
സ്വാമി അസംഗാനന്ദഗിരി
ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി
ശിവഗിരിമഠം
ശ്രീനാരായണഗുരുദേവന്റെ സമാധിസ്ഥാനമായ ശിവഗിരിമഠത്തിൽ നിന്നും ഗുരുദേവൻ പ്രഥമപ്രതിഷ്ഠ നിർവ്വഹിച്ച് ലോകാനുഗ്രഹം ചെയ്ത അരുവിപ്പുറം ശിവസന്നിധിയിലേക്ക് ശിവഗിരിമഠം ഗുരുധർമ്മപ്രചരണസഭയാണ് ശ്രീനാരായണശൈവസങ്കേതയാത്ര എന്ന തീർത്ഥയാത്ര നടത്തുന്നത്. ഗുരുദേവൻ തൃകൈവിളയാടി പ്രതിഷ്ട നിർവ്വഹിച്ച പത്ത് പുണ്യക്ഷേത്രങ്ങൾ ശിവഗിരിശാരദാമഠം, പ്ലാവഴികം ദേവീക്ഷേത്രം, കായിക്കര ഏറത്ത് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കപാലീശ്വരക്ഷേത്രം, ശ്രീജ്ഞാനേശ്വരക്ഷേത്രം അഞ്ചുതെങ്ങ്, ശ്രീഅർദ്ധനാരീശ്വരക്ഷേത്രം കടയ്ക്കാവൂർ, ശ്രീദേവേശ്വരക്ഷേത്രം വക്കം, ശ്രീകാളകണ്ഠേശ്വരക്ഷേത്രം മുരുക്കുംപുഴ, ശ്രീകോലത്തുകരക്ഷേത്രം കുളത്തൂർ, ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം കുന്നുംപാറ എന്നീ ക്ഷേത്രങ്ങൾ ദർശിച്ചാണ് യാത്ര അരുവിപ്പുറത്തെത്തുന്നത്. വ്രതാനുഷ്ഠാനത്തോടുകൂടി 200ലധികം പീതാംബരധാരികളായ തീർത്ഥാടകർ ഈ യാത്രയെ അനുഗമിക്കുന്നു. കേവലം ശുദ്ധമായ ഒരു പ്രതിഷ്ഠാകർമ്മം കൊണ്ട് സൃഷ്ടിച്ച ഗുരുവിന്റെ കർമ്മപ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനങ്ങളാണ് ഈ ക്ഷേത്രങ്ങൾ എല്ലാംതന്നെ. കേരളം നവോത്ഥാന ചരിത്രത്തിൽ അരുവിപ്പുറത്തിനെന്നപോലെ ഓരോ പ്രദേശത്തിനും ആത്മീയവും വിദ്യാഭ്യാസപരവും സംഘടനാപരവും സാംസ്കാരികവുമായ ഉണർവ്വ് പകർന്നുകൊണ്ടിരിക്കുന്നവയാണ് ഈ ക്ഷേത്രങ്ങൾ എല്ലാംതന്നെ. ഗുരു ശിഷ്യന്മാരോടൊത്ത് നേരിട്ടെത്തി പ്രതിഷ്ഠ നിർവ്വഹിച്ച ക്ഷേത്രസന്നിധികളിലേക്ക് നാം എത്തുമ്പോൾ കാലത്തിന്റെ അതിർവരമ്പുകൾ മറികടന്ന് ഗുരുവിനെ സ്പർശിക്കുന്ന ദിവ്യാനുഭവമാണ് ഓരോ ഗുരുഭക്തനും ഉണ്ടാവുന്നത്. സാധാരണ ഒരു തീർത്ഥയാത്ര എന്നതിലപ്പുറം ചരിത്രപരമായ ഒട്ടേറെ അറിവുകൾ ഈ തീർത്ഥയാത്രയോടെ നേരിട്ടറിയാൻ സാധിക്കുന്നു. പുസ്തകങ്ങൾ വായിച്ചറിയുന്നതിനപ്പുറം ഗുരുചരിതം കണ്ടും കേട്ടും തൊട്ടും അനുഭവിക്കാൻ ഇത്തരം യാത്രകളിലൂടെ സാധിക്കുന്നു. ഉപ്പുകലർന്ന കായിക്കരയിലെ കടലോരത്ത് ഗുരുസ്ഥാനം നിർണ്ണയിച്ച കിണറുകളിൽ ശുദ്ധമായ പുണ്യതീർത്ഥമായ അമൃതം എന്നും ഭക്തർക്ക് നുകരുവാൻ സാധിക്കുന്നു. അതോടൊപ്പം ഗുരു പ്രസാദമായി ആ പ്രദേശങ്ങളിൽ വിതറിയ കനിവിന്റെ കഥകളും അവർ നുകരുന്നു. ലോകഗതിയെ ഗുരു എന്ന വെളിച്ചം നയിച്ചത് എങ്ങനെയാണെന്ന് ഏവരും ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു. ശിവഗിരി ഗുരുദേവ മഹാസമാധിയിൽ പ്രാർത്ഥനക്കു ശേഷം 1914ൽ ഗുരു പ്രതിഷ്ഠിച്ച ശാരദാദേവിയെ പ്രണമിച്ച് തീർത്ഥവും ശേഖരിച്ച് പുറപ്പെടുന്ന യാത്ര ആദ്യം എത്തുന്നത് ഗുരുദേവൻ ദേവീസങ്കല്പത്തിൽ മാൻകൊമ്പ് പ്രതിഷ്ഠിച്ച പ്ലാവഴികം ദേവീക്ഷേത്രത്തിലാണ്. ഈശ്വരാരാധനക്ക് പ്രതീകങ്ങൾ പലതും പ്രതിഷ്ഠിക്കാറുണ്ടെങ്കിലും മാൻകൊമ്പ് ദേവീപ്രതീകമായി പ്രതിഷ്ഠിച്ചിരിക്കുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വതയാണ്. പിന്നീട് മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽ ആശാൻസ്മാരകത്തിന് സമീപമുളള ഏറത്ത് ക്ഷേത്രത്തിലാണ് എത്തുന്നത്. ഗുരു പ്രതിഷ്ഠ നടത്തും മുമ്പേ ശാസ്താക്ഷേത്രമായിരുന്ന ഇവിടെ ഒരു വിളക്ക് തെളിയിച്ച് സുബ്രഹ്മണ്യന്റെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. കടലിനു സമീപം ക്ഷേത്രാവശ്യങ്ങൾക്കായി ശുദ്ധജലം ലഭിക്കില്ല എന്ന് ഭക്തർ സങ്കടമുണർത്തിച്ചപ്പോൾ ഗുരുദേവൻ കയ്യിലിരുന്ന കാലൻകുടകൊണ്ട് ക്ഷേത്രമതിൽക്കകത്തെ പഞ്ചാരമണലിൽ ഒരു വൃത്തം വരച്ചു. ഇവിടെ കുഴിപ്പിക്കാൻ കല്പിച്ചു. ആ കിണറിൽ നിന്നും കൊടും വേനലിൽ പോലും ശുദ്ധജലം സുലഭമായി ലഭിക്കുന്നു. മുൻകാലങ്ങളിൽ 15 കിലോമീറ്റർ ചുറ്റളവിലുളള കടൽപ്പുറം നിവാസികൾക്ക് ശുദ്ധജലത്തിനാശ്രയം ഈ കിണറായിരുന്നു. കുമാരനാശാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്കൂൾ സമീപത്ത് കാണാൻ കഴിയും. ഈ ക്ഷേത്രത്തിൽ ആശാനും പൂജാരിയായി സുബ്രഹ്മണ്യ ഉപാസനം ചെയ്തിട്ടുണ്ട്. 1894ലാണ് ഗുരു ഇവിടെ പ്രതിഷ്ഠ നടത്തുന്നത്. തൊട്ട് സമീപം സ്ഥിതിചെയ്യുന്ന കായിക്കര കപാലീശ്വരം ക്ഷേത്രം ഗുരു പ്രതിഷ്ഠിച്ചത് 1892ലാണ്. സാധുജനങ്ങൾക്ക് ബലിതർപ്പണാദികൾക്ക് സൗകര്യം ഒരുക്കുക എന്ന ഉദ്ദേശവും ക്ഷേത്രസംസ്ഥാപനത്തിൽ തൃപ്പാദങ്ങൾക്കുണ്ടായിരുന്നു. ഗുരുദേവൻ ശിഷ്യന്മാരോടുകൂടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് അഞ്ചുതെങ്ങ് ജ്ഞാനേശ്വരക്ഷേത്രം. 30 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഭക്തജനങ്ങൾക്ക് ഇത് സാധിച്ചത്. ഗുരുദേവശിഷ്യനായ ശങ്കരൻപരദേശി സ്വാമികൾ പ്രതിഷ്ഠക്കുളള ശിവലിംഗം മുതലായ വിഗ്രഹങ്ങളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചപ്പോൾ ഷഢാധാരപ്രതിഷ്ഠക്ക് കാർമ്മികത്വം വഹിച്ചത് ശ്രീനാരായണചൈതന്യസ്വാമികളായിരുന്നു.
ശിവപ്രസാദസ്വാമികളും ഗുരുപ്രസാദസ്വാമികളും ഈ പ്രതിഷ്ഠാകർമ്മത്തിൽ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. 1915 മാർച്ച് 29നാണ് തൃപ്പാദങ്ങൾ ഇവിടെ ബൃഹത്തായ ശിവലിംഗം പ്രതിഷ്ഠിച്ചത്. അതേസമയത്തു തന്നെ ശിവഗിരിയിൽ താല്ക്കാലികമായുണ്ടാക്കിയ ശിവക്ഷേത്രത്തിന് തീ പിടിച്ചതായും വിവരമറിഞ്ഞ ഗുരുദേവൻ താൻ ഇങ്ങുപോന്നു നമുക്കിവിടെ കൂടാം എന്നു പറഞ്ഞതായി രേഖപ്പെടുത്തിക്കാണുന്നു. അതായത് ആ ക്ഷേത്രത്തിലുണ്ടായിരുന്ന ചൈതന്യം ജ്ഞാനേശ്വരക്ഷേത്രത്തിലേക്ക് മാറിയതായും ഗുരുവിന്റെ മഹാസമാധിക്ക് ശിവഗിരി സ്ഥാനമായി തീർന്നുവെന്നും അനുമാനിക്കാം. അടുത്തതായി ഊട്ടുപറമ്പ് അർദ്ധനാരീശ്വരക്ഷേത്രത്തിലാണ് ഗുരുദേവൻ എത്തുന്നത്. ഭദ്രകാളിക്ക് ഊട്ട് മൃഗബലി തുടങ്ങിയ വഴിപാടുകളും അധമപൂജയും നടത്തിയിരുന്ന സ്ഥലത്ത് ഗുരുദേവൻ എത്തുകയും കാളീവിഗ്രഹം എടുത്ത് മാറ്റി അർദ്ധനാരീശ്വരവിഗ്രഹം പ്രതിഷ്ഠിച്ച് മൃഗബലി നിർത്തലാക്കി സാത്വികമായ പൂജാവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ചിറയിൻകീഴ് താലൂക്കിൽ വക്കം ദേശത്ത് വക്കത്തുവീട്ടിൽ ആശാട്ടി വല്യമ്മ മുൻകയ്യെടുത്ത് നിർമ്മിച്ച വക്കം ദേവേശ്വരക്ഷേത്രത്തിലേക്കാണ് പിന്നീട് ഗുരുദേവൻ എത്തുന്നത്. സമീപത്തുളള സവർണ്ണക്ഷേത്രത്തിൽ കഥകളി കാണാനെത്തിയ ആശാട്ടി വല്യമ്മയെ അധിക്ഷേപിച്ചിറക്കിവിട്ടതാണ് ക്ഷേത്രനിർമ്മാണത്തിന് കാരണമായത്.
1889ലാണ് ഗുരു പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. ക്ഷേത്രത്തിനു സമീപം തന്നെ ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന മനോഹരമായ ഗുരുമന്ദിരവും ഉണ്ട്. 1921 ഡിസംബർ 22നാണ് ഓം സത്യം ധർമ്മം ദയ ശാന്തി എന്ന് എഴുതിയ ഫലകം മുരുക്കുംപുഴ കാളകണ്ഠേശ്വരക്ഷേത്രത്തിൽ ഗുരുദേവൻ പ്രതിഷ്ഠിക്കുന്നത്. ഇതാകട്ടെ ഇവിടത്തെ ദൈവമെന്ന് ഗുരു പ്രഖ്യാപിക്കുന്നു. ദേവതാസ്വരൂപങ്ങളെ ആരാധിക്കുന്നതിനപ്പുറം മനുഷ്യജീവിതത്തെ ശാന്തിയിലേക്ക് നയിക്കുന്ന സത്യം ധർമ്മം ദയ മുതലായ ജീവിതമൂല്യങ്ങളുടെ മഹത്വം ഈ പ്രതിഷ്ഠ വിളിച്ചോതുന്നു. ഇതോടൊപ്പം തന്നെ ബോധാനന്ദസ്വാമികൾ ശിവലിംഗപ്രതിഷ്ഠയും ഇവിടെ നടത്തി. മുരുക്കുംപുഴയിൽ നിന്നും കോലത്തുകരക്ഷേത്രത്തിലെത്തി ജന്തുബലിയും അനാചാരങ്ങളും നിലനിന്നിരുന്ന ക്ഷേത്രത്തിലെ ഭദ്രകാളിവിഗ്രഹം എടുത്തുമാറ്റിക്കൊണ്ട് 1893ൽ ശാന്തമൂർത്തിയായ ശിവനെ ഗുരു ഇവിടെ പ്രതിഷ്ഠിച്ചു. ക്ഷേത്രനാലമ്പലത്തിനകത്തുതന്നെ എടുത്തുമാറ്റിയ ദേവീവിഗ്രഹം സൂക്ഷിച്ചിരിക്കുന്നു. കോലത്തിരേശസ്തവം എന്ന മനോഹരമായ കൃതി ഇവിടത്തെ ദേവനെ സ്തുതിക്കുവാൻ ഗുരു പറഞ്ഞുകൊടുത്തതാണ്. ഗുരു പൂർവ്വാർത്ഥം ചൊല്ലി ഉത്തരാർത്ഥം കുമാരനാശാൻ എഴുതിയ സമസ്യാപൂരണവും പ്രസിദ്ധമാണ്. ഗുരുദേവന്റെ ഛായാച്ചിത്രം കുമാരനാശാൻ ആരാധനയ്ക്കായി പ്രതിഷ്ഠിച്ചതും ഇവിടെയാണ്.
ഭൂതപിശാടുകൾക്കായി ആട് മാട് കോഴികളെ അറുത്ത് ബലി കൊടുത്തിരുന്ന വാഴമുട്ടം കുന്നുംപാറക്ഷേത്രത്തിൽ എത്തിച്ചേർന്ന ഗുരുദേവൻ ജന്തുഹംസ അവസാനിപ്പിക്കുകയും ശ്രീകോവിൽ പണിത് സുബ്രഹ്മണ്യഭഗവാനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ചതുർബാഹുവായ സുബ്രഹ്മണ്യന്റെ മനോഹരവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. ഇന്നിവിടം വലിയൊരു തീർത്ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞു. അവിടെ നിന്നും യാത്രതിരിച്ച് ലോകത്തിന്റെ തന്നെ മാതൃകാസ്ഥാനത്തെ ഗുരു വിഭാവനം ചെയ്ത അരുവിപ്പുറത്ത് എത്തിച്ചേർന്നു. ഗുരുദേവൻ പ്രതിഷ്ഠ നിർവ്വഹിച്ച ശുഭമുഹൂർത്തത്തെ മനസിൽ ധ്യാനിച്ചുകൊണ്ട് ആയിരക്കണക്കിനാളുകൾ ഒത്തുചേരുന്ന അരുവിപ്പുറം ശിവരാത്രി പ്രസിദ്ധമാണല്ലോ. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുളള സമ്മേളനങ്ങൾ ക്ഷേത്രത്തിൽ ഉത്സവകാലയളവിൽ നടന്നു വരുന്നു. ലോകം അജ്ഞതയുടെ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ ജാതിഭേദമില്ലാത്ത മതദ്വേഷമില്ലാത്ത സോദരത്വം തുളുമ്പുന്ന മാതൃകാസ്ഥാനമായി മാറട്ടെ മനുഷ്യമനസുകളും ലോകവും എന്ന് ഈ ശിവരാത്രി നാളിൽ നമുക്ക് പ്രത്യാശിക്കാം. 138-ാമത് പ്രതിഷ്ഠാവാർഷികം വരുമ്പോഴും അരുവിപ്പുറത്തെ ഇളകാത്ത ശിവലിംഗം നിലകൊളളുകയാണ്.... മാതൃകാസ്ഥാനത്തിന്റെ മൂലബിംബമായ്.
ഫോട്ടോ: സ്വാമി അസംഗാനന്ദഗിരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |