SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

തനിയാവ‌ർത്തനം; പ്രേമന്റെ രോദനവും

Increase Font Size Decrease Font Size Print Page

d

അന്തരിച്ച സംവിധായകൻ ഐ.വി. ശശിയുടെ സിനിമാ ലൊക്കേഷനിൽ അഭിനയ മോഹവുമായെത്തുന്ന നടൻ ശ്രീനിവാസന്റെ കഥാപാത്രത്തോട് മാറിനിൽക്കാൻ ആവശ്യപ്പെടുമ്പോൾ ചാടിക്കയറി ഇരിക്കുന്നത് സംവിധായകന്റെ കസേരയിൽ. ഒടുവിൽ ഷൂട്ടിംഗിന് തടസമായപ്പോൾ അയാളെ ഒരാൾ കഴുത്തിന് കുത്തിപ്പിടിച്ച് തള്ളുന്നു. മുന്നിലേക്ക് ആഞ്ഞു വീണ കക്ഷി രക്ഷപ്പെടുന്നത്, നായക നടനായ സോമന്റെ കൈയിലിരുന്ന തോക്കും തട്ടിപ്പറിച്ചാണ്! 'നാടോടിക്കാറ്റ്" എന്ന സിനിമയിലേതിന് ഏതാണ്ട് സമാനമായ സംഭവം കഴിഞ്ഞ ദിവസം നടന്നത് കോഴിക്കോട് കുറ്റ്യാടിയിൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാസർകോട്ടു നിന്ന് ആരംഭിച്ച പുതുയുഗ യാത്രയ്ക്ക് നൽകിയ സ്വീകരണമാണ് വേദി. തിരക്കിട്ട പരിപാടിക്കിടെ സ്റ്റേജിൽ ആകെ ഉന്തും തള്ളും.

പെട്ടെന്നാണ് അതു സംഭവിച്ചത് അദ്ധ്യക്ഷനായ ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ എന്തോ പറയാനായായി മൈക്കിനു മുന്നിലേക്ക് ആയുന്നു. പറഞ്ഞു തുടങ്ങും മുമ്പ് അദ്ദേഹത്തെ കഴുത്തിൽ കുത്തിപ്പിടിച്ച് ഒരാൾ പിന്നിലേക്കു തള്ളുന്നു- സതീശന്റെ യാത്രയിലെ അംഗവും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പിൽ എം.പി! 'മറിഞ്ഞുവീണ" പ്രമോദ് തോക്കും തട്ടിപ്പറിച്ച് പുറത്തേക്കു ചാടാതിരുന്നത് ജാഥാ ക്യാപ്ടൻ വി.ഡി. സതീശന്റെ കൈവശം തോക്കില്ലാതിരുന്നതുകൊണ്ടാവാം.

വേദിയിൽ ആകെ കശപിശ. അതിനിടെ, കസേരയിലിരുന്ന ഒരാളുടെ തല ഉയരുന്നതും ഞൊടിയിടയിൽ താഴുന്നതും കാണാം. അത് മുതിർന്ന നേതാവും കെ.പി.സി.സി മുൻ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് ദൃക്സാക്ഷികൾ. അദ്ദേഹത്തെ ബഹളത്തിനിടെ ആരോ തള്ളിവീഴ്ത്തിയതാണെന്നും അതല്ല,​ ഉന്തിനും തള്ളിനുമിടെ മറിഞ്ഞു വീണതാണെന്നും കഥകൾ. തന്നെ ആരും തള്ളിവീഴ്ത്തിയതല്ലെന്നും, സീറ്റിൽ നിന്ന് എഴുന്നേറ്റ താൻ രംഗം പന്തിയല്ലെന്നു കണ്ട് ഉടനെ ഇരുന്നതാണെന്നും മുല്ലപ്പള്ളി. അത് വിശ്വസിക്കാനാണ് വി.ഡി. സതീശനും പറയുന്നത്.

 

അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല. പിണറായി സർക്കാരിനെ വീഴ്ത്തി ഭരണം പിടിക്കാനുള്ള വി.‌ഡി. സതീശന്റെ യാത്ര പുതുയുഗത്തിലായാലും കോൺഗ്രസുകാർ പഠിച്ചതേ പാടൂ. നേതാക്കൾക്കൊപ്പം സ്റ്റേജിൽ തള്ളിയിടിച്ചു കയറിനിൽക്കുക, എങ്ങനെയും ക്യാമറയിൽ മുഖം കാണിക്കുക. അതിനിടെ, പറ്റുമെങ്കിൽ എതിർ ഗ്രൂപ്പുകാരനെ തള്ളിമാറ്റുക. പള്ളയ്ക്ക് മുട്ടു കയറ്റുക... ഇതൊക്കെയാണ് ശീലങ്ങൾ. പക്ഷേ,കുറ്റ്യാടിയിൽ നടന്നത് അതൊന്നുമല്ല. പ്രശ്നം ഷാഫിയെ പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ്. പലരുടെയും ഊഴം കഴിഞ്ഞാണ് വിളിച്ചത്!

കലിപൂണ്ട ഷാഫി മറ്റൊന്നും ചിന്തിച്ചില്ല. അദ്ധ്യക്ഷനെ കഴുത്തിന് കുത്തിപ്പിടിച്ച് തള്ളിമാറ്റി. ക്ഷമയ്ക്കുമില്ലേ അതിര്?ഇവരൊക്കെ ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ഭരണം കിട്ടിയാൽ എന്തായിരിക്കും സ്ഥിതിയെന്നോർത്ത് സഖാക്കൾ ചിരിക്കണ്ട. ഭരണം കിട്ടിയാലും അവർ ശീലം മാറ്റാൻ പോകുന്നില്ല. പിണറായി പങ്കെടുക്കുന്ന വേദിയിലെങ്ങാനും അദ്ദേഹത്തിനടുത്തേക്ക് കടന്നുചെല്ലാൻ ഏതെങ്കിലുമൊരു ലോക്കൽ സഖാവ് ധൈര്യം കാട്ടുമോ? നിവേദനം കൊടുക്കാനായാലും സെൽഫിയെടുക്കാനായാലും 'മാറി നിൽക്ക് " എന്നാവില്ലേ ആക്രോശം?- വെള്ളറടയിലെ സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസുകാരുടെ ചോദ്യം.



വളരുന്തോറും പിളരുകയും, പിളരുന്തോറും വളരുകയും ചെയ്യുമെന്ന് കെ.എം. മാണി പണ്ട് പറഞ്ഞ കേരള കോൺഗ്രസ് വിണ്ടും പിളരുകയാണോ?അതും മാണിക്കുഞ്ഞ് ചെയർമാനായ പാർട്ടി! ആലിപ്പഴം പഴുക്കാൻ കാത്തിരിക്കുന്ന കാക്കയെപ്പോലെ, പിളർപ്പ് കാണാൻ കൊതിച്ച് സതീശനും ചെന്നിത്തലയും മറ്റും വെള്ളമിറക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ആദ്യം ജോസ് കെ. മാണിയുടെ പാർട്ടിയെ ഒന്നടങ്കം എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് കൂടാരത്തിൽ എത്തിക്കാനായിരുന്നു ശ്രമം. അവർ പിണങ്ങി വേർപിരിഞ്ഞതിന്റെ ക്ഷീണം ഇനിയും തീർന്നിട്ടില്ല. വീണ്ടും കൂടെ കൂട്ടിയാൽ അടുത്ത ഭരണം ഉറപ്പ്.

അതിനിടെ, സ്വപ്നത്തിലെ കട്ടുറുമ്പായത് പിണറായി. ജോസിന്റെ പാർട്ടിയിലെ ഏക മന്ത്രി റോഷി അഗസ്റ്റിനെ സഖാവ് വളച്ച് കൈയിലെടുത്തു. യു.ഡി.എഫിലേക്ക് വീണ്ടും ചാടുന്ന കാര്യത്തിൽ 'അറയ്ക്കൽ ബീവിയെ കെട്ടാൻ അര സമ്മതം" എന്ന മട്ടിലായിരുന്നു ജോസ് കെ. മാണി. പക്ഷേ, റോഷി കൂടെയില്ലെങ്കിൽ പാർട്ടി പിളരും. പാർട്ടിയിലെ എത്ര എം.എൽ.എമാർ കൂടെ നിൽക്കുമെന്നും ഉറപ്പില്ല. അതോടെ, യു.ഡി.എഫിലേക്ക് ചാടാനുള്ള മോഹം നാലായി മടക്കി പോക്കറ്റിലിട്ടു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ സതീശനും കൂട്ടരും വെള്ളമിറക്കി കാത്തിരിക്കുമ്പോഴാണ് മാണി പാർട്ടിയിലെ സൗന്ദര്യപ്പിണക്കം!

രാജ്യസഭാംഗമായ താൻ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ വീണ്ടും മത്സരിക്കാനില്ലെന്ന് പത്രക്കാരോട് ജോസ്. പാലായിൽ ജോസ് തന്നെ മത്സരിക്കുമെന്ന് മൈക്ക് പിടിച്ചുവാങ്ങി റോഷി. റോഷിയുടേത് ചോരത്തിളപ്പുകൊണ്ടുള്ള പ്രഖ്യാപനമാണെന്ന് ജോസ്. ജോസും റോഷിയും തമ്മിൽ തെറ്റിയെന്നും, ജോസും കൂട്ടരും യു.ഡി.എഫിലേക്കെന്നും പ്രചാരണം. പാർട്ടി ചെയർമാനല്ലാതെ മറ്റൊരു നേതാവ് മന്ത്രിയായാൽ പാർട്ടി പിളരുന്നതാണ് കേരള കോൺഗ്രസിലെ കീഴ്വഴക്കം. അതു വച്ച് ജോസിനെ മൂപ്പിക്കാൻ നോക്കി. പക്ഷേ, ജോസ് പിടികൊടുക്കാതെ വഴുതിമാറുന്നു. റോഷി പറഞ്ഞത് സദുദ്ദേശ്യത്തോടെയാണെന്ന് ജോസിന്റെ മയപ്പെടുത്തൽ. മോഹങ്ങൾ വീണ്ടും മരവിച്ചു. പക്ഷേ, മനസു മാത്രം മരവിച്ചില്ല. കോൺഗ്രസ് നേതാക്കൾ ഇനിയും പ്രതീക്ഷ കൈ വിട്ടിട്ടില്ല.



വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിന് ഭരണത്തിൽ മൂന്നാമൂഴം കിട്ടുന്നത് വലിയ

അപകടമാവുമെന്നാണ് കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ സച്ചിദാനന്ദന്റെ വെളിപാട്. അഹങ്കാരത്തിനും അഴിമതിക്കും ദുർഭരണത്തിനും,​ എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും തകർച്ചയ്ക്കും വരെ അതിടയാക്കുമെന്നുമാണ് മാഷിന്റെ വാദം. എന്നാൽ, താൻ സി.പി.എം അംഗമല്ലെന്നും, യു.ഡി.എഫിന് തുടർഭരണം ലഭിച്ചാലും ഇതുതന്നെ പറയുമെന്നും മാഷ്. അപ്പോൾ, സച്ചിദാനന്ദൻ ഈ പദവി എങ്ങനെ ഒപ്പിച്ചു?

മൂന്നാമതും ഭരണം കിട്ടിയാൽ എൽ.ഡി.എഫും, പത്തു വർഷം പ്രതിപക്ഷത്തിരുന്നിട്ടും അടുത്ത ഭരണം കിട്ടിയില്ലെങ്കിൽ യു.ഡി.എഫും തകരുമെന്നാണ് വലതുപക്ഷ കൂട്ടാളി പ്രൊഫ.എം.എൻ. കാരശ്ശേരിയുടെ വ്യാഖ്യാനം. ഇടതു സഹയാത്രികരായ അശോകൻ ചരുവിലിനും, മുരുകൻ കാട്ടാക്കടയ്ക്കും അതത്ര ദഹിക്കാത്തത് സ്വാഭാവികം. ഇടതുപക്ഷ സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ഇപ്പോഴും കൈപ്പറ്റുന്ന സച്ചിദാനന്ദൻ കാട്ടുന്നത് തികഞ്ഞ നന്ദികേടെന്നാണ് അവരുടെ പക്ഷം.

ഇടതു തുടർഭരണത്തിനായി യാത്ര നടത്തുന്ന എം.വി.ഗോവിന്ദനാകട്ടെ, സച്ചിദാനന്ദനെ പരസ്യമായി തള്ളിപ്പറയാൻ പറ്റാത്ത ഗതികേടിലും. പക്ഷേ, 'സഖാവ്" സിനിമയിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ പി. കൃഷ്ണപിള്ളയുടെ വേഷമിട്ട നടൻ പ്രേംകുമാറിന്റെ ചോദ്യങ്ങൾക്കു മുന്നിൽ സഖാക്കൾക്ക് ഉത്തരം മുട്ടുന്നു. കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തിരുന്ന തന്നെ സർക്കാർ മാറ്റിയത് ഒരു വാക്ക് പോലും പറയാതെ. അതും, സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനത്തിന്റെ തലേന്ന്. തന്നെ അപമാനിച്ച് ഇറക്കിവിട്ടത് എന്തിനാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങൾ താനുൾപ്പെടെ ചേർന്ന് ഏതാണ്ട് പൂർത്തായാക്കിയ ഘട്ടത്തിലായിരുന്നു അണിയറ നീക്കം.

അതേസമയം, ഇടതു സർക്കാരിന് തുടർഭരണം കിട്ടരുതെന്ന് പരസ്യമായി പറയുന്ന സച്ചിദാനന്ദൻ ഇടതു സർക്കാരിനു കീഴിൽ കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനായി ഇപ്പോഴും തുടരുന്നത് അനീതിയല്ലേ?കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കമ്മ്യൂണിസ്റ്റുകാരനായി തുടരുന്ന പ്രേംകുമാറിന്റെ ചോദ്യം ന്യായം. പ്രേം കുമാറിനുമില്ലേ അന്തസും അഭിമാനവും?​ അതോ,​ അതൊക്കെ വരേണ്യ വർഗത്തിനു മാത്രം അവകാശപ്പെട്ടതാണോ?

നുറുങ്ങ്:

 കേരളത്തിൽ എയിംസ് കൊണ്ടു വരാൻ ഇനിയും സമയമുണ്ടല്ലോ എന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

♦ സമയമായില്ല പോലും!

(വിദുരരുടെ ഫോൺ: 99461 08221)

TAGS: COLUMNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY