SignIn
Kerala Kaumudi Online
Sunday, 08 March 2026 4.22 PM IST

ഡോ. എൻ.എ. കരീം ജന്മശതാബ്ദിക്ക് ഇന്ന് തുടക്കം ധിഷണയുടെ വിചാരജ്വാല

Increase Font Size Decrease Font Size Print Page
s

എറണാകുളം മഹാരാജാസ് കോളേജിൽ,​ സാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥി നേതാവായിരുന്നു എടവനക്കാട്ടുകാരനായ (പിൽക്കാലത്ത് ഡോ.എൻ.എ. കരീം എന്ന പേരിൽ പ്രശസ്തനായ) നടുവിലകത്ത് അഹമ്മദ് കരീം. അഖില കൊച്ചി വിദ്യാർത്ഥി കോൺഗ്രസിന്റെ പ്രസിഡന്റ് എന്ന നിലയിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടിയ ഡോ.എൻ.എ. കരീം അദ്ധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, എഴുത്തുകാരൻ, ചിന്തകൻ, പ്രഭാഷകൻ, ആക്ടിവിസ്റ്റ്, സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ജനഹൃദയങ്ങൾ കീഴടക്കി.

മഹാരാജാസിലെ ആ പതാക ഉയർത്തലിനെ തുടർന്ന് വി. വിശ്വനാഥ മേനോൻ, ടി.സി.എൻ. മേനോൻ, എൻ.വി. മാത്യു, കെ.കെ. സത്യവ്രതൻ തുടങ്ങിയ വിദ്യാർത്ഥി നേതാക്കൾക്കൊപ്പം എൻ.എ. കരീമും കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട്,​ അദ്ദേഹത്തിന്റെ അമ്മാവൻ കൂടിയായ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ ആദ്യാവസാനത്തിൽ കോഴിക്കോട്ട് ഫാറൂഖ് കോളേജ് ആരംഭിക്കുന്നതുവരെ പഠനം തുടരാനായില്ല. ഫാറൂഖിൽ നിന്ന് ബിരുദമെടുത്ത്,​ ബി.എഡും പൂർത്തിയാക്കി അവിടെ ട്യൂട്ടറായി ചേർന്നെങ്കിലും അനീതിക്കെതിരെ പോരാടിയതിനാൽ അവിടെ നിന്നും പുറത്താകേണ്ടി വന്നു.

'ചന്ദ്രിക" ദിനപത്രത്തിൽ സി.എച്ച്. മുഹമ്മദു കോയയോടൊപ്പം സബ് എഡിറ്ററായി. പത്രപ്രവർത്തനത്തിലേക്കായിരുന്നു തുടർന്ന് അദ്ദേഹത്തിന്റെ മാറ്റം. പിന്നീട്,​ അലിഗഢ് മുസ്ലീം സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിന് സുവർണ മെഡൽ നേടിയ എൻ.എ. കരീമും,​ പിൽക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയായ ഡോ. സക്കീർ ഹുസൈനുമായുള്ള അടുപ്പം തുടങ്ങുന്നത് അതു മുതലാണ്. ഊഷ്മളമായ ആ ബന്ധം ഡൽഹിയിൽ ജാമിയ മില്ലിയയിൽ അദ്ധ്യാപകനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

കേരള സർവകലാശാലയിൽ,​ കോട്ടയം സി.എം.എസ് കോളേജിൽ ഇംഗ്ലീഷ് വകുപ്പ് അദ്ധ്യാപകനായി ചേർന്നതോടെ അദ്ദേഹം കേരളീയ ജീവിതത്തിന്റെ നാനാതുറകളിലുമുള്ള ചിന്തകളിലും അഭിപ്രായ രൂപീകരണത്തിലും സ്വാധീനം ചെലുത്തിത്തുടങ്ങി. കേരള സർവകലാശാലാ പ്രോ- വൈസ് ചാൻലസറായി രണ്ടു ടേം പൂർത്തിയാക്കിയെങ്കിലും ഏറെ ചർച്ചയായ ശരിഅത്ത് പ്രസംഗത്തെ തുടർന്ന് വൈസ് ചാൻസലർ പദവി നിഷേധിക്കപ്പെട്ടു. മർദ്ദിതരോടും അരികുവൽക്കരിക്കപ്പെട്ടവരോടും ഒപ്പം നിൽക്കാൻ എന്നും ആ ചിന്തകൻ മനസുവച്ചു.

മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്കെതിരെ തിരൂരങ്ങാടിയിൽ മത്സരിക്കാൻ അദ്ദേഹത്തിനു പ്രേരകമായതും,​ ഡി.പി.ഇ.പി എന്ന വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയോട് വിയോജിക്കാൻ പ്രേരകമായതും അദ്ദേഹത്തിന്റെ ഈ ഇടതുപക്ഷ മനസുകൊണ്ടാണെന്നു തന്നെ കരുതാം. ശരീഅത്ത് പ്രസംഗം തന്നെ സ്ത്രീ സ്വാതന്ത്ര്യത്തോടുള്ള അദ്ദേഹത്തിന്റെ തുറന്ന സമീപനത്തെയാണ് കാണിക്കുന്നത്.

കേരള സർവകലാശാല അക്കാഡമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നീ പദവികളിലും പിൽക്കാലത്ത് പ്രവർത്തിച്ച അദ്ദേഹം പി.എൻ. പണിക്കരോടൊപ്പം പ്രവർത്തിച്ച് കേരളത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിക്കുന്നതിൽ ശ്രേഷ്ഠമായ പങ്കു വഹിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ സമരമുഖത്തും സമാധാനത്തിനായുള്ള പോരാട്ടങ്ങളിലും ഗാന്ധിയന്മാരായ കെ.ഇ. മാമ്മനോടും, പി. ഗോപിനാഥൻ നായരോടുമൊപ്പം തോളോടുതോൾ ചേർന്നും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അവരുടെ പൊതു സുഹൃത്തായിരുന്നു മാർട്ടിൻ ലൂഥർ കിംഗ് മൂന്നാമൻ എന്ന് അറിയപ്പെടുന്ന,​ കേരളം സന്ദർശിച്ച കിംഗിന്റെ പിൻഗാമി. 'മെയിൻ സ്ട്രീം" പോലുള്ള മാഗസിനുകളിൽ സ്ഥിരം കോളമിസ്റ്റായും കരീം പ്രവർത്തിച്ചു.

വക്കം മൗലവി ഫൗണ്ടേഷൻ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം കേരളത്തിലെ സാമൂഹിക പരിഷ്‌കരണ- നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആശയപരവും ധൈഷണികവുമായ നേതൃത്വം നൽകി,​ പിന്നിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിടവാങ്ങൽ 2016 ഫെബ്രുവരി നാലിനായിരുന്നു. ഈ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾക്കു മുന്നിൽ ഒരു പിടി ഓർമ്മപ്പൂക്കൾ!

(ഡോ.എൻ.എ. കരീം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയും ഗ്രന്ഥകാരനുമാണ് ലേഖകൻ. ഫോൺ : 94463 08600)

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.