
പാലക്കാട്: ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ നിലപാട് കോടതിയിൽ പറയുമെന്നും അതിനെപറ്റി വേവലാതിപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ അന്തസ് ഉയർത്തിപിടിക്കും. സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ല. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയും. വിശ്വാസികളുടെ താൽപര്യങ്ങളും നിയമവും നടപ്പിലാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
സതീശന് എന്തിനാണ്
തിടുക്കം?
മന്ത്രി രാജീവ്
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്തിനാണ് അസാധാരണമായ തിടുക്കമെന്ന് നിയമമന്ത്രി പി. രാജീവ് ചോദിച്ചു. കേസ് സുപ്രീം കോടതി പരിഗണിക്കട്ടെ. വിധി പുനഃപരിശോധിക്കുകയാണ്. അതിന് പരിമിതികളുണ്ട്. പുതിയ വാദങ്ങൾ കേൾക്കുമോ എന്ന് നോക്കാം.
നിലപാട്
തിരുത്തുമെന്ന്
പ്രതീക്ഷ:
എൻ.എസ്.എസ്
കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. 2019 ൽ സർക്കാർ ശരിയായി സത്യവാങ്മൂലം സമർപ്പിച്ചിരുന്നെങ്കിൽ വലിയ പ്രശ്നങ്ങളിലേക്ക് പോകില്ലായിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ കോടതി പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് തനിക്ക് അറിയില്ല. വിഷയത്തിൽ ശക്തമായി കേസിന് പോയ ഒരേയൊരു സംഘടന എൻ.എസ്.എസാണ്. അതേ ഉശിരോടെ മുന്നോട്ടുപോകും. ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡ് അനാവശ്യമായി പണം ചെലവാക്കിയെന്ന് തെളിഞ്ഞിട്ടില്ല. ശബരിമലയിലെ വിഷയങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല
കേസടക്കം
പരിഗണിക്കുന്നത്
67 ഹർജികൾ
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം അടക്കം വിഷയങ്ങളുമായി ബന്ധപ്പെട്ട പുനഃപരിശോധനാഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. ലിംഗനീതി, സ്ത്രീകളുടെ അവകാശങ്ങൾ, മതസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട 67 ഹർജികളുടെ കൂട്ടത്തിലാണ്ശബരിമല കേസും വരുന്നത്. ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലീം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യം ചെയ്ത ഹർജികളും സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്ത പാഴ്സി വനിതയ്ക്ക് ക്ഷേത്ര പ്രവേശനം വിലക്കിയതുമായി ബന്ധപ്പെട്ട ഹർജികളും ഇതിൽ ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |