തിരുവനന്തപുരം: എൻ.എസ്.എസ് എക്കാലത്തും വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്നും അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു.
ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്ന നിലപാട് സുപ്രീംകോടതി വിധി വന്നശേഷം യു.ഡി.എഫ് കൈക്കൊണ്ടതല്ല. അതിന് മുമ്പ് സത്യവാങ്മൂലം നൽകിയത് യു.ഡി.എഫ് സർക്കാരായിരുന്നു. ഇതിനെ രാഷ്ട്രീയപ്രശ്നമായി ഉയർത്തിക്കാട്ടിയില്ല. വി.എസ് സർക്കാർ വിശ്വാസത്തിനെതിരായ സത്യവാങ്മൂലം നൽകിയെന്നും അത് പിൻവലിച്ച് വേറെ സത്യവാങ്മൂലം നൽകിയെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഞങ്ങൾ പറഞ്ഞില്ല. ഇനി കോടതിയുടെ അന്തിമവിധി എതിരായാലും യു.ഡി.എഫിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയാന്തരീക്ഷമാണിപ്പോഴും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും യു.ഡി.എഫ് വിജയിക്കും. പാലായിലേത് പ്രത്യേക രാഷ്ട്രീയാന്തരീക്ഷമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷവും ശബരിമല വിഷയത്തിൽ പുനർചിന്തനത്തിന് സർക്കാർ തയ്യാറായിട്ടില്ല. നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഏത് തലത്തിലുള്ള പരീക്ഷയിലും വിശ്വാസ്യത പ്രധാനമാണ്. സാധാരണ ഫലപ്രഖ്യാപനത്തിന് ശേഷം എന്തെങ്കിലും മാറ്റം വേണമെങ്കിൽ പുനർമൂല്യനിർണ്ണയത്തിലൂടെയേ നടക്കൂ. അല്ലാതെ അവിടെ മോഡറേഷൻ പറ്റില്ല. അതിൽ നിന്ന് വ്യത്യസ്തമായാണ് അദാലത്ത് നടത്തി മാർക്ക് ദാനം ചെയ്തത്- ഉമ്മൻ ചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |