SignIn
Kerala Kaumudi Online
Wednesday, 18 February 2026 1.59 PM IST

ചാരം സാക്ഷി

Increase Font Size Decrease Font Size Print Page
s

റെയിൽവേ പാർക്കിംഗിൽ വാഹനങ്ങൾ കത്തിനശിച്ചാൽ ആർക്കാണ് ഉത്തരവാദിത്വം. ആർക്കുമില്ല. ഉടമയ്ക്കു മാത്രം. ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് ഇൻഷ്വറൻസ് കിട്ടിയാൽ കിട്ടി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലെ തീപിടിത്തമുണ്ടായ സംഭവത്തിൽ നിന്ന് വ്യക്തമാകുന്നത് ഇതാണ്. മുന്നൂറോളം ഇരുചക്രവാഹനങ്ങൾ കത്തിയമർന്നിട്ട് ഏതാണ്ട് ഒന്നരമാസം പിന്നിട്ടിട്ടും നഷ്ടപരിഹാരമായിട്ടില്ല. ആർക്കും ഉത്തരവാദിത്വമില്ല. എങ്ങനെ തീ പിടിച്ചുവെന്ന് യാതൊരു പിടിയും പൊലീസിനും റെയിൽവേയ്ക്കുമില്ല. നഷ്ടം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടിപ്പായുന്ന സാധാരണക്കാരായ വാഹന ഉടമകൾക്കു മാത്രം. എന്തുതന്നെയായാലും നഷ്ടപരിഹാരത്തിൽ ഉറപ്പ് ലഭിക്കാതെ വാഹനങ്ങൾ മാറ്റില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വാഹന ഉടമകൾ.
റെയിൽവേയുടെ പൂർണ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ള പാർക്കിംഗ് ഏരിയയിൽ സുരക്ഷാവീഴ്ച്ച മൂലം ജനുവരി നാലിനുണ്ടായ തീപിടുത്തത്തിൽ കത്തിനശിച്ച വാഹനങ്ങൾക്ക് ആര്, എന്ന് നഷ്ട പരിഹാരം നൽകുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കാതെ, കത്തിനശിച്ച വാഹനങ്ങൾ പാർക്കിംഗ് ഏരിയയിൽ നിന്നും മാറ്റേണ്ടതില്ലെന്ന് ഉടമകളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ കത്തിനശിച്ച കൂടുതൽപേരും തുച്ഛവേതനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്. കൂടുതൽ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷ്വറൻസ് മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇൻഷ്വറൻസ് തുക ലഭിക്കില്ല. നഷ്ടപരിഹാരം ആര് നൽകുമെന്നോ എന്ന് നൽകുമെന്നോ എത്ര നൽകുമെന്നോ കൃത്യമായ സൂചന ആരും നൽകിയിട്ടില്ല.

കുറ്റക്കാർ ആര്?

സംഭവത്തിൽ റെയിൽവേയും കരാറുകാരും പ്രതിക്കൂട്ടിലാണെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. എവിടെ നിന്നാണ് തീയുണ്ടായതെന്ന് വ്യക്തമാകുന്ന സി.സി.ടി.വി.ദൃശ്യങ്ങളും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കരാറുകാരന്റെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ കരാറുകാരനിൽ നിന്നും റെയിൽവേക്ക് നഷ്ടപരിഹാരം ഈടാക്കാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമാണ് വീഴ്ച്ച ഉണ്ടായിട്ടുള്ളതെങ്കിൽ അവർക്കെതിരെയും നടപടികൾ ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. തീപിടിത്തവുമായി ബന്ധപ്പെട്ട് കത്തിനശിച്ച വാഹനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ കഴിഞ്ഞ മാസം കർശന നിർദ്ദേശം നൽകിയിരുന്നു. വേനൽക്കാലത്തെ തീപിടിത്തങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ ചെയർപേഴ്‌സൺ കൂടിയായ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. പക്ഷേ, നടപടികൾ എങ്ങുമെത്തിയില്ല.

വാഹനങ്ങൾ മാറ്റണമെന്ന് കരാറുകാരൻ

കത്തിനശിച്ച വാഹനങ്ങൾ എടുത്തു മാറ്റാൻ കരാറുകാരൻ വാഹന ഉടമകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനത്തിൽ എത്തിച്ചേരുവാൻ നിർബന്ധിതരായതെന്ന് വാഹന ഉടമകൾ പറഞ്ഞു. വാഹനങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ടു വീലർ യൂസേഴ്സ് അസോസിയേഷൻ നേരിട്ടും, ഇ-മെയിൽ വഴിയും റെയിൽവേ അധികാരികൾക്ക് നൽകിയ നിരവധി നിവേദനങ്ങൾക്ക് മറുപടി നൽകാനോ, നഷ്ടപരിഹാരത്തിൽ തീരുമാനം അറിയിക്കുവാനോ റെയിൽവേ തയ്യാറായിട്ടില്ല. അസോസിയേഷൻ ഭാരവാഹികൾ റെയിൽവേ മാനേജർക്ക് നിവേദനം നൽകിയിരുന്നു. പി.കെ. സത്യൻ, മുഹമ്മദ്‌ ഫൈസ്, ജോണി പുല്ലോക്കാരൻ, ശ്രീദേവി എം. നായർ, സജി ആറ്റത്ര, ഡോ. സൂരജ്, എ.ജെ. മാത്യു, കെ.സി.പ്രതീഷ്, കെ.എസ്. മിനി, റോബർട്ട്‌ രാജ്, രാജേഷ് കുമാർ, കെ.വി. സജീവൻ എന്നിവർ വാഹന ഉടമകളുടെ യോഗത്തിൽ പങ്കെടുത്തു. നഷ്ടപരിഹാരം നൽകാനും കുറ്റക്കാരെ ശിക്ഷിക്കാനും അടിയന്തരനടപടിയുണ്ടാകണമെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ പറയുന്നത്.

ഇപ്പോഴും സുരക്ഷയില്ല

ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നായിരുന്നു സംഭവത്തിന്റെ പിറ്റേദിവസം റെയിൽവേ അധികൃതർ പറഞ്ഞത്. പാർക്കിംഗ് കരാർ നൽകുമ്പോൾ ഇവിടെ നിറുത്തിയിടുന്ന ബൈക്കുകളുടെ സുരക്ഷ കൂടി ഉറപ്പാക്കണമെന്ന് കരാറുകാരോട് നിർദ്ദേശിച്ചിരുന്നു. പടിഞ്ഞാറ് ഭാഗത്തെ റെയിൽവേയുടെ അംഗീകൃത പാർക്കിംഗ് സ്ഥലത്ത് 480 - 500 ഇരുചക്ര വാഹനങ്ങൾ നിറുത്തിയിടാനുള്ള സൗകര്യമാണുള്ളത്. കത്തിയമർന്ന ബൈക്കുകളുടെ വിവര ശേഖരണത്തിനും മറ്റുമായി പ്രത്യേക സംവിധാനം റെയിൽവേയും വെസ്റ്റ് പൊലീസും ഏർപ്പെടുത്തിയിരുന്നു. വാഹനം നിറുത്തിയിട്ടതിന്റെ പാസും രേഖകളുമായി വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഭൂരിഭാഗം ഉടമകളും എത്തിയിരുന്നു. തൃ​ശൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലെ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ൽ​ ​ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ ​സൗ​ക​ര്യ​ങ്ങ​ളെ​ ​കു​റി​ച്ച് ​ഏഴു​ ​മാ​സം​ ​മു​ൻ​പ് ​രേ​ഖാ​മൂ​ലം​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​റെ​യി​ൽ​വേ​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ല്ലെ​ന്ന് ​പ​രാ​തിയുണ്ടായിരുന്നു.​ ​റെ​യി​ൽ​വേ​യു​ടെ​യും​ ​പാ​ർ​ക്കിം​ഗ് ​ക​രാ​റു​കാ​ര​ന്റെ​യും​ ​അ​നാ​സ്ഥ​യാ​ണ് ​തീ​പ്പി​ടുത്ത​ത്തി​ന് ​കാ​ര​ണ​മെ​ന്നാണ് ​ടു​ ​വീ​ല​ർ​ ​യൂ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ തുടക്കം മുതൽക്കേ ​ആ​രോ​പി​ച്ചത്.​ ​റെ​യി​ൽ​വേ​ ​ഇ​ല​ക്ട്രി​ക് ​ലൈ​നി​ൽ​ ​നി​ന്നും​ ​പാ​ലി​ക്കേ​ണ്ട​ ​അ​ക​ലം​ ​ഷെ​ഡി​ന് ​ഉ​ണ്ടാ​യി​രു​ന്നി​ല്ല. സംഭവത്തിനു ശേഷവും റെയിൽവേയുടെ പാർക്കിംഗ് ഏരിയകളിൽ മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വേനൽക്കാലത്ത് തീപിടിത്തങ്ങൾ വ്യാപകമായിരിക്കെ, നിറഞ്ഞ പെട്രോൾ ടാങ്കുകളുമായി നൂറുകണക്കിന് ബെെക്കുൾ ഇടുങ്ങിയ സ്ഥലങ്ങളിൽ നിറുത്തിയിടുമ്പോൾ അപകടസാദ്ധ്യത ഏറെയാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.