബിജു മേനോൻ കരാർ വച്ചതെന്ന് നിർമ്മാതാവ് അനൂപ് കണ്ണൻ പറയുന്നു. എന്നാൽ രണ്ടര മണിക്കൂർ മാത്രമാണ് നടൻ സഹകരിച്ചത്. ഇങ്ങനെയാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. പ്രൊമോഷൻ കോ-ഓർഡിനേറ്റ് ചെയ്യാൻ വിളിച്ചപ്പോൾ ബിജു ഉഴപ്പി. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവഗണിച്ചു. അതുകൊണ്ടാണ് നിർമ്മാതാക്കളുടെ സംഘടനയിൽ പരാതി നൽകിയത്. നിയമനടപടി ആലോചിക്കുമെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. ബിജു മേനോൻ ഈ നഷ്ടത്തിന്റെ ഒരു ഭാഗം നികത്തണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന പിന്നാലെ രംഗത്തെത്തി. 15 ലക്ഷം രൂപ ബിജു നിർമ്മാതാവായ അനൂപിന് നൽകണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. തുക ഈടാക്കാനുള്ള മാർഗവും കണ്ടെത്തി. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിനുള്ള ബിജു മേനോന്റെ പ്രതിഫലത്തിൽ നിന്ന് 15 ലക്ഷം ഈടാക്കാനാണ് നീക്കം. സംഭവത്തോടനുബന്ധിച്ച് താരങ്ങൾക്കെതിരെ കൂടുതൽ ആരോപണങ്ങളുണ്ടായി. നടീനടന്മാരുടെ അനാസ്ഥയാണ് സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണമെന്ന് ഫെഫ്ക വിമർശിച്ചു. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരും. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിന്റെ ഭാഗമാകുമെന്നും സംഘടന വ്യക്തമാക്കി.
നിർമ്മാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ, നടീനടമാർ എന്നിവർ തമ്മിലാണ് കരാർ.
'വലതുവശത്തെ കള്ളൻ" സിനിമയുടെ പ്രൊമോഷന് ബിജു മേനോൻ എത്താത്തത് ചിത്രത്തിന്റെ നിർമ്മാതാവ് ഷാജി നടേശൻ വലിയ പ്രശ്നമായെടുത്തില്ല. അഭിമുഖങ്ങൾ നൽകുന്നതിനോട് പൊതുവേ ബിജുവിന് വിമുഖതയുണ്ട്. തിയറ്റർ വിസിറ്റിനും ഇവന്റിനും എത്താമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ സിനിമയുടെ റിലീസ് തീയതി മാറിയതിനാൽ നടന്മാർ വേറെ തിരക്കിലായിപ്പോയി എന്നാണ് അദ്ദേഹം പറഞ്ഞത്. താരങ്ങളുടെ അഭിമുഖങ്ങൾ കൊണ്ട് മാത്രം രക്ഷപ്പെട്ട സിനിമകളില്ലെന്നും അഭിപ്രായപ്പെട്ടു.
പ്രമോഷന്റെ പങ്ക്?
ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് പ്രമുഖരുടെ പ്രതികരണങ്ങൾ ശ്രദ്ധേയമായി. മലയാള നടൻ അനൂപ് മേനോനും തമിഴ്നടൻ ശശികുമാറുമാണ് വേറിട്ട അഭിപ്രായങ്ങൾ പറഞ്ഞത്. സിനിമയുടെ പല മേഖലകളിലും കൈവച്ചിട്ടുള്ളവരാണ് ഇരുവരും. സിനിമയുടെ വിജയത്തിൽ ഇപ്പോൾ നടന്നുവരുന്ന തരം പ്രൊമോഷന് വലിയ പങ്കില്ലെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. തങ്ങളുടെ പുതിയ സിനിമകളുടെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് ഇവർ അതിനെ തള്ളിപ്പറഞ്ഞതെന്ന കാര്യവും ശ്രദ്ധേയം.
ഏഴുപേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എന്നാണ് 'തനിനിറം" സിനിമയുടെ പരിപാടിയിൽ അനൂപ് മേനോൻ ചോദിച്ചത്. വ്യക്തിപരമായ ചർച്ചകളാണ് പലപ്പോഴും നടക്കുന്നത്. അതിലല്ല കാര്യം. സിനിമയുടെ ഗുണമേന്മയാണ് ആളുകളെ തിയറ്റിൽ എത്തിക്കുന്നത്. ട്രെയ്ലറുകളും പോസ്റ്ററുകളും തന്നെയാണ് പ്രചാരണത്തിന് ഏറ്റവും മികച്ച മാർഗം. പോസ്റ്ററുകൾ പലപ്പോഴും വിതരണക്കമ്പനി ഓഫീസിൽ കെട്ടിക്കിടക്കാറാണ് പതിവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടൻ വിദൂര സ്ഥലങ്ങളിലാണെങ്കിൽ എങ്ങനെ വന്ന് പ്രൊമോഷന് പങ്കെടുക്കും? ഇതെല്ലാം പരിഗണിക്കണമെന്നാണ് അനൂപ് മേനോന്റെ പക്ഷം.
ക്യാമ്പസുകളിലും മറ്റും സിനിമയുടെ പ്രൊമോഷൻ നടത്തുമ്പോൾ വിദ്യാർത്ഥികൾ തിങ്ങിക്കൂടുന്നത് നടീനടന്മാരെ കാണാനാണെന്നായിരുന്നു ശശികുമാറിന്റ അഭിപ്രായം. ഈ തന്ത്രം എത്രത്തോളം ഫലപ്രദമാകും? ഗുണമേന്മയുള്ള ഉള്ളടക്കം, കാതോടുകാതോരം പകരുന്ന മികച്ച അഭിപ്രായം ഇതെല്ലാമാണ് സിനിമയുടെ വിജയത്തിന് സഹായകമാകുക. കോളേജുകൾ പഠിക്കാനുള്ളതാണ്. നിർമ്മാതാക്കൾ നിർബന്ധിച്ചാൽ മാത്രമേ താൻ ക്യാമ്പസുകളിൽ പ്രൊമോഷന് പോകാറുള്ളൂയെന്നും 'മൈ ലോർഡ് " എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ ശശികുമാർ പറഞ്ഞു.
ഏതായാലും 'നടന്ന സംഭവം" വിഷയത്തിൽ നഷ്ടപരിഹാരം കിട്ടുമെങ്കിൽ കേസ് ഒഴിവാക്കുമെന്ന് നിർമ്മാതാവ് പറഞ്ഞിട്ടുണ്ട്. പുതിയ കരാർ പ്രാബല്യത്തിലാകുമ്പോൾ എല്ലാ വിഭാഗം ചലച്ചിത്ര പ്രവർത്തകർക്കും അത് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം. അനൂപ് മേനോൻ പറഞ്ഞതുപോലെ നിയമ നടപടികളല്ല, പരസ്പര വിശ്വാസവും സ്നേഹവുമാണ് സിനിമാക്കാർ തമ്മിൽ വേണ്ടത്. കാരണം സിനിമ ജനങ്ങൾക്കും വേണ്ടപ്പെട്ടതാണ്. ആ മേഖല ആരോഗ്യകരമായി നിലനിൽക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |