
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അവധാനതയോടെ പരിശോധിച്ചും ചർച്ചചെയ്തും സർക്കാർ നിലപാട് രൂപപ്പെടുത്തുമെന്ന് നിയമ മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലപാട് കോടതിയെ അറിയിക്കാൻ സമയമുണ്ട്. അതേസമയം വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ നിൽക്കുന്നവരാണ് തങ്ങളെന്നും ഏതു വിശ്വാസമായാലും അതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വിശാലമായ ഭരണഘടനാ ബഞ്ചാണ് റിവ്യൂഹർജി കേൾക്കുന്നത്. വിശ്വാസത്തിന്റെയും തുല്യതയുടെയും മൗലികാവകാശം എങ്ങനെ വ്യാഖ്യാനിക്കാം, പൊതു താത്പര്യഹർജികൾക്ക് ഇത്തരം കാര്യങ്ങളിൽ പ്രസക്തിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക. അല്ലാതെ ഗവൺമെന്റ് യെസ് ഓർ നോ എന്നു മറുപടി നൽകേണ്ട വിഷയമല്ല . സങ്കീർണ്ണമായ ഭരണഘടനാ പ്രശ്നങ്ങളാണ് കോടതി പരിശോധിക്കാൻ പോകുന്നത്.
സംസ്ഥാന സർക്കാർ പിന്തുണച്ചതുകൊണ്ടല്ല സുപ്രീംകോടതി വിധി വന്നത്. അന്ന് സർക്കാർ കൊടുത്ത സത്യവാങ്മൂലത്തിൽ നാലാമതായി പറയുന്നൊരു ക്യാര്യമുണ്ട്. ആചാരവും ദീർഘകാലമായി തുടർന്നുവരുന്ന പാരമ്പര്യവുമായതുകൊണ്ട് ഹിന്ദുമത ആചാരവുമായി ബന്ധപ്പെട്ട് ആഴത്തിൽ പാണ്ഡിത്യമുള്ള വ്യക്തികളുമായും അഴിമതിക്കാരല്ലാത്ത സാമൂഹിക പരിഷ്കർത്താക്കളും ഉൾപ്പെടുന്ന കമ്മിഷനെ കോടതി നിയോഗിക്കുകയും അവരുടെ അഭിപ്രായം പരിഗണിക്കുകയും വേണമെന്നാണ് സുപ്രീം കോടതിയെ അറിയിച്ചത്. പക്ഷെ, കോടതി അതല്ലല്ലോ എടുത്തത്. സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി പറഞ്ഞ സുപ്രീംകോടതി തന്നെയാണ് പുനഃപരിശോധിക്കാനും തീരുമാനിച്ചത്.
ഇപ്പോൾ മുന്നിലുള്ളത് പുനഃപരിശോധനയാണ്. സുവർണ്ണാവസരം കിട്ടും എന്നുകരുതി ആരും തിടുക്കപ്പെടേണ്ട. ഞങ്ങൾ വിശ്വാസി സമൂഹത്തിന്റെ താത്പര്യങ്ങളും അതേപോലെ സാമൂഹികപരിഷ്കരണ സമൂഹത്തിന്റെ താത്പര്യങ്ങളും ബാലൻസ് ചെയ്താണ് സത്യവാങ്മൂലം കൊടുത്തത്. സുപ്രീം കോടതി ഉത്തരവ് വന്നപ്പോൾ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം സ്വാഗതം ചെയ്തു.ബി.ജെ.പിയും സ്വാഗതം ചെയ്തു.ഇതൊന്നും മറന്നുപോവരുത്. എന്നാൽ, എൻ.എസ്.എസിന് തുടക്കം മുതൽ ഒരു നിലപാടായിരുന്നു. അത് നമ്മൾ കാണണം. സുപ്രീം കോടതി റിവ്യൂ ചെയ്യാൻ തീരുമാനിച്ച സ്ഥിതിക്ക് റിവ്യൂ വരട്ടെ. സുപ്രീം കോടതി കുറച്ച് സമയം തന്നിട്ടുണ്ടല്ലോ. ആ സമയം മാദ്ധ്യമങ്ങളും തരണമെന്ന് രാജീവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |