SignIn
Kerala Kaumudi Online
Monday, 16 February 2026 2.42 PM IST

അമൃതകിരണം ശിവൻ; വൈരുദ്ധ്യങ്ങളുടെ സമന്വയം

Increase Font Size Decrease Font Size Print Page
s

സനാതന ധർമ്മത്തിലെ ഉത്സവാഘോഷങ്ങളിൽ സുപ്രധാനമാണ് മഹാശിവരാത്രി. തപസിലൂടെയും ജ്ഞാനത്തിലൂടെയും ഉള്ളിലെ ശിവനെ ഉണർത്തി,​ നിത്യമായ ഉണർവിനെ പുൽകാനുള്ള ആഹ്വാനമാണ് ശിവരാത്രി. ലോകവിഷയങ്ങളിൽ മുഴുകിക്കഴിയുന്ന മനുഷ്യരുടെ മനസും ഇന്ദ്രിയങ്ങളും ഈശ്വരോന്മുഖമാക്കുക, സമൂഹാരാധനയിലൂടെ അന്തരീക്ഷം ശുദ്ധീകരിക്കുക എന്നതാണ് ശിവരാത്രി പോലുള്ള ഉത്സവങ്ങളുടെ പ്രധാന ഉദ്ദേശ്യം. സൃഷ്ടി- സ്ഥിതി- സംഹാരങ്ങൾക്കെല്ലാം നാഥനായ ശിവന്റെ ആരാധനയ്ക്ക് സമർപ്പിക്കപ്പെട്ടതാണല്ലോ ശിവരാത്രി.

എല്ലാ ദ്വന്ദ്വങ്ങളെയും അതിക്രമിച്ച ശിവന്റെ ഭാവങ്ങൾ അനന്തവും, വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നതുമാണ്. ജഗത്പ്രഭുവാണെങ്കിലും അവിടുന്ന് ഭിക്ഷാപാത്രമേന്തിയ ഭിക്ഷുവാണ്. ഗൃഹസ്ഥനാണെങ്കിലും വൈരാഗിയാണ്. നടരാജനാണെങ്കിലും ധ്യാനമൂർത്തിയാണ്. ഭൂതപ്രേത പിശാചുക്കൾക്കും അസുരന്മാർക്കും മനുഷ്യർക്കും ദേവന്മാർക്കും ഒരുപോലെ ഇഷ്ടദൈവമാണ്. പതിതന്റെയും പാമരന്റെയും സാധാരണക്കാരന്റെയും ഈശ്വരനാണെങ്കിലും രാജരാജേശ്വരനുമാണ്. വൈരാഗിയാണെങ്കിലും ശിവകുടുംബത്തിന്റെയും പ്രപഞ്ചത്തിന്റെയും നാഥനാണ്. നാഗഭൂഷണനും ഭസ്മധാരിയും ആണെങ്കിലും സർവാഭരണ ഭൂഷിതയായ ദേവിയുടെ പതിയാണ്.

ശിവഭഗവാന്റെ രൂപം മനസിനെ ഏകാഗ്രമാക്കാനും, ഹൃദയത്തെ ആനന്ദിപ്പിക്കാനും ഏറ്റവും പറ്റിയതാണ്. ദേഹം മുഴുവൻ ഭസ്മമണിഞ്ഞ് പുലിത്തോലുടുത്ത്,​ ശിരസിൽ ചന്ദ്രക്കല ചൂടി, സർപ്പഭൂഷണനായി, ഗംഗാധരനായി ഭഗവാൻ നിൽക്കുന്നത് ആരെയും ആകർഷിക്കും. ഒരു സാധാരണ മനുഷ്യരൂപത്തേക്കാൾ അലൗകികമായ രൂപത്തിൽ മനസ് എളുപ്പം ഏകാഗ്രമാകും. അതുകൊണ്ടാണ് ഈശ്വരരൂപങ്ങൾക്ക് ഇത്രയും അലങ്കാരങ്ങൾ കാണപ്പെടുന്നത്. ഓരോ അലങ്കാരത്തിനും ആന്തരാർത്ഥങ്ങൾ ഉണ്ട്. ഉദാഹരണത്തിന്,​ ശിവൻ ധരിച്ചിരിക്കുന്ന പുലിത്തോൽ കാമജയത്തെയും, ഗംഗ അമൃതത്വത്തെയും സൂചിപ്പിക്കുന്നു. സർപ്പം കുണ്ഡലിനി ശക്തിയാണ്, ശിരസിലെ ചന്ദ്രക്കല മനസിന്റെ പ്രതീകമാണ്. ശിവന്റെ വാഹനമായ നന്ദി ധർമ്മമാണ്.

ശിവനും സനാതന ധർമ്മത്തിലെ മറ്റ് ദൈവങ്ങളും അനേകം ആയുധങ്ങൾ ഏന്തിയിരിക്കുന്നതായി കാണാം. അസുരന്മാരെ നിഗ്രഹിക്കുവാൻ വേണ്ടിയുള്ളതാണ് ഈ ആയുധങ്ങൾ. നമ്മുടെ ഉള്ളിലുള്ള മനോമാലിന്യങ്ങളും ദുർഗുണങ്ങളും തന്നെയാണ് അസുരന്മാർ. ഇത്തരം മനോമാലിന്യങ്ങളെ നീക്കം ചെയ്യണമെങ്കിൽ അതിനു പറ്റിയ സദ്ഗുണങ്ങളും മാനസിക ശക്തികളും ഈശ്വരകൃപയും വേണം. അവയുടെ പ്രതീകങ്ങളാണ് ആയുധങ്ങൾ. ഉദാഹരണത്തിന്,​ സത്യത്തെ കാട്ടിത്തരുന്നതെന്തോ,​ അതാണ് വിഷ്ണുവിന്റെ സുദർശനം. ശിവന്റെ ത്രിശൂലമാകട്ടെ നമ്മെ ത്രിഗുണങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതാകുന്നു. കാളിയുടെ കയ്യിലെ വാൾ അജ്ഞാനമാകുന്ന അഹങ്കാരത്തെ അറുക്കുന്ന ജ്ഞാന ഖഡ്ഗമാണ്. ഇങ്ങനെ ഓരോ ആയുധവും ഓരോ ക്രിയാത്മക ശക്തികളെ കുറിക്കുന്നു. ഒരു സാധകൻ ബോധപൂർവം വളർത്തിയെടുക്കേണ്ട സദ്ഗുണങ്ങളാണ് ഇവയെല്ലാം.

കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി നാളിൽ ശിവരാത്രി ആഘോഷിക്കപ്പെടുന്നു. പഞ്ചാക്ഷരി നാമജപവും ശിവന് പൂജയും അഭിഷേകവും ദിവസം മുഴുവനുമുള്ള ഉപവാസവും, രാത്രി ഉറക്കമൊഴിഞ്ഞുള്ള ശിവസ്മരണയുമാണ് ശിവരാത്രിയുടെ പ്രധാന അനുഷ്ഠാനങ്ങൾ. ശിവരാത്രിക്ക് ഉറക്കമൊഴിയുന്നത് തമസിനെയും അജ്ഞാനത്തെയും മറികടക്കുന്നതിന്റെ പ്രതീകമാണ്. ബാഹ്യവിഷയങ്ങളിൽ നിന്ന് ഇന്ദ്രിയങ്ങളെയും മനസിനെയും പിൻവലിച്ച് ഈശ്വരോന്മുഖമാക്കുക എന്നതാണ് ഉപവാസത്തിന്റെ ആന്തരികാർത്ഥം. ശിവൻ ഭിക്ഷുവും വൈരാഗ്യത്തിന്റെ മൂർത്തിയുമാണ്. ലോകവിഷയ സുഖങ്ങളിൽ താത്പര്യമില്ലാത്തവനും,​ ഉള്ളിൽത്തന്നെയുള്ള ആനന്ദത്തെ കണ്ടെത്താൻ ശ്രമിക്കുന്നവനുമാണ് ഭിക്ഷു. സർവ സൗഭാഗ്യങ്ങളും തരുന്നതാണ് ശിവരാത്രി വ്രതം. എങ്കിലും അതിന്റെ പരമമായ ലക്ഷ്യം ശരീരവുമായുള്ള താദാത്മ്യത്തെ അതിക്രമിച്ച് ആത്മസ്വരൂപത്തിലേക്ക് ഉണരുക എന്നതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.