
കഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ സമാഹരിച്ചത് 4,817 കോടി രൂപ
കൊച്ചി: സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പാലിച്ചില്ലെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് പാര്‍ലമെന്റിന്റെ പെറ്റീഷന്‍സ് കമ്മിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ 4,817 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയത്. പിഴ പൂര്‍ണമായും നിറുത്തലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കും ഡിപ്പാര്‍ട്ടുമെന്റ് ഒഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസും പുറത്തിറക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പിഴയ്ക്ക് പകരം റിവാര്‍ഡ് പോയിന്റുകള്‍, ഫീ ഒഴിവാക്കല്‍, പലിശ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി മിനിമം ബാലന്‍സ് നിലനിറുത്താന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് സമിതി നിര്‍ദേശിച്ചു.
തിരുവനന്തപുരം സ്വദേശിയും ബംഗളൂരില്‍ ബാംബൂപെക്കര്‍ എന്ന സംരംഭം നടത്തുന്നതുമായ പരമേശ്വരന്‍ കൃഷ്ണ അയ്യര്‍ ലോക്സഭ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് പെറ്റീഷന്‍സ് സമിതിയുടെ ഇടപെടല്‍. മിനിമം ബാലന്‍സിന്റെ പേരിലുള്ള പിഴ നീതീകരിക്കാവുന്നതിലും കൂടുതലാണെന്നും സമൂഹത്തിലെ താഴെത്തട്ടിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കടുത്ത ബാദ്ധ്യതയാണെന്നും പരാതിയില്‍ പറയുന്നു.
മിനിമം ബാലന്‍സ് നിലനിറുത്തുന്ന ഉപഭോക്താക്കള്‍ക്ക് നേരിയ പലിശ മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ചുമത്തുന്ന പിഴ പലിശയുടെ 15 മുതല്‍ 20 ഇരട്ടിവരെയാണ്.
റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെങ്കിലും പ്രധാന പൊതുമേഖല ബാങ്കുകള്‍ മിനിമം ബാലന്‍സിലെ പിഴ ഒഴിവാക്കിയെന്ന് ബി.ജെ.പി എം.പി ചന്ദ്ര പ്രകാശ് ജോഷിയുടെ അദ്ധ്യക്ഷതയിലുള്ള 15 അംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ബാങ്കുകള്‍ ഇപ്പോഴും പിഴ ഈടാക്കുന്നുണ്ട്.
പിഴ ഒഴിവാക്കിയ ബാങ്കുകള്‍
എസ്.ബി.ഐ, ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവ പിഴ ഒഴിവാക്കി. യൂകോ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവ പിഴ നിറുത്തലാക്കാന്‍ ആലോചിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |