SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

സ്‌നേഹത്തള്ളൽ

Increase Font Size Decrease Font Size Print Page
s

തിക്കും തിരക്കും ഉണ്ടാകുമ്പോൾ തട്ടിയും മുട്ടിയും നിൽക്കേണ്ടിവരുന്നത് സ്വാഭാവികം. അതിനിടെ, കൂട്ടുകാരാണെങ്കിൽ ചെവിയിൽ ലോഹ്യം പറഞ്ഞെന്നുമിരിക്കും. കുറ്റ്യാടിയിലെ കോൺഗ്രസ് വേദിയിൽ അതാണ് സംഭവിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ ഷാഫി പറമ്പിൽ എം.പിയും പരിപാടിയിലെ അദ്ധ്യക്ഷനായ ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിലും തമ്മിൽ കശപിശയുണ്ടായെന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. ലൊട്ടുലൊടുക്ക് നേതാക്കളെ വരെ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ തന്നെ വേണ്ടരീതിയിൽ ഗൗനിച്ചില്ലെന്നു പറഞ്ഞ് ഡി.സി.സി സെക്രട്ടറിയെ ഷാഫി കഴുത്തിനു പിടിച്ച് തള്ളിമാറ്റിയെന്നാണ് ആരോപണം. എന്തു ചെയ്യാം. സ്നേഹവും സന്തോഷവും കൊണ്ട് കോൺഗ്രസുകാർക്ക് കെട്ടിപ്പിടിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതായി. ചട്ടിയും കലവും ആയാൽ തട്ടിയും മുട്ടിയുമിരിക്കും എന്ന പഴഞ്ചൊല്ല് പോലും എതിരാളികൾ മറന്നു.

വേദിയിൽ തള്ളലോ, തുള്ളലോ, തമ്മിലടിയോ ഉണ്ടായിട്ടില്ലെന്ന് ഡി.സി.സി നേതൃത്വം വ്യക്തമാക്കിയിട്ടും പിടിവിടുന്നില്ല. കോൺഗ്രസ് പഴയ കോൺഗ്രസ് തന്നെയാണെന്ന് വീഡിയോ ദൃശ്യങ്ങളിലും വ്യക്തമായിട്ടുണ്ട്. ഒരു പ്രസ്ഥാനം മുന്നോട്ടുകുതിക്കുന്നതിന്റെ സ്നേഹപ്രകടനമാണ് കണ്ടത്. വി.ഡി. സതീശൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവൻ എം.പി എന്നിവരേക്കാൾ ഒട്ടും പിന്നിലല്ല ഷാഫി. അഴിമതിയെന്നു കേട്ടാൽ സടകുടഞ്ഞ് എഴുന്നേൽക്കുന്ന സിംഹമാണ് ഷാഫി പറമ്പിൽ എന്ന് അറിയാത്തതായി ആരുമില്ല. തീവ്രവും സംശുദ്ധവുമായ ചില ഇഷ്ടങ്ങളുടെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ മാനസ ഗുരുവായിപ്പോയതിന്റെ പേരിൽ സ്വന്തം പാർട്ടിക്കാരടക്കം മുനവച്ചു സംസാരിച്ചിട്ടും പ്രതികരിക്കാതിരുന്ന ഷാഫിക്ക് കോൺഗ്രസ് വേദിയിലെ ഈ അവഗണന സഹിക്കാനായില്ല എന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും സത്യം അതല്ല.


തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ കോൺഗ്രസുകാരുടെ പതിവ് കലാപരിപാടി വേണമായിരുന്നോ പഹയാ എന്നു ചില ചങ്ങാതിമാർ ചോദിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്. പുതുയുഗ യാത്രയിലെ തിക്കും തിരക്കും ആശയങ്ങളോടുള്ള ജനങ്ങളുടെ ആകർഷണമാണ്. ശർക്കര കണ്ടാൽ ഈച്ചകൾ ആകർഷിക്കപ്പെടുന്നതു പോലുള്ള പ്രതിഭാസം. കോൺഗ്രസുകാർ ആർത്തിരമ്പിയപ്പോൾ, ലീഡർ സതീശൻജിക്ക് പ്രസംഗിക്കാൻ അവസരമൊരുക്കുകയാണ് ചെയ്തത്. തുടർന്ന് പ്രസംഗിക്കാൻ പ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും, ലോക്കൽ നേതാക്കൾക്ക് അവസരം നൽകാൻ ഷാഫിജി നിർദ്ദേശിക്കുകയായിരുന്നു. അത് പറ്റില്ലെന്നു പറഞ്ഞ് ഡി.സി.സി സെക്രട്ടറി പ്രസംഗിക്കാനായി ക്ഷണിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു- 'അല്ലയോ സെക്രട്ടറി, മഹാത്മജി പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിന്റെ പൊതുയോഗത്തിൽ ചെറുപ്പക്കാർക്കല്ലേ അവസരം നൽകേണ്ടത്." ഇല്ല, അങ്ങ് പ്രസംഗിച്ചേ പറ്റൂ എന്നു പറഞ്ഞ് സെക്രട്ടറി അനൗൺസ്‌മെന്റിനായി മൈക്കിനടുത്തേക്കു നീങ്ങിയപ്പോൾ, 'വിടില്ല ഞാൻ" എന്നു പറഞ്ഞു കടന്നു പിടിക്കുകയായിരുന്നു. തോളിൽ കൈയിട്ട് ചെവിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ കാഴ്ചക്കാർ തെറ്റിദ്ധരിച്ചത് സ്വാഭാവികം. അതിന്റെ പേരിൽ ഇങ്ങനെ കഥകൾ പറഞ്ഞുപരത്തുന്നത് ശരിയല്ല. എന്താണ് ഈ കുട്ടികൾ ഇങ്ങനെ തുടങ്ങുന്നത്. ഷാഫി നടത്തിയത് 'സ്‌നേഹത്തള്ളൽ" ആണെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പ്രഖ്യാപിച്ചതോടെ വിവാദങ്ങൾ വെറും 'ഹൈഡ്രജൻ ബോംബ് " ആയി.


സച്ചിമാഷിന്റെ

വെളിപാടുകൾ

സംഘികളും സഖാക്കളും ഒരേ തൂവൽ പക്ഷികളാണെന്ന് കോൺഗ്രസുകാർ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ഒടുവിൽ ആ സത്യം കവിയും സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ കണ്ടെത്തി. സംഗതി വളരെ ശരിയാണ്. ഇടതുപക്ഷം വലത് ട്രാക്കിലൂടെ സഞ്ചരിക്കുന്നു എന്നാണ് കണ്ടെത്തൽ. ട്രാക്ക് മാറിയുള്ള മാഷിന്റെ നിലപാടിൽ ഞെട്ടിയിരിക്കുകയാണ് സഖാക്കൾ. ഒരു കഥാസമാഹാരവും, കവിതാ സമാഹാരവും ഉടൻ പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ച അദ്ദേഹം, ചെറിയൊരു 'വാൽപ്രയോഗം കൂടി നടത്തി-കൊല ചെയ്യപ്പെട്ടില്ല എങ്കിൽ..." അത് ലേശം സ്‌ട്രോംഗ് ആയിപ്പോയെന്നു തോന്നിയപ്പോൾ 'അതിജീവിച്ചാൽ" എന്നു തിരുത്തി. സച്ചി മാഷിന് യാത്രകൾ ഇഷ്ടമാണെങ്കിലും ഇന്നോവയിലുള്ള യാത്രയിൽ തീരെ താത്പര്യമില്ല. മുൻകരുതൽ എപ്പോഴും നല്ലതാണ്. കുലംകുത്തി, മൂരാച്ചി എന്നു തുടങ്ങി വിപ്ലവവീര്യമുള്ള ഒട്ടേറെ പ്രതികരണങ്ങൾ ഇതിനെതിരെ ഉയർന്നു തുടങ്ങി. ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന മുന്നറിയിപ്പും കിട്ടിയിട്ടുണ്ട്.

തെക്കൻമാരേ

കടക്ക് പുറത്ത്...

മീനുകളും മീൻകറികളും പോലെ മനുഷ്യരും പലതരത്തിലാണ്. ചിലർക്ക് ചിലതിനോട് ഇഷ്ടം തോന്നും. വളരെ ബുദ്ധിമാന്മാരും സുന്ദരന്മാരും വൃത്തിയുള്ളവരുമായ മലയാളികൾ വടക്കേ ഇന്ത്യയിലെത്തിയാൽ വെറും മദ്രാസികളാണ്. മേൽപ്പറഞ്ഞതൊന്നും ഇല്ലാത്ത വടക്കന്മാരുടെ മനോഭാവം ഇതാണ്. ഗൾഫിലെത്തിയാൽ മലബാറി എന്നാണ് വിളിപ്പേര്. പാക്കിസ്ഥാനികളടക്കം അങ്ങനെ വിളിക്കുന്നത് ഇഷ്ടംകൊണ്ടാണെന്ന് കരുതാം. ഗൾഫിലെ ബാച്ച്‌ലേഴ്‌സ് ഫ്ലാറ്റുകളിൽ പൊതുവേ തെക്കൻമാർക്ക് ബെഡ് സ്‌പേസ് കിട്ടാൻ പാടാണ്. കേരളത്തിലെ വടക്കന്മാരായ കാസർകോട്ടുകാരടക്കം 'തെക്കുനോക്കി" യന്ത്രങ്ങളാകുന്നു. അതുകൊണ്ട് മല്ലൂസിനെ മദ്രാസി എന്നു വിളിക്കുന്ന,​ ഇന്ത്യാമഹാരാജ്യത്തെ വടക്കൻമാരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല.
മീനുകളുടെ കാര്യവും അങ്ങനെതന്നെ. തെക്കൻമാരുടെ പ്രിയപ്പെട്ട ചൂര മദ്ധ്യതിരുവിതാംകൂറിലും മലബാറിലും വെറും അധഃകൃതൻ. കുട്ടനാടൻ കരിമീന് വടക്കോട്ടുള്ള വിളിപ്പേര് കേട്ടാൽ ചോറിനു മുന്നിൽനിന്ന് എഴുന്നേറ്റ് ഓടും. വേളാപ്പാര, ഏട്ട, നങ്ക്, തിരണ്ടി തുടങ്ങിയവയ്ക്കും സ്ഥലംമാറുന്നതിനനുസരിച്ച് ഗ്ലാമറിൽ ഏറ്റക്കുറച്ചിലുണ്ട്. സി.പി.എം നേതാവും മുൻ മുഖ്യമന്ത്രി വി.എസിന്റെ ഗ്രൂപ്പുകാരനുമായ ആനത്തലവട്ടം ആനന്ദന്റെ വീട്ടിലെത്തിയ പിണറായി വിജയൻ ചൂരക്കറി കണ്ട് എഴുന്നേറ്റ് ഓടിയത്രേ. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കെ നടന്ന സംഭവമാണെങ്കിലും സി.പി.ഐ നേതാവ് സി. ദിവാകരൻ ഇപ്പോഴാണ് സംഗതി കണ്ടുപിടിച്ചത്. മീൻ കഷണത്തിൽ ഞെക്കിനോക്കിയപ്പോൾ അയക്കൂറയല്ലെന്ന് മനസിലായ പിണറായി ഊണ് ബഹിഷ്‌കരിച്ചെന്നാണ് വെളിപ്പെടുത്തൽ. എ ക്ലാസ് മീൻ കഴിക്കുന്ന അദ്ദേഹം തറക്ലാസുകാരനായ ചൂരയോട് 'കടക്ക് പുറത്ത്" എന്നു പറഞ്ഞെന്നു ചുരുക്കം. ദിവാകരൻ വെറുതേ ദിവാസ്വപ്‌നം കാണുകയാണെന്നും ആ പൂതി നടപ്പില്ലെന്നും ശിവൻകുട്ടി സഖാവ് വ്യക്തമാക്കി. വരുംദിവസങ്ങളിൽ കൂടുതൽ മീൻകഥകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസുകാർ. ഉളുമ്പുനാറ്റമുള്ള ചില കോൺഗ്രസ് മീൻകഥകൾ തപ്പിയെടുക്കാനുള്ള തത്രപ്പാടിലാണ് സഖാക്കൾ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY