SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

'അവന്റെ നിസംഗതയുടെ അർത്ഥം നഷ്‌ടബോധമാണെന്ന് എനിക്ക് മനസിലായി'; വൈറലായി മമ്മൂട്ടിയുടെ മിനിക്കഥ

Increase Font Size Decrease Font Size Print Page
mammootty

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി എഴുതിയ ഒരു മിനിക്കഥയാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനാണ് മിനിക്കഥ ആരാധകർക്ക് പരിചയപ്പെടുത്തിയത്. സുഹൃത്തുക്കളുടെ വാട്‌സ്‌ആപ് കൂട്ടായ്‌മയിൽ മമ്മൂട്ടി പങ്കുവച്ചതാണ് കഥയെന്ന് വി കെ ശ്രീരാമൻ പറയുന്നു.

കഥയുടെ പൂർണരൂപം

'വനത്തിലെ ആദിവാസി ഊരിലാണ് ഷൂട്ടിംഗ്. അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നുപിടക്കോഴികളെയും ഒരു പൂവൻകോഴിയെയും കൊണ്ടുവന്നിട്ടുണ്ട്. ഷൂട്ടിംഗ് ഇടവേളയിൽ സുന്ദരിയായ ഒരു പിടക്കോഴിയും പൂവൻകോഴിയും പരസ്‌പരം കലഹിക്കുന്ന രീതിയിലുള്ള ചില ചേഷ്‌ടകൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചതാണ്. അങ്ങനെ ഇന്നലത്തെ ഷൂട്ടിംഗ് കഴിഞ്ഞു. ഇന്നു രാവിലെ ലൊക്കേഷനിൽ എത്തിയപ്പോൾ ഇന്നലത്തെ പിടക്കോഴിയെ കാണാനില്ലെന്ന വാർത്തയാണ് എന്നെ എതിരേറ്റത്. ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലയ്‌ക്ക് കോഴിയെ തിരിച്ചേൽപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്.

എത്രയും പെട്ടെന്ന് മേൽപ്പറഞ്ഞ കോഴിയെ കണ്ടുപിടിക്കണമെന്ന് നിർമ്മാണ കാര്യദർശിയോട് ഞാൻ നിർദേശിച്ചു. സുന്ദരിയായ ഈ കോഴിക്കുട്ടിയെ പൂവൻകോഴി പീഡിപ്പിച്ചുകാണുമോ എന്നായിരുന്നു എന്റെ ഭയം. എന്നാൽ തികച്ചും നിസംഗനായി തീറ്റ കൊത്തിത്തിന്നുന്ന പൂവൻകോഴിയെയാണ് ഞാൻ അവിടെ കണ്ടത്. സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്. അവളുടെ തൂവലുകളുടെ ചന്തവും കോഴിനടയും കൊക്കുമെല്ലാം എന്റെ മനസിലൂടെ കടന്നുപോയി. ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഒരു കറുത്ത പട്ടിയെ എനിക്ക് സംശയമുണ്ടായിരുന്നു. അവനെങ്ങാനും ഇരുട്ടിന്റെ മറവിൽ തട്ടിയതാകുമോ? അങ്ങനെ പലതും ചിന്തിച്ച് കുറേ നേരം ഞാനങ്ങനെയിരുന്നു. ഒരു മണിക്കൂറിനുശേഷം നിർമ്മാണ കാര്യദർശി വന്ന് പറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടുപോയി.

എന്റെ സുന്ദരിക്കോഴി സുന്ദരനും മല്ലനുമായ ഒരു കാട്ടുകോഴിയുമായി ഒളിച്ചോടിയത്രേ. ഞാൻ പൂവങ്കോഴിയെ നോക്കി. അവന്റെ നിസംഗതയുടെ അർത്ഥം നഷ്‌ടബോധമാണെന്ന് എനിക്ക് മനസിലായി. 'ഷോട്ട് റെഡി' സഹസംവിധായകൻ വന്ന് വിളിച്ചു. പൂവൻ കോഴിയുടെ വിരഹദുഃഖവും പേറി ഞാൻ ഷോട്ടിലേക്ക്'.

TAGS: MAMMOOTTY, MOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY